2009, മാർച്ച് 30, തിങ്കളാഴ്‌ച

കല്ലായി പുഴയുടെ തീരങ്ങളില്‍ (കഥ )


ചെഞ്ചായം വീശുന്ന അസ്തമയ സൂര്യന്റെ വര്‍ണ്ണ ശോഭയില്‍ ഇള്ളം തെന്നലേറ്റ്‌, കളകളാരവം മുഴക്കി കല്ലായി പുഴ ഒഴുകുന്നു .......
കല്ലായി പുഴയുടെ ഓരം പറ്റി ഒരു കടവ് .... അക്കരെക്കു പോകാന്‍ കടത്തു വള്ളം ആളുകളെയും കയറ്റി തയ്യാറായിട്ടിരിക്കുന്നു .

' കൂയ് ' ........

' ഇനി ആരെങ്കിലുമുണ്ടോ അക്കരേയ്ക്ക് വരുന്നോര് '....
കടത്ത് വള്ളക്കാരന്‍ ഹൈദ്രോസ്ക്ക കരയിലേക്ക് ..... നീട്ടി വിളിച്ചു കൊണ്ട് ചോദിച്ചു .

' ഉണ്ടേയ് ' ....................

വള്ളത്തിലിരുന്ന എല്ലാവരും ആ ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി .
അത് അവളായിരുന്നു ' റസിയ ' പതിനേഴു ക്കാരി പെണ്ണ് മര കച്ചവടക്കാരന്‍ സുലൈമാനിക്കാന്‍റെ മോള് .

'' വെളുത്തു മെലിഞ്ഞ് സുന്ദരിയായ അവളെ കണ്ടാല്‍ ആരും ഒന്ന് നോക്കി പോകും . ആയിരം പൂര്‍ണ ചന്ദ്രന്‍റെ നിലാവൊത്ത മൊഞ്ചത്തി പെണ്ണ് ........ ;ചുവന്ന താമര പോലുള്ള ചുണ്ടുകള്‍ ; കണ്‍മഷി എഴുതിയ അഴകുള്ള കണ്പീലികള്‍ ; സ്വര്‍ഗ്ഗത്തില്‍ നിന്നും വന്ന ഹൂറി (സ്വര്‍ഗ്ഗറാണി) ആണെന്ന് തോന്നും വിതം മൊഞ്ചുള്ള പെണ്ണ് ''

അവളുടെ കൈകളില്‍ കിടന്ന കുപ്പി വളകളുടെ കിലുക്കം അടുത്ത്‌ വരുന്തോറും മുഴങ്ങി കേള്‍ക്കുന്നുണ്ടായിരുന്നു .

കണങ്കാല്‍ കാണും വിധം പാവാട തെറുത്ത് മടിയില്‍ കുത്തിവെച്ച് കസവുതട്ടം മുടിപ്പിന്‍ വെച്ച് ഊര്‍ന്നുപോവാത്തവിധം തലയിലിട്ട് കുപ്പിവളകള്‍ കിലുക്കി ഓടി കിതച്ചു കൊണ്ട് അവള്‍ വള്ളത്തിന്‍റെ അരികിലെത്തി .

റസിയ വള്ളത്തില്‍ കയറിയ ഉടന്‍ വള്ളക്കാരന്‍ ഹൈദ്രോസ് കരയില്‍ ഇറങ്ങി കെട്ടിയ വള്ളത്തിന്റെ കയറു അഴിച്ചു മാറ്റി തിരിച്ചു വന്നു വള്ളത്തില്‍ കയറി അക്കരെ ലഷ്യം വെച്ച് തുഴയാന്‍ തുടങ്ങി .....

' ഹൈദ്രോസ് ക്കാക്ക് എന്താ ഇത്ര തിരക്ക് ' .... ആള് വരുന്നതു കണ്ടൂടെ ....

' കണ്ടു . അതോണ്ടല്ലേ വള്ളം നിര്‍ത്തിയെ ' ....

' ഇങ്ങള് എന്നേം കൂട്ടാണ്ട് പോവണ്ട പരിപാടിയായിരുന്നു ... ഞാനാര് മോള് ... അങ്ങനെ വിടൂല '...

