2009, മാർച്ച് 30, തിങ്കളാഴ്‌ച

കല്ലായി പുഴയുടെ തീരങ്ങളില്‍ (കഥ )


ചെഞ്ചായം വീശുന്ന അസ്തമയ സൂര്യന്റെ വര്‍ണ്ണ ശോഭയില്‍ ഇള്ളം തെന്നലേറ്റ്‌, കളകളാരവം മുഴക്കി കല്ലായി പുഴ ഒഴുകുന്നു .......
കല്ലായി പുഴയുടെ ഓരം പറ്റി ഒരു കടവ് .... അക്കരെക്കു പോകാന്‍ കടത്തു വള്ളം ആളുകളെയും കയറ്റി തയ്യാറായിട്ടിരിക്കുന്നു .

' കൂയ് ' ........

' ഇനി ആരെങ്കിലുമുണ്ടോ അക്കരേയ്ക്ക് വരുന്നോര് '....
കടത്ത് വള്ളക്കാരന്‍ ഹൈദ്രോസ്ക്ക കരയിലേക്ക് ..... നീട്ടി വിളിച്ചു കൊണ്ട് ചോദിച്ചു .

' ഉണ്ടേയ് ' ....................

വള്ളത്തിലിരുന്ന എല്ലാവരും ആ ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി .
അത് അവളായിരുന്നു ' റസിയ ' പതിനേഴു ക്കാരി പെണ്ണ് മര കച്ചവടക്കാരന്‍ സുലൈമാനിക്കാന്‍റെ മോള് .

'' വെളുത്തു മെലിഞ്ഞ് സുന്ദരിയായ അവളെ കണ്ടാല്‍ ആരും ഒന്ന് നോക്കി പോകും . ആയിരം പൂര്‍ണ ചന്ദ്രന്‍റെ നിലാവൊത്ത മൊഞ്ചത്തി പെണ്ണ് ........ ;ചുവന്ന താമര പോലുള്ള ചുണ്ടുകള്‍ ; കണ്‍മഷി എഴുതിയ അഴകുള്ള കണ്പീലികള്‍ ; സ്വര്‍ഗ്ഗത്തില്‍ നിന്നും വന്ന ഹൂറി (സ്വര്‍ഗ്ഗറാണി) ആണെന്ന് തോന്നും വിതം മൊഞ്ചുള്ള പെണ്ണ് ''

അവളുടെ കൈകളില്‍ കിടന്ന കുപ്പി വളകളുടെ കിലുക്കം അടുത്ത്‌ വരുന്തോറും മുഴങ്ങി കേള്‍ക്കുന്നുണ്ടായിരുന്നു .

കണങ്കാല്‍ കാണും വിധം പാവാട തെറുത്ത് മടിയില്‍ കുത്തിവെച്ച് കസവുതട്ടം മുടിപ്പിന്‍ വെച്ച് ഊര്‍ന്നുപോവാത്തവിധം തലയിലിട്ട് കുപ്പിവളകള്‍ കിലുക്കി ഓടി കിതച്ചു കൊണ്ട് അവള്‍ വള്ളത്തിന്‍റെ അരികിലെത്തി .

റസിയ വള്ളത്തില്‍ കയറിയ ഉടന്‍ വള്ളക്കാരന്‍ ഹൈദ്രോസ് കരയില്‍ ഇറങ്ങി കെട്ടിയ വള്ളത്തിന്റെ കയറു അഴിച്ചു മാറ്റി തിരിച്ചു വന്നു വള്ളത്തില്‍ കയറി അക്കരെ ലഷ്യം വെച്ച് തുഴയാന്‍ തുടങ്ങി .....

' ഹൈദ്രോസ് ക്കാക്ക് എന്താ ഇത്ര തിരക്ക് ' .... ആള് വരുന്നതു കണ്ടൂടെ ....

' കണ്ടു . അതോണ്ടല്ലേ വള്ളം നിര്‍ത്തിയെ ' ....

' ഇങ്ങള് എന്നേം കൂട്ടാണ്ട് പോവണ്ട പരിപാടിയായിരുന്നു ... ഞാനാര് മോള് ... അങ്ങനെ വിടൂല '...

' ഹോ പിന്നെ ... നീയാരാ കുവൈത്ത് ഷെയ്ക്കിന്റെ മോളോ ???? '

' ഒരൊറ്റ കുത്തങ്ങു വെച്ചേരും ഇങ്ങക്ക് തമാശാക്കല് കുറച്ചു കൂടുതലാ ....'

' കുത്താന്‍ ഇന്ഞിങ്ങു പോര് ... അള്ളോ ... ഇവളുടെ നാക്ക് കണ്ടാ ..'

'പ്രായപൂര്‍ത്തിയായി വലിയ പെണ്ണായി ... എന്നിട്ടും കുട്ടികളി മാറിയില്ല .. നിന്‍റെ കൂട പഠിച്ച ബീരാനിക്കാന്റെ മോള് ഫാസില നിക്കാഹും കഴിഞ്ഞു രണ്ടു പെറ്റു . ഇങ്ങനെ പോയാല്‍ നിന്നെ ആരാ കെട്ടാന്‍ വരുന്നേ ??? .. ' ... വള്ളത്തിലിരുന്ന വടക്കേതിലെ നാണി അമ്മ പറഞ്ഞു .

' അയിന് ഞാനെന്തു വേണം ഓളോട് പെറാന്‍ ഞാന്‍ പറഞ്ഞില്ലല്ലോ ... നാണി അമ്മേ '

' എന്നെ കെട്ടാന്‍ വരും ബദറുല്‍ മുനീറിനെ പോലെ മൊഞ്ചുള്ള ഒരു സുല്‍ത്താന്‍ നിങ്ങള് നോക്കിക്കൊളിന്‍ '

അവരുടെ വര്‍ത്തമാനങ്ങള്‍ കേട്ട് വള്ളത്തിലിരുന്ന എല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു .... ' ഒരാള്‍ ഒഴിച്ച് ' .....

വള്ളത്തിന്‍റെ ഓരം പറ്റി ഇരിക്കുന്ന ച്ചുരുള മുടിയുള്ള സുന്ദരനായ ചെറുപ്പക്കാരന്‍ ,,, കയ്യില്‍ ഒരു മാസിക ഉണ്ട് അവന്‍റെ ശ്രദ്ധ മുഴുവന്‍ അതില്‍ ആയിരുന്നു ...

അവന്‍റെ പേര് ആണ് ഷെമീര്‍ .... വടകര താഴെ അങ്ങാടി സ്വദേശിയാണ് പുതിയ ആളാണ്‌ മര പണിക്കു വേണ്ടി വന്നതാണ് കല്ലായിയില്‍.

' അല്ല ഹൈദ്രോസ്സുക്കാ .... ഇമ്മളെ തോണീല് പുതിയൊരു ചങ്ങായീനെ കാണുന്നുണ്ടല്ലോ ഇത് ആരാ ...
ഇവിടെള്ളോരെല്ലാം ചിരിക്കാണ് ഇയാള്‍ക്ക് എന്താ ചിരിയൊന്നും വരൂലേ ... അയാളും ... അയാളെ ഒരു മാസികേം ...... '
ചെറുപ്പക്കാരന്‍ കേള്‍ക്കെ ഉച്ചത്തിലാണ് അവള്‍ അത് ചോദിച്ചത് .

' അത് ഷെമീര്‍ ... വടകരക്കാരനാണ് ഒരു ആശാരി പയ്യന്‍ .... ഇവിടെ വന്നിട്ട് ഒരു മാസമേ ആയുള്ളൂ ...'

' ഇടയ്ക്കു ഇതില് കയറാറുണ്ട് അപ്പോള്‍ ഇജ്ജു ഉണ്ടാവില്ല അതാ മുമ്പ്‌ കാണാഞ്ഞേ ... '

' ഹോ ... ഹോയ് ... ഇങ്ങക്ക് ചെവി കേള്‍ക്കൂലെ മാഷേ ... ഇങ്ങള് മിണ്ടൂലെ ... ' ഷെമീറിന്‍റെ മുന്നില്‍ കൈ നീട്ടി ചലിപ്പിച്ചു കൊണ്ട് കൊണ്ട് അവള്‍ ചോദിച്ചു

' എന്താ നെനെക്ക് വേണ്ടേ .... ??? ' ചെറുപ്പക്കാരന്‍ ദേഷ്യപ്പെട്ടു ചോദിച്ചു.

'ഞാന്‍ പരിജയമില്ലാത്തോലോട് മിണ്ടലില്ല ... നീ എവിടുന്നാ ഇപ്പൊ പൊട്ടി ഇറങ്ങി വീണേ .... എനിക്ക് നിന്നെ അറിയില്ല നീ ആരാ ???? ... '

' ഞാന്‍ ആരാന്നോ ... ഞാന് റസിയ പതിനേഴു ക്കാരി പെണ്ണ് , മര കച്ചവടക്കാരന്‍ സുലൈമാനിക്കാന്‍റെ മോള് ഇത്രെയും മതിയോ ..... ഡീട്ടെയില്സ്സ് .... '

' ഇന്ഞു ഏത് ഷെയ്ക്കിന്റെ മോളായാലും എനിക്കെന്താ ... നിന്‍റെ വയസ്സെല്ലാം എന്തിനാ എന്നോട് പറയണെ ...
ഞാന്‍ നിന്നെ നിക്കാഹ് കഴിക്കാന്‍ ഒന്നും പോണില്ല .... പൂതിയും വേണ്ടാ ....'

' ഹ ഹ ഹ ഹൈദ്രോസ്സ്‌ക്ക ഈ ചങ്ങായി പറഞ്ഞത് കേട്ടോ ഇങ്ങള് .... ഞാന്‍ ഇയാളെ കെട്ടാന്‍ പോണൂ പോലും ... കെട്ടാന്‍ പറ്റിയ പുയാപ്ല ... ആശാരി ചെക്കാ എന്നെ കെട്ടാന്‍ പയിശയുള്ള ഗള്‍ഫുക്കാര് വരും .... ഇങ്ങള് ഇങ്ങളെ പാട് നോക്കി പോയിക്കോളിന്‍ അതാ ഇങ്ങക്ക് നല്ലത് '.....

'നിന്നെ കേട്ടുന്നോന്‍ കുടുങ്ങി '

' മോനെ ഷെമീറെ നീ ഇവളോട്‌ സംസാരിക്കാന്‍ നിക്കണ്ട .... നാടന്‍ ചീരാ പറങ്കി മുളകിന്‍റെ പോലുള്ള നാക്കാ ഇവളുടെത്‌ ...

ഹൈദ്രോസ്സ്ക്ക ഷെമീറിനോട് പറഞ്ഞു .

ഷെമീര്‍ അവളോട്‌ പിന്നെ ഒന്നും മിണ്ടാന്‍ പോയില്ല ...... അവന്‍ പതുക്കെ വീണ്ടും ആ മാസിക എടുത്തു വായിക്കാന്‍ തുടങ്ങി ........ . റസിയ ആവട്ടെ വള്ളത്തിലുള്ള മറ്റുള്ളവരോട് ....... വാ ത്തോരാതെ സംസാരിക്കുകയും ചെയ്യുന്നു ...

ഇടയ്ക്കു അവന്‍ എന്തെങ്കിലും പറയാന്‍ വേണ്ടി ..... കുത്ത് വാക്കുകള്‍ പറയുമെങ്കിലും അവന്‍ അതൊന്നും ശ്രദ്ധിച്ചതേയില്ല .

പക്ഷെ അവള്‍ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ... അവന്‍റെ പക്വതയാര്‍ന്ന ആ സ്വഭാവവും ... അവന്‍റെ ആ മൌനവും അവളെ അവനിലേക്ക്‌ ആകര്‍ഷിച്ചു .

പ്രണയത്തിന്‍റെ പരിമളം വീശികൊണ്ട് തെക്ക് നിന്നും ഒരു കുളിര്‍ക്കാറ്റ് അവളെ തഴുകി കൊണ്ടു വീശിയകന്നു ........... ഒട്ടേറെ പ്രണയങ്ങള്‍ , കവിതകള്‍ , ഗാനങ്ങള്‍ ,സിനിമകള്‍ സംഭാവന നല്‍കിയ കല്ലായി പുഴയുടെ ഓളങ്ങള്‍, ഇളം വെയിലില്‍ പ്രണയത്തിന്‍റെ പുതു പുത്തന്‍ വര്‍ണ്ണ ചിത്രങ്ങള്‍ വരച്ചു കൊണ്ടിരുന്നു
........