' ഹോ പിന്നെ ... നീയാരാ കുവൈത്ത് ഷെയ്ക്കിന്റെ മോളോ ???? '

' ഒരൊറ്റ കുത്തങ്ങു വെച്ചേരും ഇങ്ങക്ക് തമാശാക്കല് കുറച്ചു കൂടുതലാ ....'

' കുത്താന്‍ ഇന്ഞിങ്ങു പോര് ... അള്ളോ ... ഇവളുടെ നാക്ക് കണ്ടാ ..'

'പ്രായപൂര്‍ത്തിയായി വലിയ പെണ്ണായി ... എന്നിട്ടും കുട്ടികളി മാറിയില്ല .. നിന്‍റെ കൂട പഠിച്ച ബീരാനിക്കാന്റെ മോള് ഫാസില നിക്കാഹും കഴിഞ്ഞു രണ്ടു പെറ്റു . ഇങ്ങനെ പോയാല്‍ നിന്നെ ആരാ കെട്ടാന്‍ വരുന്നേ ??? .. ' ... വള്ളത്തിലിരുന്ന വടക്കേതിലെ നാണി അമ്മ പറഞ്ഞു .

' അയിന് ഞാനെന്തു വേണം ഓളോട് പെറാന്‍ ഞാന്‍ പറഞ്ഞില്ലല്ലോ ... നാണി അമ്മേ '

' എന്നെ കെട്ടാന്‍ വരും ബദറുല്‍ മുനീറിനെ പോലെ മൊഞ്ചുള്ള ഒരു സുല്‍ത്താന്‍ നിങ്ങള് നോക്കിക്കൊളിന്‍ '

അവരുടെ വര്‍ത്തമാനങ്ങള്‍ കേട്ട് വള്ളത്തിലിരുന്ന എല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു .... ' ഒരാള്‍ ഒഴിച്ച് ' .....

വള്ളത്തിന്‍റെ ഓരം പറ്റി ഇരിക്കുന്ന ച്ചുരുള മുടിയുള്ള സുന്ദരനായ ചെറുപ്പക്കാരന്‍ ,,, കയ്യില്‍ ഒരു മാസിക ഉണ്ട് അവന്‍റെ ശ്രദ്ധ മുഴുവന്‍ അതില്‍ ആയിരുന്നു ...

അവന്‍റെ പേര് ആണ് ഷെമീര്‍ .... വടകര താഴെ അങ്ങാടി സ്വദേശിയാണ് പുതിയ ആളാണ്‌ മര പണിക്കു വേണ്ടി വന്നതാണ് കല്ലായിയില്‍.

' അല്ല ഹൈദ്രോസ്സുക്കാ .... ഇമ്മളെ തോണീല് പുതിയൊരു ചങ്ങായീനെ കാണുന്നുണ്ടല്ലോ ഇത് ആരാ ...
ഇവിടെള്ളോരെല്ലാം ചിരിക്കാണ് ഇയാള്‍ക്ക് എന്താ ചിരിയൊന്നും വരൂലേ ... അയാളും ... അയാളെ ഒരു മാസികേം ...... '
ചെറുപ്പക്കാരന്‍ കേള്‍ക്കെ ഉച്ചത്തിലാണ് അവള്‍ അത് ചോദിച്ചത് .

' അത് ഷെമീര്‍ ... വടകരക്കാരനാണ് ഒരു ആശാരി പയ്യന്‍ .... ഇവിടെ വന്നിട്ട് ഒരു മാസമേ ആയുള്ളൂ ...'

' ഇടയ്ക്കു ഇതില് കയറാറുണ്ട് അപ്പോള്‍ ഇജ്ജു ഉണ്ടാവില്ല അതാ മുമ്പ്‌ കാണാഞ്ഞേ ... '

' ഹോ ... ഹോയ് ... ഇങ്ങക്ക് ചെവി കേള്‍ക്കൂലെ മാഷേ ... ഇങ്ങള് മിണ്ടൂലെ ... ' ഷെമീറിന്‍റെ മുന്നില്‍ കൈ നീട്ടി ചലിപ്പിച്ചു കൊണ്ട് കൊണ്ട് അവള്‍ ചോദിച്ചു

' എന്താ നെനെക്ക് വേണ്ടേ .... ??? ' ചെറുപ്പക്കാരന്‍ ദേഷ്യപ്പെട്ടു ചോദിച്ചു.

'ഞാന്‍ പരിജയമില്ലാത്തോലോട് മിണ്ടലില്ല ... നീ എവിടുന്നാ ഇപ്പൊ പൊട്ടി ഇറങ്ങി വീണേ .... എനിക്ക് നിന്നെ അറിയില്ല നീ ആരാ ???? ... '

' ഞാന്‍ ആരാന്നോ ... ഞാന് റസിയ പതിനേഴു ക്കാരി പെണ്ണ് , മര കച്ചവടക്കാരന്‍ സുലൈമാനിക്കാന്‍റെ മോള് ഇത്രെയും മതിയോ ..... ഡീട്ടെയില്സ്സ് .... '

' ഇന്ഞു ഏത് ഷെയ്ക്കിന്റെ മോളായാലും എനിക്കെന്താ ... നിന്‍റെ വയസ്സെല്ലാം എന്തിനാ എന്നോട് പറയണെ ...
ഞാന്‍ നിന്നെ നിക്കാഹ് കഴിക്കാന്‍ ഒന്നും പോണില്ല .... പൂതിയും വേണ്ടാ ....'

' ഹ ഹ ഹ ഹൈദ്രോസ്സ്‌ക്ക ഈ ചങ്ങായി പറഞ്ഞത് കേട്ടോ ഇങ്ങള് .... ഞാന്‍ ഇയാളെ കെട്ടാന്‍ പോണൂ പോലും ... കെട്ടാന്‍ പറ്റിയ പുയാപ്ല ... ആശാരി ചെക്കാ എന്നെ കെട്ടാന്‍ പയിശയുള്ള ഗള്‍ഫുക്കാര് വരും .... ഇങ്ങള് ഇങ്ങളെ പാട് നോക്കി പോയിക്കോളിന്‍ അതാ ഇങ്ങക്ക് നല്ലത് '.....

'നിന്നെ കേട്ടുന്നോന്‍ കുടുങ്ങി '

' മോനെ ഷെമീറെ നീ ഇവളോട്‌ സംസാരിക്കാന്‍ നിക്കണ്ട .... നാടന്‍ ചീരാ പറങ്കി മുളകിന്‍റെ പോലുള്ള നാക്കാ ഇവളുടെത്‌ ...

ഹൈദ്രോസ്സ്ക്ക ഷെമീറിനോട് പറഞ്ഞു .

ഷെമീര്‍ അവളോട്‌ പിന്നെ ഒന്നും മിണ്ടാന്‍ പോയില്ല ...... അവന്‍ പതുക്കെ വീണ്ടും ആ മാസിക എടുത്തു വായിക്കാന്‍ തുടങ്ങി ........ . റസിയ ആവട്ടെ വള്ളത്തിലുള്ള മറ്റുള്ളവരോട് ....... വാ ത്തോരാതെ സംസാരിക്കുകയും ചെയ്യുന്നു ...

ഇടയ്ക്കു അവന്‍ എന്തെങ്കിലും പറയാന്‍ വേണ്ടി ..... കുത്ത് വാക്കുകള്‍ പറയുമെങ്കിലും അവന്‍ അതൊന്നും ശ്രദ്ധിച്ചതേയില്ല .

പക്ഷെ അവള്‍ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ... അവന്‍റെ പക്വതയാര്‍ന്ന ആ സ്വഭാവവും ... അവന്‍റെ ആ മൌനവും അവളെ അവനിലേക്ക്‌ ആകര്‍ഷിച്ചു .