ഇപ്പോള്‍ റസിയയുടെ കണ്ണുകള്‍ ഷെമീറിന്‍റെ മുഖത്താണ് ... അവള്‍ ഇപ്പോള്‍ അവനെ ആസ്വദിക്കുകയായിരുന്നു ...

കടത്ത് വള്ളം കരയെ ലകഷ്യമാക്കി നീങ്ങി കൊണ്ടിരുന്നു ..... കര അടുക്കാറായി ...

മാസിക വായിച്ചു കൊണ്ടിരുന്ന ഷെമീര്‍ വായന നിര്‍ത്തി ..... നോക്കുമ്പോള്‍ തന്നെ മാത്രം നോക്കി നില്‍ക്കുന്ന റസിയയെ കണ്ടു .

അത് കണ്ടതും എളിഭ്യതയോടെ പുഞ്ചിരി തൂകി അവള്‍ നോട്ടം പിന്‍ വലിച്ചു .....

ആള്‍ക്കാരെയും വഹിച്ചു കൊണ്ടു വള്ളം കരയ്ക്ക്‌ അടുത്ത്‌ എത്തി .

വള്ളക്കാരന്‍ ഹൈദ്രോസ്സ് ക്ക പതിയെ വള്ളത്തില്‍ നിന്നിറങ്ങി വള്ളം കരയോട് അടുപ്പിച്ചു നിര്‍ത്തി .കയറെടുത്തു .... കരയിലോട്ടു കെട്ടി .

വള്ളത്തിലുള്ളവരെല്ലാം അവിടെ ഇറങ്ങി .

' ഹൈദ്രോസ്സ്‌ക്ക ... ഞാന്‍ പോവ്വാണ് ... ഇങ്ങള് ഇനിയെങ്ങാനും എന്നെ കൂട്ടാണ്ട് പോവാന്‍ നോക്കിയാല്‍ ഇങ്ങളെ ഞാന്‍ ആളെ വിട്ടു തല്ലിക്കും ..... '

' ഇന്ഞിങു .... പോര് തല്ലാന്‍ .... നെന്റെ ബാപ്പാനെ ഞാന്‍ കാണട്ടെ ... എല്ലാം ഞാന്‍ പറഞ്ഞു കൊടുക്കുന്നുണ്ട് .
നിന്നെ പെട്ടെന്ന് കെട്ടിച്ചു വിടാനും പറയുന്നുണ്ട് .... '

ഹോ പിന്നെ ഇങ്ങള് പറഞ്ഞിട്ട് എന്‍റെ നിക്കാഹ് നടന്നത് തന്നെ .... ഇത്‌ പറഞ്ഞോണ്ട് അവള്‍ നടന്നു നീങ്ങി ...

നടന്നു പോകുമ്പോള്‍ അവള്‍ ഷെമീറിനെ കണ്ടു .

എല്ലാ ദിവസവും കടവില്‍ വരാറുണ്ടോ ????
അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ടു ചോദിച്ചു

വരാറുണ്ട്‌ ... അവന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു .

നാളെയും ഉണ്ടാവോ ????

ഉണ്ടാവും

അപ്പോള്‍ മറ്റന്നാള്‍

ഉണ്ടാവും

ഞാനും ഉണ്ടാവും ... അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു ...

അവള്‍ അവനെ നോക്കി ... അവളുടെ പ്രണയാര്‍ദ്രമായ കണ്ണുകള്‍ അവന്റെ കണ്ണുകളില്‍ ഉടക്കി ..
അവന്‍ അവളെ നോക്കി ചിരിച്ചു .

ഒരു ഹൃദയത്തില്‍ നിന്ന് മറ്റൊരു ഹൃദയത്തിലേക്ക് വര്‍ണ്ണ ചിറകു വിടര്‍ത്തി പ്രണയം കുളിരരുവിയായി ഒഴുകുന്നത്‌ അവര്‍ രണ്ടു പേരും അറിഞ്ഞു .

'ഞാന്‍ പോട്ടെ '
'
പൊയ്ക്കോ ' അവന്‍ പറഞ്ഞു ...
അവള്‍ അവിടെ നിന്നും നടന്നു നീങ്ങി .

നടന്നു നീങ്ങും തോറും ഇടയ്ക്കിടെ റസിയ തിരിഞ്ഞു അവനെ നോക്കുന്നുണ്ടായിരുന്നു .

പിന്നീട് സംഭവിച്ചതെല്ലാം ധൃതിയിലായിരുന്നു യാദൃശ്ചികമാണോ അതോ മനപ്പൂര്‍വമാണോ എന്നറിയില്ല അവര്‍ രണ്ടു പേരും , പല പ്രാവശ്യം കണ്ടുമുട്ടി , കല്ലായി പുഴയുടെ തീരങ്ങളില്‍ , വഴിയോരങ്ങളില്‍ ,,, അങ്ങനെ ... പലയിടങ്ങളില്‍ വെച്ചും അവര്‍ അവരുടെ പ്രണയ നിമിഷങ്ങള്‍ കൈ മാറി ... ആ ബന്ധം അവസാനം .... അവരെ രണ്ടു പേരെയും പിരിയാത്ത വിധം അടുപ്പിച്ചു .

ഈ ബന്ധം ആരോ റസിയയുടെ വാപ്പ സുലൈമാനിക്കാന്‍റെ ചെവിയില്‍ എത്തിച്ചു .

ദേഷ്യത്താല്‍ പൊട്ടി തെറിച്ച റസിയയുടെ വാപ്പ അവളെ ... കണക്കിന് ശകാരിക്കുകയും ... അവളെ അടിക്കുകയും ചെയ്തു . അവളെ രണ്ടു മൂന്നു ദിവസം ഒരു മുറിയില്‍ അടച്ചിട്ടു ... ഈ വിവരം റസിയയുടെ കൂട്ടുകാരി മുഖേന അറിഞ്ഞ ഷെമീര്‍ വല്ലാതെ വേദനിച്ചു ...

കുറച്ചു നാളുകള്‍ കഴിഞ്ഞു വഴി വക്കില്‍ വെച്ച് അവര്‍ വീണ്ടും യാദൃശ്ചികമായി കണ്ടു മുട്ടുന്നു ...

ഷെമീര്‍ അവളോട്‌ വീട് വിട്ടിറങ്ങാന്‍ പറയുന്നു ...

അങ്ങനെ ഒരു നാള്‍ അവള്‍ വീട്ടുകാരെ ഉപേക്ഷിച്ചു കൊണ്ട് ഷെമീറിന്‍റെ കൂടെ പോകുന്നു .

ഷെമീര്‍ അവളെ രജിസ്റ്റര്‍ വിവാഹം കഴിക്കുന്നു . ഷെമീര്‍ റസിയയെ കൂട്ടി അവന്‍റെ വീട്ടില്‍ പോയെന്കിലും വീട്ടുകാര്‍ അവന്‍റെ ഈ ബന്ധത്തിന് എതിര് നിന്നു ... അവരെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു

അവര്‍ തിരിച്ചു കല്ലായിലേക്ക് തന്നെ വരുന്നു ... ഇവരുടെ കഷ്ട്ടപാടുകളും ,ബുദ്ധിമുട്ടുകളും കണ്ടു മനസ്സിലാകിയ ആ നാട്ടിലെ നല്ല മനസ്സുള്ള ഒരു പ്രമാണി ..... അവര്‍ക്ക് വീട് വെക്കാന്‍ വേണ്ടി ഒരു ചെറിയ സ്ഥലം കല്ലായി പുഴയുടെ തീരത്ത് .... ദാനമായി കൊടുത്തു .

ഷെമീറിന് കാര്യമായ സമ്പാദ്യം ഒന്നുമുണ്ടായിരുന്നില്ല . ഉള്ള കാശ് കൊണ്ട് അവര്‍ അവിടെ ഒരു ഓലപുര കെട്ടി ....... മര പണി ചെയ്തു കിട്ടുന്ന കാശ് കൊണ്ട് ഒരു വിധം അല്ലലിലാതെ അവര്‍ ജീവിച്ചു പോന്നു ....

ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും അങ്ങനെ കടന്നു പോയി ,,, ഇന്ന് ഷെമീറിനും റസിയക്കും മൂന്നു കുട്ടികള്‍ ഒരു പെണ്ണും രണ്ടു ആണും

ആരും സഹായിക്കാനില്ലാത്ത ദിനങ്ങള്‍ അവരുടെ മുന്നിലൂടെ കടന്നു പോയി .

ഷെമീറിന് മുമ്പത്തെ പോലെ ഇപ്പോള്‍ ജോലി കിട്ടുന്നില്ല കാരണം റസിയയുടെ ബാപ്പ സുലൈമാനിക്ക നാട്ടിലുള്ളവരോടെല്ലാം പറഞ്ഞിരുന്നു ... അവനു ജോലി കൊടുക്കരുതെന്ന് ,,, പള്ളി കമ്മിറ്റി പ്രസിഡന്റായ അയാളുടെ വാക്കുകള്‍ എല്ലാവരും സ്വീകരിച്ചും പോന്നു ... ചിലര്‍ ദയ വിചാരിച്ചു ജോലി കൊടുക്കും ...
അങ്ങിനെ കിട്ടുന്ന കാശ് ... ആ കുടുംബത്തിനു മതിയാകുമായിരുന്നില്ല ...

റസിയ ഇന്നാകെ മാറി പോയിരുന്നു ...ശരീരം മെലിഞ്ഞു ഒരു പേക്കോലമായി മാറിപോയി ഇന്നവള്‍ . ഇന്നവള്‍ക്ക്‌ പഴയ ഉല്സാഹമില്ല കളിയില്ല ചിരിയില്ല കഷ്ട്ടപാടുകള്‍ അവര്‍ രണ്ടുപേരെയും അത്രയ്ക്കും തളര്‍ത്തിയിരുന്നു .... ഇന്ന് അവര്‍ക്ക് അവര്‍ മാത്രം ....
അവര്‍ ആലോചിച്ചു ... എന്താണ് താങ്കള്‍ ചെയ്ത തെറ്റ് ... സ്നേഹിച്ചു ഇഷ്ട്ടപെട്ടു ... പഴയ വിരോധം മറന്നു എപ്പോളെങ്കിലും ...
ബന്ധുക്കള്‍ താങ്കളുടെ ഒപ്പം നില്‍ക്കുമെന്ന് അവര്‍ ആഗ്രഹിച്ചു .. പക്ഷെ ആ പ്രതീക്ഷ അസ്ഥാനത്തായിരുന്നു ... ഒരിക്കല്‍ പോലും ... അവരെ കാണുവാനോ ... അവരെ അന്വേഷിക്കാനോ അവരുടെ ബന്ധുക്കള്‍ ആരും തന്നെ വന്നില്ല ...
അങ്ങനെയിരിക്കെയാണ് ....... ഒരു ദുരന്തം കൂടി അവര്‍ക്ക് കൂട്ടിനു വന്നത് ...

ഷെമീറിന്‍റെ കൈകാലുകള്‍ക്ക് തളര്‍ച്ച പിടിപെട്ടിരിക്കുന്നു ... മാനസിക വിഷമങ്ങളും , സാമ്പത്തിക പ്രശ്നങ്ങളും ഇന്നയാലെ നിത്യ രോഗിയാക്കി മാറ്റി ... ഇന്ന് ഷെമീറിന്‍റെ കുടുംബം പട്ടിണിയിലാണ് .... മുഴു പട്ടിണി . എപ്പോഴും നിലപൊത്താന്‍ സാധ്യത ഏറെയുള്ള ഓലയാല്‍ മേഞ്ഞ ... ആ ഓല പുരയിലെ ... ചാണകം മെഴുകിയ തറയില്‍ മലര്‍ന്നു കിടന്നുറങ്ങുന്ന കുട്ടികള്‍ ... പണമില്ലാത്തതിനാല്‍ കുട്ടികളെ സ്കൂളില്‍ പോലും ചേര്‍ത്താനായില്ല അവര്‍ക്ക് ... ഒരു തവി കഞ്ഞി അവര്‍ക്ക് കൊടുക്കാന്‍ വകയില്ല . ഓരോ തവണയും അവരുണരുമ്പോള്‍ കണ്ണീര്‍ തുളുമ്പി ഒഴുകുന്ന കണ്ണുകളോടെ റസിയ ഇരിക്കും ...
അവര്‍ ഭക്ഷണം ചോദിച്ചു കരയാന്‍ ശ്രമിക്കും .. കുറെ കഴിഞ്ഞാല്‍ അവരുടെ കണ്ണീര്‍ ഗ്രന്ഥികള്‍ കണ്ണീര്‍ ചുരത്താതാവും . പിന്നെ കരച്ചിലിന് ശബ്ദവും താളവും ഇല്ലാതാവും ...