പ്രണയത്തിന്‍റെ പരിമളം വീശികൊണ്ട് തെക്ക് നിന്നും ഒരു കുളിര്‍ക്കാറ്റ് അവളെ തഴുകി കൊണ്ടു വീശിയകന്നു ........... ഒട്ടേറെ പ്രണയങ്ങള്‍ , കവിതകള്‍ , ഗാനങ്ങള്‍ ,സിനിമകള്‍ സംഭാവന നല്‍കിയ കല്ലായി പുഴയുടെ ഓളങ്ങള്‍, ഇളം വെയിലില്‍ പ്രണയത്തിന്‍റെ പുതു പുത്തന്‍ വര്‍ണ്ണ ചിത്രങ്ങള്‍ വരച്ചു കൊണ്ടിരുന്നു
........

ഇപ്പോള്‍ റസിയയുടെ കണ്ണുകള്‍ ഷെമീറിന്‍റെ മുഖത്താണ് ... അവള്‍ ഇപ്പോള്‍ അവനെ ആസ്വദിക്കുകയായിരുന്നു ...

കടത്ത് വള്ളം കരയെ ലകഷ്യമാക്കി നീങ്ങി കൊണ്ടിരുന്നു ..... കര അടുക്കാറായി ...

മാസിക വായിച്ചു കൊണ്ടിരുന്ന ഷെമീര്‍ വായന നിര്‍ത്തി ..... നോക്കുമ്പോള്‍ തന്നെ മാത്രം നോക്കി നില്‍ക്കുന്ന റസിയയെ കണ്ടു .

അത് കണ്ടതും എളിഭ്യതയോടെ പുഞ്ചിരി തൂകി അവള്‍ നോട്ടം പിന്‍ വലിച്ചു .....

ആള്‍ക്കാരെയും വഹിച്ചു കൊണ്ടു വള്ളം കരയ്ക്ക്‌ അടുത്ത്‌ എത്തി .

വള്ളക്കാരന്‍ ഹൈദ്രോസ്സ് ക്ക പതിയെ വള്ളത്തില്‍ നിന്നിറങ്ങി വള്ളം കരയോട് അടുപ്പിച്ചു നിര്‍ത്തി .കയറെടുത്തു .... കരയിലോട്ടു കെട്ടി .

വള്ളത്തിലുള്ളവരെല്ലാം അവിടെ ഇറങ്ങി .

' ഹൈദ്രോസ്സ്‌ക്ക ... ഞാന്‍ പോവ്വാണ് ... ഇങ്ങള് ഇനിയെങ്ങാനും എന്നെ കൂട്ടാണ്ട് പോവാന്‍ നോക്കിയാല്‍ ഇങ്ങളെ ഞാന്‍ ആളെ വിട്ടു തല്ലിക്കും ..... '

' ഇന്ഞിങു .... പോര് തല്ലാന്‍ .... നെന്റെ ബാപ്പാനെ ഞാന്‍ കാണട്ടെ ... എല്ലാം ഞാന്‍ പറഞ്ഞു കൊടുക്കുന്നുണ്ട് .
നിന്നെ പെട്ടെന്ന് കെട്ടിച്ചു വിടാനും പറയുന്നുണ്ട് .... '

ഹോ പിന്നെ ഇങ്ങള് പറഞ്ഞിട്ട് എന്‍റെ നിക്കാഹ് നടന്നത് തന്നെ .... ഇത്‌ പറഞ്ഞോണ്ട് അവള്‍ നടന്നു നീങ്ങി ...

നടന്നു പോകുമ്പോള്‍ അവള്‍ ഷെമീറിനെ കണ്ടു .

എല്ലാ ദിവസവും കടവില്‍ വരാറുണ്ടോ ????
അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ടു ചോദിച്ചു

വരാറുണ്ട്‌ ... അവന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു .

നാളെയും ഉണ്ടാവോ ????

ഉണ്ടാവും

അപ്പോള്‍ മറ്റന്നാള്‍

ഉണ്ടാവും

ഞാനും ഉണ്ടാവും ... അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു ...

അവള്‍ അവനെ നോക്കി ... അവളുടെ പ്രണയാര്‍ദ്രമായ കണ്ണുകള്‍ അവന്റെ കണ്ണുകളില്‍ ഉടക്കി ..
അവന്‍ അവളെ നോക്കി ചിരിച്ചു .

ഒരു ഹൃദയത്തില്‍ നിന്ന് മറ്റൊരു ഹൃദയത്തിലേക്ക് വര്‍ണ്ണ ചിറകു വിടര്‍ത്തി പ്രണയം കുളിരരുവിയായി ഒഴുകുന്നത്‌ അവര്‍ രണ്ടു പേരും അറിഞ്ഞു .

'ഞാന്‍ പോട്ടെ '
'
പൊയ്ക്കോ ' അവന്‍ പറഞ്ഞു ...
അവള്‍ അവിടെ നിന്നും നടന്നു നീങ്ങി .

നടന്നു നീങ്ങും തോറും ഇടയ്ക്കിടെ റസിയ തിരിഞ്ഞു അവനെ നോക്കുന്നുണ്ടായിരുന്നു .

പിന്നീട് സംഭവിച്ചതെല്ലാം ധൃതിയിലായിരുന്നു യാദൃശ്ചികമാണോ അതോ മനപ്പൂര്‍വമാണോ എന്നറിയില്ല അവര്‍ രണ്ടു പേരും , പല പ്രാവശ്യം കണ്ടുമുട്ടി , കല്ലായി പുഴയുടെ തീരങ്ങളില്‍ , വഴിയോരങ്ങളില്‍ ,,, അങ്ങനെ ... പലയിടങ്ങളില്‍ വെച്ചും അവര്‍ അവരുടെ പ്രണയ നിമിഷങ്ങള്‍ കൈ മാറി ... ആ ബന്ധം അവസാനം .... അവരെ രണ്ടു പേരെയും പിരിയാത്ത വിധം അടുപ്പിച്ചു .

ഈ ബന്ധം ആരോ റസിയയുടെ വാപ്പ സുലൈമാനിക്കാന്‍റെ ചെവിയില്‍ എത്തിച്ചു .

ദേഷ്യത്താല്‍ പൊട്ടി തെറിച്ച റസിയയുടെ വാപ്പ അവളെ ... കണക്കിന് ശകാരിക്കുകയും ... അവളെ അടിക്കുകയും ചെയ്തു . അവളെ രണ്ടു മൂന്നു ദിവസം ഒരു മുറിയില്‍ അടച്ചിട്ടു ... ഈ വിവരം റസിയയുടെ കൂട്ടുകാരി മുഖേന അറിഞ്ഞ ഷെമീര്‍ വല്ലാതെ വേദനിച്ചു ...

കുറച്ചു നാളുകള്‍ കഴിഞ്ഞു വഴി വക്കില്‍ വെച്ച് അവര്‍ വീണ്ടും യാദൃശ്ചികമായി കണ്ടു മുട്ടുന്നു ...

ഷെമീര്‍ അവളോട്‌ വീട് വിട്ടിറങ്ങാന്‍ പറയുന്നു ...

അങ്ങനെ ഒരു നാള്‍ അവള്‍ വീട്ടുകാരെ ഉപേക്ഷിച്ചു കൊണ്ട് ഷെമീറിന്‍റെ കൂടെ പോകുന്നു .

ഷെമീര്‍ അവളെ രജിസ്റ്റര്‍ വിവാഹം കഴിക്കുന്നു . ഷെമീര്‍ റസിയയെ കൂട്ടി അവന്‍റെ വീട്ടില്‍ പോയെന്കിലും വീട്ടുകാര്‍ അവന്‍റെ ഈ ബന്ധത്തിന് എതിര് നിന്നു ... അവരെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു

അവര്‍ തിരിച്ചു കല്ലായിലേക്ക് തന്നെ വരുന്നു ... ഇവരുടെ കഷ്ട്ടപാടുകളും ,ബുദ്ധിമുട്ടുകളും കണ്ടു മനസ്സിലാകിയ ആ നാട്ടിലെ നല്ല മനസ്സുള്ള ഒരു പ്രമാണി ..... അവര്‍ക്ക് വീട് വെക്കാന്‍ വേണ്ടി ഒരു ചെറിയ സ്ഥലം കല്ലായി പുഴയുടെ തീരത്ത് .... ദാനമായി കൊടുത്തു .