സാധാരണ ദിവസങ്ങളിലെന്ന പോലെ ഇന്നും അയാള്‍ കല്ലായി ടൌണിലേക്ക് ചെന്നു ... തനിക്കു ചെയ്യാനാവുന്ന എന്തെങ്കിലും ജോലിക്ക് വേണ്ടി ,,,, ആരും അയാള്‍ക്ക്‌ ജോലി കൊടുത്തില്ല . അയാളുടെ വിഷമങ്ങള്‍ ആരും കണ്ടില്ല ... അറിയുന്നവര്‍ ആവട്ടെ അയാളെ അറിയാത്തത് പോലെ മാറിനിന്നു . അയാള്‍ ഒത്തിരി വിഷമത്തോടെ നിരാശനായി വീട്ടിലേക്കു തിരിച്ചു വന്നു .
സാധാരണ അയാള്‍ വരുമ്പോള്‍ പുരയ്ക്ക് പുറത്തു കാണാറുള്ള റസിയയെ ... അയാള്‍ തിരഞ്ഞു കണ്ടില്ല അയാള്‍ വീടിനു പിന്‍ ഭാഗത്തേക്ക് നടന്നു . പെട്ടെന്ന് എന്തിലോ തട്ടി വീഴുന്നത് പോലെ അയാള്‍ക്ക്‌ തോന്നി . എന്തോ പന്തികേട്‌ പോലെ ... നോക്കുമ്പോള്‍ അയാള്‍ കണ്ടത് നിലത്തു വീണു കിടക്കുന്ന റസിയയുടെ ശരീരമാണ് ... അയാള്‍ വാവിട്ടു കരഞ്ഞു ... പടച്ച തമ്പുരാനേ .... എന്‍റെ പ്രിയ പെട്ടവളെ നീ കൊണ്ട് പോയോ ... എന്തിനാ എന്റെ റസിയയെ വിളിച്ചു കൊണ്ട് പോയെ എനിക്ക് ഇനി ആരുണ്ട്‌ ... എന്‍റെ കുട്ടികളെ ആര് നോക്കും .
വേണ്ട എനിക്കും ഇനി ജീവിക്കണ്ട ... ഞാനും വരുന്നൂ റസിയ നിന്‍റെ അടുത്തേക്ക്‌
അയാള്‍ ദൃഡ നിശ്ചയം എടുത്തു ...

നേരെ തിരിഞ്ഞു അയാള്‍ പുരക്കു അകത്തേക്ക് കയറി . കുട്ടികള്‍ ഒന്നും അറിയാതെ വിശപ്പിന്റെ കാഠിന്യത്താല്‍ തളര്‍ന്നുറങ്ങുകയായിരുന്നു .
രണ്ടു കുഞ്ഞുങ്ങളെ അയാള്‍ കയ്യിലെടുത്തു . കുഞ്ഞുങ്ങളെയും എടുത്തു അയാള്‍ ... കല്ലായി പുഴയുടെ തീരത്തേക്ക് നടന്നു . ഒത്തിരി കവികള്‍ വാഴ്ത്തി പാടിയ കല്ലായി പുഴയിലേക്ക് ഓരോരുത്തരെയായി അയാള്‍ വെള്ളത്തിലെക്കെറിഞ്ഞു ... ഒന്ന് നില വിളിക്കുക പോലും ചെയ്യാതെ ആ കുട്ടികള്‍ കല്ലായി പുഴയുടെ ആഴത്തിലേക്ക് ആണ്ടു പോയി . വെള്ളത്തില്‍ വീഴുന്നവര്‍ ആദ്യം ഒന്ന് പൊങ്ങി വരും .. പിന്നെ താണ് പോകും അങ്ങിനെയാണ് പതിവ് . പക്ഷെ ഈ കുട്ടികള്‍ പൊന്തി വന്നില്ല .അവര്‍ ആദ്യ വീഴ്ചയില്‍ തന്നെ ആവോളം വെള്ളം ആര്‍ത്തിയോടെ കുടിച്ചു തീര്‍ത്ത്‌ കല്ലായിയുടെ ആഴങ്ങളിലേക്ക് താണു പോയി ... ഭ്രാന്തമായി പരവേശത്തോടെ അയാള്‍ വീണ്ടും പുരയിലേക്ക്‌ തിരിച്ചു വന്നു ...മൂനാമത്തെ കുട്ടിയേം എടുത്തു അയാള്‍ വിറയ്ക്കുന്ന കാലുകളുമായി പുഴയോരത്തെക്ക് പാഞ്ഞു ...ഉള്ളില്‍ വിശപ്പിന്റെ വിളി മരണ വെപ്രാളം പോലെ അയാളില്‍ ആളി പടര്‍ന്നു ... ഒഴുകാന്‍ ശക്തിയിലാതിരുന്ന രക്തം അവസാന യാത്രക്ക് വേണ്ടി അയാളുടെ ഉടലിനു ശക്തി പകര്‍ന്നു ....

ആ അവസാന കുട്ടിയെയും എടുത്തു അയാള്‍ കല്ലായി പുഴയുടെ ആഴങ്ങളിലേക്ക് എടുത്തു ചാടി . വെള്ളത്തില്‍ വൃത്തത്തില്‍ ഒരു രൂപരേഖ വരച്ചു തീര്‍ത്തു കല്ലായി പുഴയുടെ ഓളങ്ങള്‍ ആ ശവ ശരീരങ്ങളെയും വഹിച്ചു കൊണ്ട് അലകഷ്യമായി നീങ്ങി .......................


അപ്പോള്‍ അങ്ങ് ദൂരെ കല്ലായി പുഴയുടെ ഓരം പറ്റി വേറൊരു കടവില്‍ .... അക്കരെക്കു പോകാന്‍ കടത്തു വള്ളം ആളുകളെയും കയറ്റി തയ്യാറായിട്ടിരിക്കുന്നു .....

' കൂയ് ' ........

' ഇനി ആരെങ്കിലുമുണ്ടോ അക്കരേയ്ക്ക് വരുന്നോര് '....കടത്ത് വള്ളക്കാരന്‍ കരയിലേക്ക് ..... നീട്ടി വിളിച്ചു കൊണ്ട് ചോദിച്ചു .

മറുപടി കേട്ടില്ല .....

' ആരും ഇല്ല ' നമുക്ക് പോകാം ... ഒരു യാത്രക്കാരന്‍ പറഞ്ഞു ....

ഉടന്‍ വള്ളക്കാരന്‍ .... കരയില്‍ ഇറങ്ങി കെട്ടിയ വള്ളത്തിന്റെ കയറു അഴിച്ചു മാറ്റി തിരിച്ചു വന്നു വള്ളത്തില്‍ കയറി അക്കരെ ലഷ്യം വെച്ച് തുഴയാന്‍ തുടങ്ങി .....


ഈ നിമിഷങ്ങളില്‍ ... കല്ലായി പുഴയുടെ ഓളങ്ങള്‍, സൂര്യ താപത്താല്‍ .... താണ്ടവമാടി ...........

വേര്‍പെടുന്ന സൗഹൃദം (കവിത)




സൌഹൃദങ്ങള്‍ ഒരുപാട് കേട്ടറിഞ്ഞ
വാക്കുകളിലൂടെ
നീയും മൊഴിഞ്ഞു തുടങ്ങും .

മൌനം ചാലിച്ച സ്നേഹം കൊണ്ട്
മംഗളങ്ങള്‍ നേരും .
വേറിട്ട വഴിയെന്ന് ചൊല്ലി
കഴിഞ്ഞതിനൊക്കെയും നന്ദി പറയും .

വേര്പാടിന്‍റെ വേദന
പറഞ്ഞറിയിക്കും .
മറക്കാന്‍ കഴിയില്ലെന്ന് ഓര്‍മ്മപെടുത്തും .
സാഹചര്യങ്ങളിലെ കുറ്റം സ്വയം ഏറ്റെടുക്കും .

വിധിയെന്നോതി സാന്ത്വനമേകും .
ഇടറിയ മനസ്സിനെ പാകപ്പെടുത്തും .
ഒരു നോക്കിലൂടെ
കണ്ണുകള്‍ സ്നേഹത്തിന്‍റെ അവസാന കണികയും വലിച്ചെറിയും .

അറിയാതെ പൊഴിഞ്ഞ മിഴിനീരിലൂടെ
യാത്രാ മൊഴി ചൊല്ലും .

കണ്ടു നില്‍ക്കാന്‍ വിധിക്കപ്പെട്ടവന്‍റെ
നിസ്സഹായതയില്‍
ഒന്നും മിണ്ടാതെ ..നന്‍മകള്‍ നേര്‍ന്നു
പുറത്തു പുഞ്ചിരിച്ച്‌
പ്രാണന്റെ ഇഷ്ടം പ്രണയത്തിനപ്പുറമെന്നു
തിരിച്ചറിഞ്ഞ്
എന്തൊക്കെയോ പറഞ്ഞ്
ഞാനും തിരിച്ചു നടക്കും .

തോര്‍ന്നു തീരും വരെ
എന്‍റെ മിഴികളെ ഞാന്‍ മൂടിവയ്ക്കും .

ഒടുവില്‍ ..,
വഴിപിരിഞ്ഞു പോയ സൌഹൃദങ്ങളുടെ
പതിവു കാഴ്ചയായ് ... പുതിയ രൂപമായ്‌ ...
കാലം കരുതിവച്ച ഇരു വഴികളിലേയ്ക്ക്
ഞാനും നീയും നടന്നു തുടങ്ങും ...

മാറ്റത്തിന്‍റെ നിമിഷങ്ങള്‍ തേടി
പുതിയ ജീവിത യാത്രയിലേക്ക് .........

ഒരു കൌമാരക്കാരിയുടെ സ്വപ്നം (ചെറുകഥ )


ബീച്ചില്‍ കൂട്ടുകാരികള്‍ക്കുമൊത്ത് കറങ്ങി നടക്കുമ്പോളാണ് അവള്‍ അവനെ ആദ്യമായി കണ്ടത് .

ഒബ്സഷന്‍ നൈറ്റിന്റെ വശീകരിക്കുന്ന ഗന്ധം ... ലോറിയല്‍ പാരീസിന്റെ ...;.... അക്വാഗ്ലോസ് തിളക്കമുള്ള തവിട്ടു ചായമിട്ട മുടി ... ; .. കണ്ണുകളെ മറയ്ക്കുന്ന വാലന്‍റ്റി നോസണ്‍ ഗ്ലാസ്സിന്റെ ഇളം കറുപ്പ് .... ;... ലിവൈസിന്റെ റെഡ് ലുപ്പ് ജീന്‍സും ...;... ലിനന്‍ന്‍റെ ഡി സൈഗ്നര്‍ എംബ്രോയ്ഡറി ഷര്‍ട്ടും ...;... ഒറ്റ നോട്ടത്തില്‍ ത്തന്നെ സ്ത്രീകളെ വശീകരിക്കുന്ന മാസ്മരിക സൌന്ദര്യം.....

കൂട്ടത്തില്‍ സൌന്ദര്യവതി അവളായത് കൊണ്ട് അവന്‍റെ നോട്ടം അവളില്‍ തറഞ്ഞു നിന്നിരുന്നു

' ഹോ എന്തൊരു നോട്ടം ഇവന്‍ ആദ്യമായിട്ടാണോ പെണ്‍കുട്ടികളെ കാണുന്നത് ??? '

കൂടെയുള്ള കൂട്ടുകാരികളോട് അറിയാതെ പറഞ്ഞു പോയി അവള്‍ .

'ഏതോ വലിയ വീട്ടിലെ കൊച്ചനാണെന്നാ തോന്നുന്നേ നമുക്ക് പോകാം . ' കൂടെയുള്ള ഒരു കൂട്ടുകാരി പറഞ്ഞു .

നടന്നു നീങ്ങും തോറും അവന്‍റെ ഒളികണ്‍നോട്ടങ്ങള്‍ തന്നിലേക്ക് നീണ്ടു വരുന്നത് അവള്‍ കാണുന്നുണ്ടായിരുന്നു .

ചുറ്റിലും ഒരു കാന്തിക വലയം ...അതിന്‍റെ തരംഗങ്ങള്‍ തന്‍റെ സിരകളിലൂടെ ഒഴുകുന്നത്‌ പോലെ തോന്നി അവള്‍ക്ക് .

കുറച്ചു കഴിഞ്ഞ് വീണ്ടും തിരിഞ്ഞു നോക്കിയപ്പോള്‍ അവന്‍ നിന്നിടത്തു നിന്നും അപ്രത്യക്ഷമായിരുന്നു .

' അവനെ വീണ്ടും കാണാന്‍ താന്‍ കൊതിച്ചിരുന്നുവോ ... ??? '

അന്ന് രാത്രി അവള്‍ക്കു കിടന്നിട്ട് ഉറക്കം വന്നില്ല അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു അവളുടെ മനസ്സില്‍ ആ മുഖമായിരുന്നു ..... ആരാണ് അവന്‍ ??? എത്ര പുരുഷന്മാരെ ഞാന്‍ കാണാറുണ്ട്‌ പക്ഷെ ആരും എന്‍റെ മനസ്സില്‍ ഇതു വരെ കയറിയിട്ടില്ല .... ഏതോ ഒരു തെന്നല്‍ തന്നെ തഴുകുന്നത് പോലെ അവള്‍ക്കു തോന്നി .......

കരളില്‍ പൂത്തു നിന്ന പൂമുല്ല മൊട്ടുകള്‍ അനുരാഗ ലാവണ്യത്തിന്‍ നിറ ദീപത്തില്‍ വിരിയുന്നത് അവള്‍ അറിയുന്നുണ്ടായിരുന്നു ..................

പിറ്റേ ദിവസം കോളെജിലേക്ക് പോകുമ്പോള്‍ ബസ് സ്റ്റോപ്പില്‍ വെച്ച് വീണ്ടും അവനെ കണ്ടു ....ഒരു മിന്നായം പോലെ .... അവന്‍ തന്നെയാണോ എന്ന് നോക്കി ഉറപ്പു വരുത്തുന്നതിന് മുമ്പേ ആ രൂപം നീങ്ങി കഴിഞ്ഞിരുന്നു .

പിന്നീടുള്ള നാളുകളില്‍ പ്രതീക്ഷയോടെ സാധാരണ വരുന്നതിനും നേരത്തെ അവള്‍ ബസ് സ്റ്റോപ്പില്‍ കാത്തിരുന്നു ... അവനു വേണ്ടി ...... കണ്ടില്ല

പിന്നെ പലപ്പോഴും ആ മുഖം കാണാന്‍ അവള്‍ കൊതിച്ചു .. നാലാളുകള്‍ കൂടുന്ന കവലയില്‍ .. സിനിമാ തിയേറ്ററില്‍ ... ബസ് സ്റ്റോപ്പുകളില്‍ .... എവിടെയെങ്കിലും ആ കുസൃതിയുള്ള കണ്ണോടെ അവന്‍ നിന്നിരുന്നുവെങ്കില്‍ ...

യാത്രകളില്‍ അവള്‍ തേടി കൊണ്ടേയിരുന്നു ... കൗമാരത്തിന്റെ എരിതീയിലേയ്‌ക്ക്‌ പ്രണയത്തിന്റെ എണ്ണയുമായി വന്ന തന്‍റെ സ്വപ്നങ്ങളിലെ ; ... രാജകുമാരനെ ...... പിന്നീട് ആണ് അവള്‍ ആ സത്യം സ്വയം അറിയുന്നത് അവളുടെ മനസ്സില്‍ ഇന്നവന്‍ ഒരു കൂടുണ്ടാക്കിയിരിക്കുന്നു .

അങ്ങനെയിരിക്കെയാണ് , ഒരു ദിവസം അവള്‍ ഒരു പുസ്തകം മേടിക്കാന്‍ കൂട്ടുകാരിയുടെ വീട്ടില്‍ പോയത് .
കുശലം പറച്ചിലുകള്‍ക്കും , ചായ സല്‍ക്കാരത്തിനും ഇടയില്‍ കിട്ടിയ നിമിഷത്തില്‍ അവള്‍ കണ്‍ മുന്നില്‍ കണ്ട പത്രം എടുത്ത്‌ വെറുതെ കണ്ണോടിച്ചു .പത്ര പാരായണത്തിനിടയില്‍ അവളുടെ മിഴി കോണുകള്‍ .... ഒരു തലകെട്ട് വാര്‍ത്തയിലേക്ക് ഉടക്കി നിന്നു . ഇതായിരുന്നു . ആ വാര്‍ത്ത .

പെണ്‍ വാണിഭ സംഘം പിടിയില്‍ ...

കൊച്ചി : വിവാഹ വാഗ്ദാനം നല്‍കിയും മോഹിപ്പിച്ചും തട്ടി കൊണ്ടുപോയി പെണ്‍കുട്ടികളെ പ്രമുഘര്‍ അടക്കം പലര്‍ക്കും കാഴ്ച വെക്കുന്ന നാലംഗ സംഘം സംഘം പോലീസിന്റെ പിടിയിലായി . കൊച്ചിയിലെ ഒരു വാടക വീട് കേന്ദ്രീകരിച്ച് പെണ്‍ വാണിഭം നടത്തി വന്ന ഇവര്‍ പല ക്രിമിനല്‍ കേസുകളിലും പ്രതികളാണ് .
ഇവരുടെയൊപ്പം കണ്ടെത്തിയ കൌമാരക്കാരായ പെണ്‍കുട്ടികളെ മാതാപിതാക്കളെ വിളിച്ചു വരുത്തി അവരോടൊപ്പം വിട്ടു . ഇതിനോടകം പല പെണ്‍കുട്ടികളെയും ഇവര്‍ വശീകരിച്ചു വലയില്‍ വീഴ്ത്തിയിരുന്നു . ഇവര്‍ , വലയില്‍ വീഴ്ത്തിയ പെണ്‍ കുട്ടികള്‍ അധികവും കൌമാര പ്രായക്കാരാണ് .

മറ്റു വാര്‍ത്തകള്‍ വായിക്കുന്നതിനു മുമ്പേ അവളുടെ കണ്ണുകള്‍ അറിയാതെ ...... , പ്രതികളുടെ ഫോട്ടോ ഇരിക്കുന്ന ഭാഗത്തേക്ക് നീങ്ങി ,,,, .. മറ്റു പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന സംഘ തലവന്റെ ഫോട്ടോ കണ്ടപ്പോള്‍ അവളൊന്നു ഞെട്ടി .

'' ... തന്‍റെ സ്വപ്നങ്ങളില്‍ കടന്നു വന്ന് അനുരാഗത്തിന്റെ ആയിരം മഴ തുള്ളികള്‍ സമ്മാനിച്ച .... ...
തന്‍റെ നിദ്രകളെ പൊന്‍ കിരണങ്ങള്‍ കൊണ്ട് മൂടിയ ........ ; ... നല്ല നിലാവുള്ള രാത്രിയില്‍ ആകാശത്തു കണ്ടു കൊതി തീരും മുമ്പ് മാഞ്ഞു പോയ നക്ഷത്രം ...... ; ... കൗമാരത്തിന്റെ എരിതീയിലേയ്‌ക്ക്‌ പ്രണയത്തിന്റെ എണ്ണയുമായി വന്ന തന്‍റെ സ്വപ്നങ്ങളിലെ രാജകുമാരന്‍ ആ രാജ കുമാരന്റെ മുഖം ..... !!!!!!! ???? ..... ''

വെറുതെ ഒരു സ്വപ്നം (കവിത)


നിദ്ര തന്‍ ആഴകടലില്‍ മുങ്ങിത്താഴുമ്പോള്‍
കൈ പിടിക്കാനെത്തുന്നു സ്വപ്നം ...
രക്ഷകനായെത്തിയ സ്വപ്നമേ ...
നിന്നില്‍ ഞാന്‍ കാണുന്നു ഒരദൃശ്യമാം രൂപം ...
ഈ അനന്തമാം യാത്രയില്‍ ......
വേര്‍പാടിന്‍റെ വേദനയും , ജീവിത ദുഖവും ....
തിരിച്ചറിയാനാവാത്ത ഏതോ ഒരു നിമിഷത്തില്‍ ,
എന്നോര്‍മതന്‍ കല്‍പടവില്‍ ...
തങ്ങിയൊരദൃശ്ശ്യമാം മുഖമെന്നില്‍ ...

തെളിയും മുമ്പേ തീരത്തണയാതെ ...
പാതിവഴിയില്‍ കൈ വിട്ടകലുന്നു സ്വപ്നം ...
അപ്പോള്‍ പകച്ചുപോയെന്‍ മനസ്സ് വെറുതെ,
വെറുതെ ആശിച്ചു ,പോയി ഞാന്‍ എന്തെന്നറിയാതെ .....

2009, മാർച്ച് 21, ശനിയാഴ്‌ച

എനിയ്ക്കു പ്രിയം (കവിത)



എനിയ്ക്കു പ്രിയം ; ....

കുന്നിന്‍പുറത്തുനിന്നുള്ള
ദൂരക്കാഴ്ചകളില്‍ .........

നീലവര പോലെ ..........
നീണ്ടുകിടക്കുന്ന മല നിരകളെ ....

എനിയ്ക്കു പ്രിയം ; ...

മഞ്ഞു പുതച്ച മലഞ്ചെരിവും .. ,

നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്ന
താഴ്വരകളും ......

എനിയ്ക്കു പ്രിയം ; ...

കാറ്റിനെ ... ; .. ആകാശച്ചരിവിലെ
..... കരിവെള്ളിമേഘങ്ങളെ ..

മുഖം മങ്ങിയ മേഘങ്ങള്‍ ,
മഴയായി വിതുമ്പുമ്പോള്‍ ,

തിരി മുറിയാതെ പെയ്യുന്ന .... മഴത്തുള്ളികളെ ...

ഇരുണ്ട ആകാശത്തിനു കീഴെ ,
അന്തമില്ലാത്ത കരച്ചിലായി ,

പെയ്യുന്ന മഴത്തുള്ളികളെ ....

നിര്‍ത്താതെ കുളിര് കോരി
മഴ പെയ്യുന്ന സന്ധ്യകളെ ....

എനിയ്ക്കു പ്രിയം ; ...

പഞ്ചാരമണലില്‍ നിലാവുകൊണ്ട്‌ ,
കവിത എഴുതാന്‍ ......

നിലാവില്‍ മാത്രം പൂത്തു വിരിയുന്ന ,
സ്വപ്നങ്ങള്‍ കാണാന്‍ ......

നിലാവത്ത്‌ പടര്‍ന്നുനില്‍ക്കുന്ന ,
നിറയെ ചില്ലകളുള്ള ; ....

പേരറിയാത്ത മരത്തില്‍ ,
നിറഞ്ഞു നില്‍ക്കുന്ന വയലറ്റ് പൂക്കളെ ....

എനിയ്ക്കു പ്രിയം ; ...

മുഖം നിറച്ചു ചിരിച്ച്‌ .....

ഇലയും , പൂവും നുള്ളിയെത്തുന്ന .... ,

കാറ്റിനോടു കളിപറഞ്ഞ്‌ ഇരിക്കാന്‍ ....

എനിക്കേറെ പ്രിയം ; ...

തീഷ്ണ നിറങ്ങളെ ,

പച്ചപ്പുകള്‍ക്കിടയില്‍

അങ്ങനെ അണിയിച്ചു

നിര്‍ത്തിയിരിക്കുന്ന ....

മലയാള മണ്ണിന്റെ

പ്രകൃതി ലാവണ്യത്തെ ......

എന്‍റെ പ്രിയ സ്നേഹിത



എന്‍റെ സ്നേഹിത ; എന്‍റെ പ്രിയ സ്നേഹിത ...
ഞാന്‍ തിരയുന്നു ... എന്‍റെ പ്രിയപ്പെട്ട സ്നേഹിതയെ ...
കൂട്ടുകാരെ നിങ്ങള്‍ ആരെങ്കിലും കണ്ടോ അവളെ ???
ഓര്‍ക്കുട്ടില്‍ തിരഞ്ഞു അവളെ ഞാന്‍ .... കണ്ടില്ല
ഫേസ് ബുക്കിലും , ഹായ് ഫൈവിലും ... തിരഞ്ഞു
നിങ്ങള്‍ ആരെങ്കിലും കണ്ടോ അവളെ ???

ഭയമാകുന്നു എനിക്ക് അവള്‍ക്കെന്തെന്കിലും സംഭവിച്ചോ ???
അക്കൌണ്ട് നഷ്ട്ടപെട്ടുവോ ??? എന്ത് പറ്റിയിരിക്കും ???


ഞാന്‍ എത്ര കാത്തു നിന്നെന്നോ അവളുടെ മെസ്സേജുകള്‍ക്ക് സ്ക്രാപ്പുകള്‍ക്ക് ...

അവളെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല ....
അവള്‍ എനിക്ക് വെറും ഒരു സ്നേഹിത മാത്രമല്ല ...
അവളുടെ സ്വരം ഞാന്‍ ഇതു വരെ കേട്ടിട്ടില്ല ...
പക്ഷെ ഞാന്‍ കാണാത്ത അവളുടെ രൂപം
എന്‍റെ ഹൃദയത്തില്‍ ഞാന്‍ വരച്ചിട്ടുണ്ട് ...

എന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ അവളെ കണ്ടിട്ടുണ്ട് ...
അവളോട് വാ തോരാതെ സംസാരിച്ചിട്ടുണ്ട് ...

അവള്‍ എത്ര സുന്ദരമായാണ് തന്റെ പ്രണയത്തെ കുറിച്ച് എന്നോട് പറഞ്ഞത്
എന്‍റെ സ്വരം കേള്‍ക്കുവാനും സംസാരിക്കുവാനും കൊതിയാണെന്നും
ഫോണില്‍ വിളിക്കണമെന്നും നമ്പര്‍ തരുമെന്നും പറഞ്ഞാണവള്‍ പോയത് ...

എന്നിട്ട് എവിടേക്ക് പോയി അവള്‍ ,,,, എന്‍റെ കണ്ണുകള്‍ നിറയുകയാണ് ...
ജീവിതത്തിന്‍റെ ഏതെങ്കിലും കോണില്‍ ഞാന്‍ കണ്ടു മുട്ടുവോ അവളെ ???

ആരെങ്കിലും എന്നെ ഒന്ന് സഹായിക്കുമോ ??? അവളെ പിരിയാന്‍ എനിക്ക് വയ്യ !!!
അവള്‍ കൂടെയില്ലാത്തതിനാല്‍ ഏകാന്തതയുടെ കനത്ത കൈകള്‍
തോളിലമരുന്നത് ഞാന്‍ അറിയുന്നു ... ഉള്ളില്‍ ശൂന്യത നിറയുന്നത് ഞാന്‍ അറിയുന്നു

തന്‍റെ വേദനകളില്‍ അവള്‍ എന്നും പങ്കാളിയായിരുന്നു
പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ... താങ്ങും തണലുമായിരുന്നു അവള്‍ ..
ആഴത്തില്‍ വേരോടി പിന്നെയത് പറിച്ചെറിയുമ്പോള്‍ .....
വേദനിപ്പിക്കുന്നതും ആഴത്തില്‍ തന്നെ..

എത്ര മണ്ണു മാറ്റിയാലാണ് നിന്നെക്കുറിച്ചുള്ള
ഓര്‍മകളുടെ ,വേര് പിഴുതുകളയാനാവുക ?

എത്ര കടല്‍ കോരിയൊഴിച്ചാലാണ് നീ തന്ന
സ്വപ്നങ്ങളുടെ കറ കഴുകിക്കളയാനാവുക?

എത്ര ആകാശം വാരിപ്പുതച്ചാലാണ്
നിന്റെ മുഖം മനസ്സില്‍ നിന്നും മറയ്ക്കാനാവുക?

നീ കടലും ഞാന്‍ കരയുമായിരുന്നെങ്കില് ഓരോ പുണരലിനിടയിലും
ഞാന്‍ നിന്റെ ആഴങ്ങളിലേയ്ക്ക് വരുമായിരുന്നു .....

ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഞാന്‍ ഇന്നും അവളെ തേടി കൊണ്ടിരിക്കുകയാണ് .....

ആ പറങ്കി മാവിന്‍ ചോട്ടില്‍ ( പ്രണയം)





ആദ്യമായി കണ്ടനേരം പുച്ചിരി തൂകി അകന്നു നീ ....
മറ്റൊരുനാള്‍ കണ്ടനേരം മുഖം മറച്ചു നീങ്ങി നീ ....
നിന്‍ മിഴികള്‍ എന്നില്‍ പതിഞ്ഞ നിമിഷങ്ങളില്‍ .....
തളരിതനായ്‌ ഞാന്‍ സഖീ , നിന്നെ കൊതിച്ചു പോയ് .....

സ്വപ്നമധ്യേ ഞാന്‍ കണ്ട എന്‍ പ്രിയ സഖിയെ .....
എന്‍ നിദ്രയില്‍ വരുന്നത് നിന്‍ മുഖം മാത്രം .....
എന്‍ സ്വപ്നങളില്‍ നിറയുന്നത് നിന്‍ നറുപുഞ്ചിരി മാത്രം ......




ഓര്‍മ്മകള്‍ ; ... മാടിവിളിക്കുന്നു ആ പറങ്കി മാവിന്‍ ചോട്ടിലേക്ക് .....
ആദ്യമായ് നിനക്ക് ഞാന്‍ തന്ന പ്രണയ ലേഘനം
നാണത്താല്‍ വാങ്ങി ''ഇഷ്ട്ടം" എന്ന് കാതില്‍ ഓതി നീ
മധുര കരിമ്പ്‌ പോല്‍ രുചിച്ചു നോക്കിയാ പ്രണയ നിമിഷങ്ങളെ
പുലരിയും , നിലാവും .... പൊന്‍ കുളിരണിയിച്ചു .....

ഏതു സുല്‍ത്താനും .. , കൊതിച്ചു പോം ഹൂറിയാം കണ്മണിയെ ....
ഏഴാം കടലിനിക്കരെയാണേലും അറിയുന്നു ഞാന്‍
നിന്‍റെ കരലാളനത്തിന്റെ മൃദുല സ്പര്‍ശനം ........

കുളിര്‍മയേകും പ്രണയം കരകാണാതെ അലയുമ്പോള്‍ ....
ഈ കവിതകള്‍ക്കും അപ്പുറത്ത് ഒരു മഹാലോകം
പെയ്യാതെ പോയ കര്‍മേഘങ്ങളെ പോലെ ,
ഇനിയും ബാക്കി നില്‍ക്കുന്നു, ...... പറയാതെ ... ?!!!

ഞാന്‍ മൂളും കവിതയിലെ വരികള്‍ നിന്നെ കുറിച്ച് ....
ഞാന്‍ പാടും പാട്ടുകള്‍ക്കോ നിന്‍റെ രാഗം മാത്രം ....
ഈന്തപനയുടെ ചോട്ടില്‍ കിടന്നു ഞാന്‍ കവിത മൂളുമ്പോള്‍ .....
ചോദിക്കും സ്നേഹിതര്‍ ... പ്രിയേ നീ ആരാണെന്ന് .....

പനിനീര്‍ പൂവിന്റെ , സുഭഗ സുഗന്ധം നുകരാന്‍ .....
വാനമ്പാടി തന്‍ , മധുര നാദം കേള്‍ക്കാന്‍ .....
ഇന്നും , എന്‍ ഹൃദയം തുടിക്കുന്നു .....

നൊമ്പരങ്ങളുമായി ഒരു മടക്കം (കഥ)


'' സര്‍വ്വ ശക്തിയും പ്രാപിച്ചു കൂകി വിളിച്ചു കൊണ്ട് ട്രെയിന്‍ നീങ്ങികൊണ്ടിരിക്കുന്നു ''.........

''കംപാര്ട്ടുമെന്റിനുള്ളില്‍ .. ചായ , കാപ്പി , വില്‍പ്പനക്കാരുടെ ബഹളവും മല്‍സരവും '' ...

സീറ്റില്‍ ഇരുന്ന ശശിധരന്റെ തോളില്‍ മയങ്ങി കൊണ്ടിരിക്കുകയായിരുന്നു ചിന്നു മോള്‍ ... 'എന്തോ' പെട്ടെന്നവള്‍ ഉണര്‍ന്നു . '' അച്ഛാ നാടെത്തിയോ ? ''

'' ഇല്ല ; മോളെ , മോള് കിടന്നോ ... ഇനിയും നാല് സ്റ്റേഷനുകള്‍ കൂടി ഉണ്ട് . എത്തിയാല്‍ അച്ഛന്‍ വിളിക്കാട്ടോ ''

അനുസരണയോടെ വീണ്ടും ശശിധരന്റെ തോളിലേക്ക് ചാഞ്ഞു ... ചിന്നു മോള്‍ .

' മോളെ ' , തോളിലേക്ക് കിടത്തി ... അപ്പുറത്തിരിക്കുന്ന രാജിയെ നോക്കി ശശിധരന്‍
പാവം ... ഉറങ്ങുകയാണ് ... നല്ല ക്ഷീണമുണ്ടാകും ...

കോഴിക്കോടേക്ക് .... വിമാനടിക്കറ്റ് കിട്ടിയില്ല ; ... അതാണ്‌ തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തത് .
അവിടെ നിന്ന് .... ട്രെയിനില്‍ കയറി ..... ഇനി നാടെത്തണം ....

' അവധിക്കാലമല്ലേ ' .... വിമാനസര്‍വീസുകാര്‍ക്ക് കൊയ്ത്തുകാലം ... തന്നെ പോലുള്ളവര്‍ എങ്ങിനെ യാത്ര ചെയ്താലും അവര്‍ക്കെന്താ ...

ഒരുപാട് പ്രതീക്ഷകളും , സ്വപ്നങ്ങളുമായി , ... ബഹറിനില്‍ എത്തി ... ഒത്തിരി മോഹങ്ങള്‍ ഉണ്ട് ... പക്ഷെ ഒന്നും നിറവേറ്റാന്‍ കഴിയുന്നില്ലാ ... ഇങ്ങനെയൊരു പ്രതിസന്ധി വരുമെന്നും തന്‍റെ ഈ ജോലി നഷ്ട്ടപെടുമെന്നും സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നതെയില്ല ...

പ്രശസ്ത കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ എന്‍ജിനീയര്‍ ജോലി ; .... പത്തു വര്‍ഷമായി ജോലി ചെയ്യുന്നു .
ആദ്യം കമ്പനി നല്ല നിലയില്‍ മെച്ചപ്പെട്ടു വരികയായിരുന്നു ...

പെട്ടെന്ന് കടന്നു വന്ന അന്താരാഷ്ട്ര സാമ്പത്തിക മാന്ദ്യവും , ... അന്താരാഷ്ട്ര കമ്പനികളുടെ കുതിച്ചു കയറ്റവും ഈ മേഖലയെ വല്ലാതെ ബാധിച്ചു ....

ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല ....

വീട് പണി ഇത് വരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല .... വീടിനായ് കാത്തു സൂക്ഷിച്ച പണം ... കുടുംബക്കാര്‍ക്ക്‌ അയച്ചു കൊടുക്കേണ്ടി വന്നു .... ഓരോരുത്തര്‍ക്കും ഓരോ പ്രശ്നങ്ങള്‍ ... സഹോദരിക്ക് മകളെ കെട്ടിച്ചു വിടണം ... അനിയന് ... ബാന്ഗ്ലൂരില്‍ പഠിക്കാന്‍ കാശ് വേണം ...ഇളയമ്മയുടെ വീട് ജപ്തി ചെയ്യാന്‍ പോകുമ്പോള്‍ കാശയച്ചു സഹായിച്ചു ...കൂടാതെ അച്ഛനും അമ്മയ്ക്കും മാസാമാസം കാശയച്ചു കൊടുക്കണം ...

എല്ലാ ബന്ധുക്കള്‍ക്കും , നാട്ടുകാര്‍ക്കും തൊട്ടതിനും പിടിച്ചതിനും ശശിധരന്റെ കാശ് തന്നെ വേണം ...

കാശയച്ചു കൊടുക്കുമ്പോള്‍ .... ഒന്നും ആലോച്ചിരുന്നില്ല ... അപ്പോള്‍ ഉറ്റവരോടുള്ള സ്നേഹം മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ ..

രണ്ടു വര്‍ഷം മുമ്പായിരുന്നു രാജിയെയും , ചിന്നു മോളെയും ബഹറിനിലേക്ക് കൊണ്ട് വന്നത്. ജോലി നഷ്ട്ടപെട്ട വിവരം അറിഞ്ഞിട്ടും ... തന്‍റെ പ്രാണേശ്വരി രാജി ഒന്നും പറഞ്ഞില്ല ...

' അവള്‍ക്കും പൊന്നും പണവും ഒന്ന് വേണ്ടാ ... തന്റെ സ്നേഹം മാത്രം മതി '...