ഷെമീറിന് കാര്യമായ സമ്പാദ്യം ഒന്നുമുണ്ടായിരുന്നില്ല . ഉള്ള കാശ് കൊണ്ട് അവര്‍ അവിടെ ഒരു ഓലപുര കെട്ടി ....... മര പണി ചെയ്തു കിട്ടുന്ന കാശ് കൊണ്ട് ഒരു വിധം അല്ലലിലാതെ അവര്‍ ജീവിച്ചു പോന്നു ....

ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും അങ്ങനെ കടന്നു പോയി ,,, ഇന്ന് ഷെമീറിനും റസിയക്കും മൂന്നു കുട്ടികള്‍ ഒരു പെണ്ണും രണ്ടു ആണും

ആരും സഹായിക്കാനില്ലാത്ത ദിനങ്ങള്‍ അവരുടെ മുന്നിലൂടെ കടന്നു പോയി .

ഷെമീറിന് മുമ്പത്തെ പോലെ ഇപ്പോള്‍ ജോലി കിട്ടുന്നില്ല കാരണം റസിയയുടെ ബാപ്പ സുലൈമാനിക്ക നാട്ടിലുള്ളവരോടെല്ലാം പറഞ്ഞിരുന്നു ... അവനു ജോലി കൊടുക്കരുതെന്ന് ,,, പള്ളി കമ്മിറ്റി പ്രസിഡന്റായ അയാളുടെ വാക്കുകള്‍ എല്ലാവരും സ്വീകരിച്ചും പോന്നു ... ചിലര്‍ ദയ വിചാരിച്ചു ജോലി കൊടുക്കും ...
അങ്ങിനെ കിട്ടുന്ന കാശ് ... ആ കുടുംബത്തിനു മതിയാകുമായിരുന്നില്ല ...

റസിയ ഇന്നാകെ മാറി പോയിരുന്നു ...ശരീരം മെലിഞ്ഞു ഒരു പേക്കോലമായി മാറിപോയി ഇന്നവള്‍ . ഇന്നവള്‍ക്ക്‌ പഴയ ഉല്സാഹമില്ല കളിയില്ല ചിരിയില്ല കഷ്ട്ടപാടുകള്‍ അവര്‍ രണ്ടുപേരെയും അത്രയ്ക്കും തളര്‍ത്തിയിരുന്നു .... ഇന്ന് അവര്‍ക്ക് അവര്‍ മാത്രം ....
അവര്‍ ആലോചിച്ചു ... എന്താണ് താങ്കള്‍ ചെയ്ത തെറ്റ് ... സ്നേഹിച്ചു ഇഷ്ട്ടപെട്ടു ... പഴയ വിരോധം മറന്നു എപ്പോളെങ്കിലും ...
ബന്ധുക്കള്‍ താങ്കളുടെ ഒപ്പം നില്‍ക്കുമെന്ന് അവര്‍ ആഗ്രഹിച്ചു .. പക്ഷെ ആ പ്രതീക്ഷ അസ്ഥാനത്തായിരുന്നു ... ഒരിക്കല്‍ പോലും ... അവരെ കാണുവാനോ ... അവരെ അന്വേഷിക്കാനോ അവരുടെ ബന്ധുക്കള്‍ ആരും തന്നെ വന്നില്ല ...
അങ്ങനെയിരിക്കെയാണ് ....... ഒരു ദുരന്തം കൂടി അവര്‍ക്ക് കൂട്ടിനു വന്നത് ...