' താന്‍ പണം ചിലവ്വഴിക്കുന്നതോ , ആരെയെങ്കിലും സഹായിക്കുന്നതോ ... സ്നേഹം പ്രകടിപ്പിക്കുന്നതോ ഒന്നും അവള്‍ക്ക് പ്രശ്നമല്ല ' ....
പലപ്പോഴും ...' ഓര്‍ത്തിട്ടുണ്ട് '... ഇവള്‍ എപ്പോഴെങ്കിലും ഒന്ന് എതിര്‍ത്തു സംസാരിക്കണമെന്ന് ....
പക്ഷെ ഈ ദാമ്പത്യ ജീവിതത്തില്‍ ഇതുവരെ അതുണ്ടായിട്ടില്ല ... പാവം ഒത്തിരി വിഷമിച്ചു ..

ചിന്നുവിന്‍റെ ടി . സി . മേടിച്ചു കൊണ്ട് ഇന്ത്യന്‍ സ്കൂളിന്റെ പടി ഇറങ്ങുമ്പോള്‍ മകള്‍ ചോദിച്ച ചോദ്യം ഇപ്പോളും കാതില്‍ മുഴങ്ങി കേള്‍ക്കുന്നു ..

'' അച്ഛാ .... എന്തിനാ . ടി . സി വാങ്ങുന്നെ ... ഇനി ഈ ചിന്നുമോള് ഇവിടെ പഠിക്കില്ലേ ?... വേണ്ടച്ചാ ... എന്‍റെ കൂട്ടുകാരെയും , ടീച്ചേര്‍സിനെയും വിട്ടു എനിക്ക് പോകണ്ടാ എനിക്ക് ഇവിടെ പഠിച്ചാല്‍ മതി ''....

'' മോളൂ നമ്മള്‍ അതിനു വീണ്ടും വരില്ലേ ഇവിടെ ... 6 മാസം കഴിഞ്ഞു തിരിച്ചു വരും ... അപ്പോള്‍ നിനക്ക് ഇവിടെ പഠിക്കാലോ ... നിന്‍റെ എല്ലാ കൂട്ടുകാരെയും കാണുകയും ചെയ്യാം '' ...

'' അച്ഛന്‍ കള്ളം പറയുവാ '' ...

'' അല്ല മോളെ '' അപ്പോള്‍ ഇതും പറഞ്ഞു ... വിതുമ്പലോടെ ചിന്നുമോളെ മാറോട്ച്ചേര്‍ത്തണക്കുകയായിരുന്നു താന്‍ .

ആ പിഞ്ചു മോളുടെ വളര്‍ച്ചയുടെ ബാക്കിഘട്ടങ്ങളോരോന്നുംവാല്‍സല്യത്തോടെമനസ്സില്‍രൂപപെടുത്തിയെടുക്കുന്നതില്‍ എത്ര ശ്രമിച്ചിട്ടും അയാള്‍ പരാജയപെട്ടു .

സ്നേഹ വാല്‍സല്യത്തോടെ ... ചിന്നുവിന്റെ മുഖത്തേയ്ക്ക് നോക്കി അയാള്‍ ...
'' പാവം പിഞ്ചു പാദം '' ..... '' ഏതു ദുഖവും അലിയിക്കുന്ന പാല്‍ പുഞ്ചിരി '' .....

'' സ്നേഹത്തോടെ '' ആ പിഞ്ചുമുഖത്തേക്ക് നോക്കി ഇരുന്നു പോയി അയാള്‍ ...

വാതസല്യത്തോടെ നെറുകയില്‍ തലോടി ...

എന്തെന്നറിയില്ല ... പ്പെട്ടെന്നവളുണര്‍ന്നു ...

''എത്തിയില്ലേ അച്ഛാ ''...

'' ഇല്ല മോളെ '' ... അടുത്ത സ്റ്റേഷനാണ് .. ഇനിയുറങ്ങണ്ടാ ...

അനുസരണയോടെ '' അവള്‍ '' എണീറ്റിരുന്നു ...

ശശിധരന്‍ അടുത്തിരിക്കുന്ന ' രാജിയെയും ' വിളിച്ചു ...


'' എണീറ്റെ രാജി ... സ്റ്റേഷന്‍ എത്താറായി എന്തൊരു ഉറക്കമാ '' .....

'' വിളി കേട്ട '' ഉടനെ രാജി എഴുന്നേറ്റു മുഖം കഴുകാനായി ... ബാത്ത് റൂമിലേക്ക്‌ പോയി .

'' അച്ഛാ ... എനിക്ക് ഇന്ന് എന്‍റെ ജിബിനെ കാണാന്‍ പറ്റില്ലേ .''..

''ചിന്നു മോള്‍ '' ചോദിച്ചു

''ജിബിന്‍ '' അവളുടെ കളിക്കൂട്ടുകാരനായിരുന്നു ... അവനെ കണ്ടിട്ട് അവള്‍ രണ്ടു വര്‍ഷമായി ...

തന്‍റെ ജ്യേഷ്ഠന്‍റെ '' മകന്‍ ''

'' കാണാം മോളെ '' ... ഇനി അവനും ഉണ്ടാകും നിന്‍റെ 'കൂടെ കളിക്കാനും '... , ' തമാശ പറയാനും ' .. എല്ലാം ... ''എന്താ പോരെ '' ....

''ഹായ് ''... സന്തോഷം കൊണ്ട്‌ ചിന്നു മോളുടെ അധരത്തില്‍ നിന്നും പുറത്തു വന്നത് ഈ വാക്കുകള്‍ മാത്രമായിരുന്നു ....


കോഴിക്കോട് റയില്‍വേ സ്റ്റേഷന്‍ ... യാത്രക്കാര്‍ തിങ്ങി നിറഞ്ഞ സ്റ്റേഷനിലേക്ക് മൂളലുകളോടെ ട്രെയിന്‍ പതുക്കെ നിന്നു .

പെട്ടിയും , മറ്റു സാധനങ്ങളുമായി ശശിധരനും , രാജിയും , ചിന്നു മോളും അവിടെ ഇറങ്ങി.

മുന്നോട്ടു നടക്കുമ്പോള്‍ ശശിധരന്റെ മനസ്സില്‍ '' നൂറായിരം '' ചോദ്യങ്ങള്‍ശരം കണക്കെ അണപൊട്ടി എയ്യുകയായിരുന്നു ....

ഇന്നിപ്പോള്‍ എന്റെ സ്വപ്നങ്ങള്‍ നിറയെ ... ; നരച്ച ആകാശമാണ്‌ .... നിലാവും , നീലക്കുറിഞ്ഞികളും ,ഓറഞ്ച്‌ മണമുള്ള പകലുകളുമൊക്കെ എന്റെ തോന്നലുകളില്‍ മാത്രം പൂത്തും കായ്ചും നില്‍ക്കുന്നു ....

ഒരു വയലിന്‍ കമ്പിയുടെ നേര്‍ത്ത ഞരക്കം .... ഒറ്റപ്പെടലിന്റെ നീണ്ട മഞ്ഞവരമ്പ്‌... പിന്നെയും, എന്തൊക്കെയോ...!!!

കറുപ്പും വെളുപ്പും നിറഞ്ഞ എന്റെ സ്വപ്നത്തിന്റെ പടവുകള്‍ക്കു താഴെ, നിലാവിന്റെ വെറും നിലത്ത്‌

ഇലകള്‍ക്കു മുകളിലൂടെ ചുവടുവയ്ക്കുമ്പോള്‍ , കേള്‍ക്കരുതേ ആരും തന്‍റെ ഈ രോദനം എന്നേ ... ആഗ്രഹിച്ചുള്ളൂ ... ; ... അയാള്‍ .....


റയില്‍വേ സ്റ്റേഷനില്‍ നിന്നും ഓട്ടോറിക്ഷയില്‍ വീട്ടിലേക്കുള്ള യാത്രയില്‍ ശശിധരന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു ... ഓര്‍മ്മകള്‍ അയാളെ നിരന്തരം പഴയ കാലത്തിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി.
വേദനയും ശൂന്യതാ ബോധവും മാത്രം നല്‍കുന്ന ഓര്‍മ്മകള്‍ ..... യുദ്ധം കഴിഞ്ഞെത്തിയ പടയാളിയുടേതു പോലെയുള്ള അസഹ്യമായ ഏകാന്തത. കണക്കെടുപ്പുകളില്‍ നഷ്ടവും ലാഭവും തിരിച്ചറിയാതെ. എന്നാല്‍ വേദനിപ്പിക്കുന്ന കുറെയേറെ ദൃശ്യങ്ങളെ നെഞ്ചിലേറ്റിയങ്ങനെ ........

പിലാക്കണ്ടി ഹൗസ്‌ -
രാമന്‍ നായര്‍ക്കും ,കാര്‍ത്ത്യായനിയമ്മക്കും നാല് മക്കള്‍ മൂന്നു ആണും , ഒരു പെണ്ണും
മൂത്തത് മകള്‍ ഗിരിജ ഭര്‍ത്താവും മൂന്നു കുട്ടികളുമായി .. ഫറോക്കില്‍ വീട് വെച്ച് മാറി താമസിക്കുന്നു . രണ്ടാമത്തെ മകന്‍ സതീശന്‍ , ഭാര്യ മിനിയും മകന്‍ ജിബിനും .... സതീശന്‍ ഭാര്യ വീടിന്റെ അടുത്ത്‌ സ്ഥലം വാങ്ങി .. വീട് പണി നടന്നോണ്ടിരിക്കുന്നു ...മൂന്നാമത്തെ മകന്‍ ശശിധരന്‍ ഭാര്യ രാജി , മകള്‍ ചിന്നു ...... പിന്നെ ഇളയവന്‍ സുമേഷ് ബാഗ്ലൂരില്‍ എന്‍ജിനീയറിങ്ങിനു പഠിക്കുന്നു .


പ്രതീക്ഷിക്കാതെ ഗള്‍ഫില്‍ നിന്നും മടങ്ങി വന്ന മകന്‍റെ തിരിച്ചു വരവ് ശശിധരന്‍റെ അച്ഛന്‍ രാമന്‍ നായര്‍ക്കും അമ്മ കാര്‍ത്ത്യായനിയമ്മക്കും അമ്പരപ്പുളവാക്കി .

'മോനെ വരുന്ന വിവരം ഒന്ന് വിളിച്ചു പറഞ്ഞൂടായിരുന്നോ നിനക്ക് ... '

' അറിഞ്ഞിരുന്നെങ്കില്‍ നിങ്ങളെ കൂട്ടി കൊണ്ട് വരാന്‍ സതീശനെ ഞാന്‍ കാറുമായി എയര്‍പോട്ടിലേക്ക് അയക്കുമായിരുന്നല്ലോ ??? ... ' കാര്‍ത്ത്യായനിയമ്മ മകനോട്‌ ചോദിച്ചു ....

' പെട്ടെന്നുള്ള തീരുമാനമായിരുന്നു ... അമ്മേ ' ... ശശിധരന്‍ പറഞ്ഞു

' എന്ത് പെട്ടെന്നായാലും .. നിനക്കൊന്നു അറിയിക്കാമായിരുന്നു ..അതെങ്ങിനെയാ ... എന്ത് ചെയ്യുമ്പോളും ആരും അറിയാതെ ചെയ്യുന്നതാണല്ലോ നിനക്ക് പണ്ടേ ഇഷ്ട്ടം ... ' .... രാമന്‍ നായര്‍ പറഞ്ഞു...

' അങ്ങിനെ പെട്ടെന്ന് അറിയിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍ '

ശശിധരന്‍ എല്ലാ വിവരങ്ങളും അവരെ പറഞ്ഞു ധരിപ്പിച്ചു ... തന്‍റെ ജോലി നഷ്ട്ടപെട്ടതും , മകളുടെ ടി . സി വാങ്ങിയതും , തിരിച്ചു പോകാന്‍ പറ്റുകയില്ലെന്നും ... എല്ലാം ..

' രാജി നീ മോളേം കൂട്ടി അകത്തോട്ടു ചെല്ല് മോളുടെ ഡ്രസ്സൊക്കെ ഒന്നു മാറ്റി പുത്തനുടുപ്പിക്ക് നോക്കിയെ ആകെ മുഷിഞ്ഞിരിക്കുവാ ' ... കാര്‍ത്ത്യായനിയമ്മ രാജിയോടു പറഞ്ഞു .

' ചിന്നു മോളെ മോള്‍ക്ക്‌ സുഖമല്ലേ ... എനിക്കെന്താ മോള് കൊണ്ട് വന്നെ ...'

' സുഖാണല്ലോ ... അച്ഛമ്മേ ... അച്ഛമ്മക്ക്‌ തിന്നാന്‍ ചോക്ലേറ്റ് കൊണ്ട് വന്നിട്ടുണ്ടല്ലോ '...

' ആണോ .... ഹ ഹ ഹ എന്നിട്ട് വേണം എന്റെ ഉള്ള പല്ലും കെടാക്കാന്‍ ' ല്ലേ ???

'അതിനച്ഛമ്മക്ക്‌ പല്ല് ഇല്ലാലോ ???? '

' മതി അവളുടെ ഒരു കിന്നാരം വാ നടക്ക് ' .... ഇതും പറഞ്ഞു രാജി മോളേം കൂട്ടി അകത്തോട്ടു പോയി .


' ഓരോ സ്വപ്നങ്ങളുമായ് ഗള്‍ഫിലേക്ക് പോകുന്നു ഓരോരുത്തര്‍ ... ചിലര്‍ക്ക് ദൈവം വാരി കോരി നല്‍കുന്നു ... ചിലര്‍ക്ക് കഷ്ട്ടപാടും പണനഷ്ടവും മിച്ചം ... എന്നിട്ടും , ആര്‍ക്കും ഗള്‍ഫ് മോഹം അവസാനിക്കുന്നില്ല ..... ഇതാണ് കാലം ' .... രാമന്‍ നായര്‍ പറഞ്ഞു .

' ആട്ടെ ഇനിയെന്താ പരിപാടി ??? ' ...

' ഒന്നും തീരുമാനമായിട്ടില്ല '

' മോനെ ഇനി നീ ഗള്‍ഫിലേക്കൊന്നും പോവണ്ട .... നിനക്കിനി ഇവിടുതന്നെ എന്തേലും ജോലിക്ക് ശ്രമിച്ചൂടെ ? ഒന്നൂല്ലേലും നീ ഒരു എന്‍ജിനീയര്‍ അല്ലേടാ ... ' .... കാര്‍ത്ത്യായനിയമ്മ പറഞ്ഞു .

' ശ്രമിക്കണം എന്തേലും വഴി ദൈവം കാണിച്ചു തരുമായിരിക്കും '

' മോനെ ആയുസ്സ് മുഴുവന്‍ സഹിക്കുവാനുള്ള ഒരു യുദ്ധമാ ജീവിതം ..... അത് സഹിക്കുവാനുള്ള കരുത്തുണ്ടാവണം .... ' .... രാമന്‍ നായര്‍ പറഞ്ഞു...

' മോനെ ..... ബാക്കി കാര്യങ്ങളൊക്കെ നമ്മുക്ക് പിന്നീട് ആലോചിക്കാം നീ പോയി കുളിച്ചു
ഡ്രസ്സൊക്കെ മാറി വാ ...അപ്പോഴേക്ക് ഞാന്‍ ഭക്ഷണം വിളമ്പി വെച്ചേക്കാം ... ' .... കാര്‍ത്ത്യായനിയമ്മ
മകനോട്‌ പറഞ്ഞു .

ശശിധരന്‍ അകത്തേക്കുപോയി ... ഞൊടിയിടയില്‍ കുളിച്ചു ഡ്രസ്സ് മാറി വന്നു .അപ്പോഴേക്കും കാര്‍ത്ത്യായനിയമ്മ ഭക്ഷണം വിളമ്പി വെച്ചിരുന്നു .

കാര്‍ത്ത്യായനിയമ്മ അകത്തേക്ക് പോയി രാജിയെയും ചിന്നു മോളെയും വിളിച്ചു , ഭക്ഷണം കഴിക്കാന്‍ ... അവരും വന്നിരുന്നു .

അപ്പോഴേക്കും കൈ കഴുകി രാമന്‍ നായരും വന്നു .

'സതീശേട്ടന്‍ എവിടെ അമ്മെ ??? ' ശശിധരന്‍ ചോദിച്ചു

' സതീശന്‍ ഒരാഴ്ചയായി ഭാര്യ വീട്ടിലാ താമസം ... അവനൊരു സ്ഥലം വാങ്ങി . ഭാര്യാ വീടിനടുത്ത് ...
വീട് പണി നടക്കുവാ ... അതിനാല്‍ എളുപ്പത്തിനു വേണ്ടി ... ,,, അല്ലാ ... സ്ഥലം വാങ്ങിയ വിവരം ഒന്നും അവന്‍ നിന്നോട് പറഞ്ഞില്ലേ ??? .... കാര്‍ത്ത്യായനിയമ്മ ... ചോദിച്ചു .

' ഇല്ല ' നിങ്ങള്‍ പറഞ്ഞപ്പോള്‍ ... ഇപ്പോഴാ ഞാനീ കാര്യം അറിയുന്നത് തന്നെ .

'ഞങ്ങളും വാങ്ങി ഒരു മാസത്തിനു ശേഷമാ അറിയുന്നത് ' രാമന്‍ നായര്‍ പറഞ്ഞു

' ഒക്കെ അവളുടെ പണിയാ അവന്റെ ഭാര്യ മിനിയുടെ ... ഇവിടെ അടുത്ത്‌ വാങ്ങാന്‍ സ്ഥലം കിട്ടാഞ്ഞിട്ടാണോ അഹങ്കാരം ... അതും ഇത്രയും പെട്ടെന്ന് മാറി താമസിക്കാന്‍ അവനു എന്തിന്‍റെ കുറവാ ??? ... ഞങ്ങള്‍ക്ക് വയസ്സായി പോയില്ലേ അതായിരിക്കും ... ' ... കാര്‍ത്ത്യായനിയമ്മ പറഞ്ഞു .

' അവരവര്‍ അവരവരെ മറക്കുന്ന കാലാ ഇതെന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ ... പക്ഷെ ഇതാ കണ്ടറിഞ്ഞു ... നീ അയച്ചു കൊടുത്ത പണവും കൂടി കൂട്ടിയാ അവന്‍ പച്ചക്കറി കട തുടങ്ങിയത് ... അത് കൊണ്ട് കുറച്ചു സമ്പാദിക്കുകയും ചെയ്തു .... പണം കയ്യില് വന്നപ്പോള്‍ അവന്‍ സ്വന്തവും ബന്ധവും ഒക്കെ മറന്നു .... ' ... രാമന്‍ നായര്‍ പറഞ്ഞു .

' കഴിക്ക് മോനെ ' ശശിധരന്റെ പ്ലേറ്റില്‍ ഭക്ഷണം വീണ്ടും വിളമ്പി കൊണ്ട് കാര്‍ത്ത്യായനിയമ്മ പറഞ്ഞു .

' രാജി .. നീയും കഴിക്ക് മോളെ എപ്പോള്‍ കഴിച്ച ഭക്ഷണമാവും ... വിശപ്പുണ്ടാവും . '

'ചിന്നൂ .. അച്ഛമ്മ കുറച്ചൂടെ ചോറിട്ടു തരട്ടെ ... മോള് കഴിക്കുവോ ??? '

' വേണ്ട അച്ചമ്മേ ഇത് തന്നെ കഴിക്കാന്‍ പറ്റണില്ല ... നോക്കിക്കേ ' ... പ്ലേറ്റ് ചൂണ്ടി ചിന്നുമോള്‍ പറഞ്ഞു .

' നിനക്ക് ഞങ്ങളെ പോലെ വളര്‍ന്നു വലുതാവണ്ടേ ... എങ്കില്‍ ഭക്ഷണം നന്നായിട്ട് കഴിക്കണം. '

' ഞാന്‍ കഴിക്കാറുണ്ടല്ലോ ഇപ്പോള്‍ വേണ്ടാഞ്ഞിട്ടല്ലേ '....

' പിന്നെ നീ വന്ന വിവരം സതീശനെ വിളിച്ചു പറഞ്ഞിട്ടുണ്ട് ... അവന്‍ രാവിലെ മിനിയെയും മോനെയും കൂട്ടി വരാമെന്ന് പറഞ്ഞിട്ടുണ്ട് ..... ഗിരിജയെയും വിളിച്ചു പറഞ്ഞു അവളും നാളെ വരുമെന്ന് പറഞ്ഞിട്ടുണ്ട് ... സുമേഷിനു എക്സ്സാമുണ്ടെന്നു പറഞ്ഞു പെട്ടെന്ന് വരാന്‍ ശ്രമിക്കാന്നും പറഞ്ഞു ....

എല്ലാവരെയും വിളിച്ചു ഞാന്‍ പറഞ്ഞിട്ടുണ്ട് ... വരുന്നവരു .. വരട്ടെ ' ... കാര്‍ത്ത്യായനിയമ്മ പറഞ്ഞു .

എല്ലാവരും ഭക്ഷണം കഴിച്ചെഴുന്നേറ്റു . രാമന്‍ നായരും , ശശിധരനും , ചിന്നുമോളും കൈ കഴുകാന്‍ ഉമ്മറത്തേക്ക് പോയി .

കാര്‍ത്ത്യായനിയമ്മയും രാജിയും ഭക്ഷണ പാത്രങ്ങള്‍ എടുത്തു അടുക്കളയിലേക്കു പോയി ...

അടുക്കളയിലെ പണിയൊക്കെ കഴിഞ്ഞു ... രാജി മുറിയിലേക്ക് വരുമ്പോള്‍ ശശിധരന്‍ എന്തൊക്കെയോ ആലോചിച്ചു കൊണ്ട് കിടക്കുകയായിരുന്നു ... അടുത്ത് കിടന്ന ചിന്നുമോള്‍ ഉറക്കം പിടിച്ചിരുന്നു ....

' എന്താ , നിങ്ങള്‍ ആലോചിക്കുന്നത് . സതീശേട്ടന്റെ കാര്യമാണോ ??? '

' അതെ , അച്ഛന്‍ പറഞ്ഞത് പോലെ ഞാന്‍ സഹായിച്ച പണം കൊണ്ടാ ജ്യേഷ്ഠന്‍ ഈ നിലയിലെത്തിയത് എന്നിട്ട് സ്ഥലം വാങ്ങിയ വിവരവും ഒന്നും തന്നെ എന്നെ അറിയിച്ചില്ല കേട്ടിട്ട് എനിക്ക് വിഷമമായി ' .....

' നിനക്കറിയ്യോ , ... കുട്ടികാലത്ത് ഞങ്ങള്‍ ഒരു മെയ്യും രണ്ടു ശരീരവുമായിരുന്നു എനിക്ക് ജ്യേഷ്ഠനെയും ജ്യേഷ്ഠന് എന്നോടും വലിയ ഇഷ്ട്ടമായിരുന്നു .. ആ സ്നേഹം എന്നാണ് അന്യം നിന്ന് പോയത് .. ഹാ .. അറിയില്ല ... '

' സാരമില്ല ശശിയേട്ടാ .... പണം നമ്മുടെ കയ്യിലും വരും ..... ഈ ലോകത്ത് എല്ലാവരും ഗള്‍ഫ് കൊണ്ടാണോ ജീവിക്കുന്നത് ..... അല്ലല്ലോ ?? !! .... ഇതിനെക്കാളും ബുദ്ധിമുട്ടും കഷ്ട്ടപാടുമായി ഒരു ചില്ലി കാശുപോലുമില്ലാതെ കടത്തിന് കടവുമായി തിരിച്ചു നാട്ടിലെത്തിയ എത്ര ഗള്‍ഫുകാരുണ്ട് നമ്മുടെ നാട്ടില്‍ ...... എന്നിട്ട് അവരാരും ജീവിക്കുന്നില്ലേ ?? !! ... ഇപ്പോള്‍ നമുക്ക് വലിയ നഷ്ട്ടങ്ങളൊന്നും സംഭവിച്ചില്ലല്ലോ ... എല്ലാം നേരെയാകും ... എന്‍റെ മനസ്സ് പറയുന്നു ... '

' എനിക്ക് ധൈര്യം തരാന്‍ നീ കൂടി ഇല്ലെങ്കില്‍ ഞാന്‍ ആകെ തളര്‍ന്നു പോകുമായിരുന്നു ... മോളെ ' ..ശശിധരന്‍ പറഞ്ഞു

' എനിക്ക് ഒരിക്കലും നിന്നെ സ്നേഹിക്കാന്‍ പറ്റിയില്ലാ ... ഉള്ള പണം മുഴുവന്‍ കുടുംബക്കാര്‍ക്കും മറ്റും കൊടുത്തു സഹായിക്കുമ്പോളും .... നിനക്ക് ഒരു നല്ല സാരി പോലും വാങ്ങി തരാന്‍ ഞാന്‍ മറന്നു പോയി ... എന്നിട്ടും നീ ഒരിക്കലും ഒരു പരിഭവവും എന്നോട് പറഞ്ഞിട്ടില്ലാ .... ഒരു മറു വാക്ക് എന്നോട് പറഞ്ഞിട്ടില്ലാ .... നീ എന്നെ ജീവന് തുല്യം സ്നേഹിക്കുന്നു ....