ഷെമീറിന്‍റെ കൈകാലുകള്‍ക്ക് തളര്‍ച്ച പിടിപെട്ടിരിക്കുന്നു ... മാനസിക വിഷമങ്ങളും , സാമ്പത്തിക പ്രശ്നങ്ങളും ഇന്നയാലെ നിത്യ രോഗിയാക്കി മാറ്റി ... ഇന്ന് ഷെമീറിന്‍റെ കുടുംബം പട്ടിണിയിലാണ് .... മുഴു പട്ടിണി . എപ്പോഴും നിലപൊത്താന്‍ സാധ്യത ഏറെയുള്ള ഓലയാല്‍ മേഞ്ഞ ... ആ ഓല പുരയിലെ ... ചാണകം മെഴുകിയ തറയില്‍ മലര്‍ന്നു കിടന്നുറങ്ങുന്ന കുട്ടികള്‍ ... പണമില്ലാത്തതിനാല്‍ കുട്ടികളെ സ്കൂളില്‍ പോലും ചേര്‍ത്താനായില്ല അവര്‍ക്ക് ... ഒരു തവി കഞ്ഞി അവര്‍ക്ക് കൊടുക്കാന്‍ വകയില്ല . ഓരോ തവണയും അവരുണരുമ്പോള്‍ കണ്ണീര്‍ തുളുമ്പി ഒഴുകുന്ന കണ്ണുകളോടെ റസിയ ഇരിക്കും ...
അവര്‍ ഭക്ഷണം ചോദിച്ചു കരയാന്‍ ശ്രമിക്കും .. കുറെ കഴിഞ്ഞാല്‍ അവരുടെ കണ്ണീര്‍ ഗ്രന്ഥികള്‍ കണ്ണീര്‍ ചുരത്താതാവും . പിന്നെ കരച്ചിലിന് ശബ്ദവും താളവും ഇല്ലാതാവും ...

സാധാരണ ദിവസങ്ങളിലെന്ന പോലെ ഇന്നും അയാള്‍ കല്ലായി ടൌണിലേക്ക് ചെന്നു ... തനിക്കു ചെയ്യാനാവുന്ന എന്തെങ്കിലും ജോലിക്ക് വേണ്ടി ,,,, ആരും അയാള്‍ക്ക്‌ ജോലി കൊടുത്തില്ല . അയാളുടെ വിഷമങ്ങള്‍ ആരും കണ്ടില്ല ... അറിയുന്നവര്‍ ആവട്ടെ അയാളെ അറിയാത്തത് പോലെ മാറിനിന്നു . അയാള്‍ ഒത്തിരി വിഷമത്തോടെ നിരാശനായി വീട്ടിലേക്കു തിരിച്ചു വന്നു .
സാധാരണ അയാള്‍ വരുമ്പോള്‍ പുരയ്ക്ക് പുറത്തു കാണാറുള്ള റസിയയെ ... അയാള്‍ തിരഞ്ഞു കണ്ടില്ല അയാള്‍ വീടിനു പിന്‍ ഭാഗത്തേക്ക് നടന്നു . പെട്ടെന്ന് എന്തിലോ തട്ടി വീഴുന്നത് പോലെ അയാള്‍ക്ക്‌ തോന്നി . എന്തോ പന്തികേട്‌ പോലെ ... നോക്കുമ്പോള്‍ അയാള്‍ കണ്ടത് നിലത്തു വീണു കിടക്കുന്ന റസിയയുടെ ശരീരമാണ് ... അയാള്‍ വാവിട്ടു കരഞ്ഞു ... പടച്ച തമ്പുരാനേ .... എന്‍റെ പ്രിയ പെട്ടവളെ നീ കൊണ്ട് പോയോ ... എന്തിനാ എന്റെ റസിയയെ വിളിച്ചു കൊണ്ട് പോയെ എനിക്ക് ഇനി ആരുണ്ട്‌ ... എന്‍റെ കുട്ടികളെ ആര് നോക്കും .
വേണ്ട എനിക്കും ഇനി ജീവിക്കണ്ട ... ഞാനും വരുന്നൂ റസിയ നിന്‍റെ അടുത്തേക്ക്‌
അയാള്‍ ദൃഡ നിശ്ചയം എടുത്തു ...

നേരെ തിരിഞ്ഞു അയാള്‍ പുരക്കു അകത്തേക്ക് കയറി . കുട്ടികള്‍ ഒന്നും അറിയാതെ വിശപ്പിന്റെ കാഠിന്യത്താല്‍ തളര്‍ന്നുറങ്ങുകയായിരുന്നു .
രണ്ടു കുഞ്ഞുങ്ങളെ അയാള്‍ കയ്യിലെടുത്തു . കുഞ്ഞുങ്ങളെയും എടുത്തു അയാള്‍ ... കല്ലായി പുഴയുടെ തീരത്തേക്ക് നടന്നു . ഒത്തിരി കവികള്‍ വാഴ്ത്തി പാടിയ കല്ലായി പുഴയിലേക്ക് ഓരോരുത്തരെയായി അയാള്‍ വെള്ളത്തിലെക്കെറിഞ്ഞു ... ഒന്ന് നില വിളിക്കുക പോലും ചെയ്യാതെ ആ കുട്ടികള്‍ കല്ലായി പുഴയുടെ ആഴത്തിലേക്ക് ആണ്ടു പോയി . വെള്ളത്തില്‍ വീഴുന്നവര്‍ ആദ്യം ഒന്ന് പൊങ്ങി വരും .. പിന്നെ താണ് പോകും അങ്ങിനെയാണ് പതിവ് . പക്ഷെ ഈ കുട്ടികള്‍ പൊന്തി വന്നില്ല .അവര്‍ ആദ്യ വീഴ്ചയില്‍ തന്നെ ആവോളം വെള്ളം ആര്‍ത്തിയോടെ കുടിച്ചു തീര്‍ത്ത്‌ കല്ലായിയുടെ ആഴങ്ങളിലേക്ക് താണു പോയി ... ഭ്രാന്തമായി പരവേശത്തോടെ അയാള്‍ വീണ്ടും പുരയിലേക്ക്‌ തിരിച്ചു വന്നു ...മൂനാമത്തെ കുട്ടിയേം എടുത്തു അയാള്‍ വിറയ്ക്കുന്ന കാലുകളുമായി പുഴയോരത്തെക്ക് പാഞ്ഞു ...ഉള്ളില്‍ വിശപ്പിന്റെ വിളി മരണ വെപ്രാളം പോലെ അയാളില്‍ ആളി പടര്‍ന്നു ... ഒഴുകാന്‍ ശക്തിയിലാതിരുന്ന രക്തം അവസാന യാത്രക്ക് വേണ്ടി അയാളുടെ ഉടലിനു ശക്തി പകര്‍ന്നു ....

ആ അവസാന കുട്ടിയെയും എടുത്തു അയാള്‍ കല്ലായി പുഴയുടെ ആഴങ്ങളിലേക്ക് എടുത്തു ചാടി . വെള്ളത്തില്‍ വൃത്തത്തില്‍ ഒരു രൂപരേഖ വരച്ചു തീര്‍ത്തു കല്ലായി പുഴയുടെ ഓളങ്ങള്‍ ആ ശവ ശരീരങ്ങളെയും വഹിച്ചു കൊണ്ട് അലകഷ്യമായി നീങ്ങി .......................


അപ്പോള്‍ അങ്ങ് ദൂരെ കല്ലായി പുഴയുടെ ഓരം പറ്റി വേറൊരു കടവില്‍ .... അക്കരെക്കു പോകാന്‍ കടത്തു വള്ളം ആളുകളെയും കയറ്റി തയ്യാറായിട്ടിരിക്കുന്നു .....

' കൂയ് ' ........

' ഇനി ആരെങ്കിലുമുണ്ടോ അക്കരേയ്ക്ക് വരുന്നോര് '....കടത്ത് വള്ളക്കാരന്‍ കരയിലേക്ക് ..... നീട്ടി വിളിച്ചു കൊണ്ട് ചോദിച്ചു .

മറുപടി കേട്ടില്ല .....

' ആരും ഇല്ല ' നമുക്ക് പോകാം ... ഒരു യാത്രക്കാരന്‍ പറഞ്ഞു ....

ഉടന്‍ വള്ളക്കാരന്‍ .... കരയില്‍ ഇറങ്ങി കെട്ടിയ വള്ളത്തിന്റെ കയറു അഴിച്ചു മാറ്റി തിരിച്ചു വന്നു വള്ളത്തില്‍ കയറി അക്കരെ ലഷ്യം വെച്ച് തുഴയാന്‍ തുടങ്ങി .....


ഈ നിമിഷങ്ങളില്‍ ... കല്ലായി പുഴയുടെ ഓളങ്ങള്‍, സൂര്യ താപത്താല്‍ .... താണ്ടവമാടി ...........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