' ഇപ്പോള്‍ ' ; .... ഇത് പറഞ്ഞു ഒരു കൊച്ചു കുഞ്ഞിനെ പോലെ ... അയാള്‍ വിതുമ്പുകയായിരുന്നു ...

' ഞാന്‍ ആകെ തളര്‍ന്നു പോയി മോളെ ... നീ കൂടി ഇല്ലെങ്കില്‍ .... നിന്റെ സ്നഹം കൂടി ഇല്ലെങ്കില്‍ ' .... ഈ വാക്കുകളോടെ വാവിട്ടു കരയുകയായിരുന്നു അയാള്‍ .... അയാളുടെ മനസ്സിലെ നഷ്ട്ട ബോധങ്ങളുടെ കനല്‍ ഉരു തിരിഞ്ഞു നീറി പുകഞ്ഞു പുറത്തേക്ക് വരികയായിരുന്നു ... നിറകണ്ണുകളോടെ അയാള്‍ അവളുടെ തോളിലേക്ക് ച്ചാഞ്ഞു ...

അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. തേങ്ങലടക്കാന്‍ അയാള്‍ ചുണ്ടുകള്‍ കടിച്ചുപിടിച്ചിരുന്നു. പക്ഷേ അത് രാജി കാണുന്നുണ്ടായിരുന്നില്ല.

ഏതോ ... രാത്രി നിമിഷങ്ങളില്‍ രണ്ടു പേരും ... നിദ്രയില്‍ ലഹിച്ചു ...

കണ്ണുകള്‍ പൂട്ടി, സ്വപ്നത്തിന്റെ വഴിയിലൂടെ അവര്‍ ഏതോ സ്വപ്ന തീരങ്ങളിലേക്ക് യാത്ര പോയി .

കാലത്ത് ഒരു ഗ്ലാസ് ഛായയുമായി കിടപ്പറയില്‍ വന്ന രാജി കണ്ടത് അത് വരെ എഴുന്നേല്‍ക്കാതെ കിടന്നുറങ്ങുന്ന ശശിധരനെയാണ് ...

'അല്ല ചേട്ടാ എന്തൊരുറക്കമാ ഒന്നെണീറ്റെ ... ചെന്ന് കുളിച്ചിട്ടു വാ ഞാന്‍ കുളിമുറിയില്‍ എണ്ണയും , സോപ്പും എടുത്തു വെച്ചിട്ടുണ്ട് ...'

' ഇന്നാ തോര്‍ത്ത് '... . രാജി അലമാര തുറന്ന്‌ തോര്‍ത്ത് എടുത്ത്‌ കട്ടിലില്‍ ഇട്ടു കൊടുത്തു. ക്ഷീണമുണ്ടെങ്കിലും മനസ്സില്ലാ മനസ്സോടെ അയാള്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റു .

'ചിന്നു മോളെവിടെ രാജി ' .... അയാള്‍ ചോദിച്ചു .

' അവളോ അവള്‍ ജിബിന്‍റെ , കൂടെ തൊടിയിലിരുന്നു കളിക്കുവാ ... രാവിലെ സതീശേട്ടന്‍ വന്നിരുന്നു . മിനി ചേച്ചിയെയും ജിബിനെയും ഇവിടെയാക്കി ഉച്ചക്ക് വരാമെന്നും , പറഞ്ഞു പോയി . ച്ചേട്ടന്‍ ഉറങ്ങുവായിരുന്നു ..അതാ വിളിക്കാഞ്ഞേ ' ... ...

അയാള്‍ പതിയെ തോര്‍ത്തുമെടുത്ത്‌ വരാന്തയിലേക്ക്‌ നടന്നു . ചിന്നു മോള്‍ ജിബിനുമൊപ്പം കളിക്കുന്നുണ്ടായിരുന്നു ... ശശിധരനെ കണ്ട നിമിഷം അവള്‍ ഓടി വന്നു ...

' അച്ഛാ എനിക്കൊരു ഊഞ്ഞാല കെട്ടി തരാമോ ... ' അവള്‍ ചോദിച്ചു .

' എന്തിനാ .. വീണ്‌ .. കയ്യും , കാലും ഒടിക്കാനോ ??? '

'പ്ലീസ് അച്ഛാ ... എന്‍റെ പൊന്നച്ഛനല്ലേ ... '

അയാള്‍ തൊടിയിലിരുന്ന കയറെടുത്ത്‌ ഒരു ഊഞ്ഞാല കെട്ടി കൊടുത്തു .

ശേഷം അയാള്‍ നേരെ കുളിമുറിയിലേക്ക് നടന്നു ...

കുളിച്ചു തിരിച്ചു മുറിയിലേക്ക് വന്നപ്പോള്‍ ..... രാജിയുണ്ടവിടെ ...

' ദെ , ഇതെന്തൊരു കോലമാ ..... നിങ്ങള്‍ക്ക് ആ ... കവലയില്‍ ചെന്ന് ആ വളര്‍ന്ന താടിയും
മുടിയും ഒന്ന് വെട്ടി വൃത്തിയാക്കി വന്നൂടെ ... '

' വേണ്ട രാജി ഇന്ന് വേണ്ട നാളെ പോയി വെട്ടാം '

'അത് നല്ല കഥ ... രണ്ടു പേരു കണ്ടാല്‍ പറയാന്‍ അതുമതി '

' ചെല്ല് ച്ചേട്ടാ .. മടിക്കാതെ കവലയില്‍ .... പരിചയക്കാരെയും കാണാലോ ... '

' എന്തേലും ജോലിക്ക് ശ്രമിക്കയും ആവാം '

രാജിയുടെ നിര്‍ബന്ധന്ത്തിനു വഴങ്ങി ശശിധരന്‍ പാന്‍റും ഷര്‍ട്ടുമിട്ട് കവലയിലോട്ടു നടന്നു .

പോകുന്ന വഴിയില്‍ ശശിധരനെ കണ്ട പരിചയക്കാരെല്ലാം കുശലം തിരക്കി '

' എല്ലാ ശശിധരാ നിനക്ക് സുഖമല്ലേ ??? ..എന്നാ തിരിച്ചു പോവുന്നെ ??? '

ഒരു ഗള്‍ഫുകാരനും ഇഷ്ട്ടപെടാത്ത ചോദ്യം .

ജോലി നഷ്ട്ടപ്പെട്ട വിവരവും ഇനി തിരിച്ചു ഗള്‍ഫിലേക്കില്ലെന്നും , പറഞ്ഞപ്പോള്‍

ആരുടെയൊക്കെയോ മുഖങ്ങളില്‍ ഒരു മ്ലാനത ...

' ഈ ശലല്യം ഇനി പോവുന്നില്ലേ ' ...അങ്ങിനെയാണോ അവര്‍ മനസ്സില്‍ പറഞ്ഞത് അല്ല എനിക്ക് തോന്നിയത് ആണോ ...

കവലയില്‍ ചെന്ന ഉടനെ നേരെ കൃഷ്ണന്‍റെ ബാര്‍ബര്‍ ഷോപ്പിലേക്ക് നടന്നു ...

പുറത്തൊരു വിദേശ കാറ്‌ നിര്‍ത്തിയിട്ടുണ്ട് ... ഈ നാട്ടിന്‍ പുറത്തു ഇത്തരം വില പിടിച്ച കാറ്‌ സാധാരണ അങ്ങിനെ കാണാറില്ല ...

ശശിധരനെ കണ്ടു കൃഷ്ണന്‍ ചോദിച്ചു അല്ല ഇതാര് ശശിധരനോ ... എപ്പോള്‍ വന്നു ???

' ഞാനിന്നലെയാ വന്നത് ചേട്ടാ ... '

'ഒന്ന് തടിച്ചിട്ടുണ്ട് പക്ഷെ !! , ... പൊക്കം കുറച്ചു കുറഞ്ഞിട്ടുണ്ടോന്നു സംശയം '

'അത് ചേട്ടന് തോന്നുന്നതായിരിക്കും '

' എനിക്കൊന്നു മുടി വെട്ടണം ച്ചേട്ടാ ... '

' താനിവിടെയിരിക്ക് ഞാനിദേഹത്തിന്റെ മുടിയോന്നു വെട്ടട്ടെ ... '

അപ്പോഴാണ്‌ ശശിധരന്‍ മുടി മുറിക്കാന്‍ കസേരയിലിരുന്ന ആളിനെ ശ്രദ്ധിച്ചത് ... ഒരു ആജാന ബാഹു .. തടിച്ചു പൊക്കമുള്ള ഒരു മനുഷ്യന്‍ ... കയ്യില്‍ സ്വര്‍ണത്തിന്റെ ബ്രസ്സിലേറ്റ് .. കണ്ട്ടിട്ടു ഒരു പണക്കാരനാണെന്ന് തോന്നുന്നു ...

ശശിധരന്‍ അവിടിരുന്ന പത്രങ്ങളിലൊക്കെ ഒന്ന് കണ്ണോടിച്ചു ..
ശശിയേട്ടാ ... ആ വിളി കേട്ടാണ്‌ തിരിഞ്ഞു നോക്കിയത് . നോക്കുമ്പോള്‍ രാഷ്ട്രീയ നേതാവ് ദിവാകരനും സഹ പ്രവര്‍ത്തകരും ശശിധരനെ കണ്ട പാടെ .... ,,,,

' എടാ പ്രദീപേ .... ശശിയേട്ടന്റെ വക ഇരുനൂറ്റമ്പത് ഒന്ന് എഴുതിക്കേ .... '

' എന്താണ് ദിവാകരാ ... എനിക്കൊന്നും മനസ്സിലായില്ല . '

'ഒന്നുമില്ല ശശിയേട്ടാ ഞങ്ങളുടെ പാര്‍ട്ടീടെ ഒരു ജാഥ ഉണ്ട് തലസ്ഥാന നഗരിയില്‍ നിന്നും
കാസര്‍കോടേക്ക് അതിന്‍റെ പിരിവാ ... '

' ഒരു മിനിട്ട് ചേട്ടാ ... '

ശശിധരന്‍ നോക്കി ആ സംസാരിച്ച ആളെ .... ഇപ്പോഴാണ് ആളുടെ മുഖം കണ്ടത് . അത് ആ കസേരയിലിരുന്ന മുടി വെട്ടി കൊണ്ടിരുന്ന ആ മനുഷ്യനായിരുന്നു .... കവിള് തുടുത്ത ഒരു മനുഷ്യന്‍ ..

' ചേട്ടാ ഒരു ചില്ലി കാശ് പോലും ഇവര്‍ക്ക് കൊടുക്കരുത്‌ ... പണ പിരിവിനു ഇറങ്ങിയിരിക്കുന്നു ... സംഭാവന ചോദിക്കാന്‍ ..... '

' ഗള്‍ഫുക്കാരനെയെ ,,, കാണൂ ഇവരുടെ കണ്ണില്‍ ...ഒരവധിക്കോ മറ്റോ നാട്ടില്‍ വന്നാല്‍ ഇലക്ഷനുണ്ടെങ്കില്‍ ഒരു വോട്ടു പോലും ചെയ്യാന്‍ പറ്റില്ല . കാരണം വോട്ടേര്‍സ്സ് ലിസ്റ്റില്‍ പേരുണ്ടാവില്ല ... എല്ലാം ഇവര്തന്നെ ത്തള്ളിക്കും ... എന്നിട്ട് നാണമില്ലാതെ യാചിക്കും ഗള്‍ഫുകാരനോട്‌ ...... '

'നിങ്ങള്‍ പൊയ്ക്കൊള്ളൂ ചേട്ടാ ഇവിടുന്നു ആരും ഒരു ചില്ലികാശു തരില്ല '

' അതെ ചേട്ടാ നിങ്ങളൊക്കെ ഒന്നോര്‍ക്കണം . ജോലി നഷ്ട്ടപെട്ടു തിരിച്ചു വരുന്ന ഗള്‍ഫുകാര്‍ക്ക് ധന സഹായ പദ്ധതി ഞങ്ങളുടെ പാര്‍ട്ടി ആസൂത്രണം ചെയ്യുന്നുണ്ട് '

'ഹോ അതും കൂടി ഇല്ലാഞ്ഞിട്ടാണ് ... ഗള്‍ഫുകാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് എന്ന് പറഞ്ഞു തുടങ്ങി ഒരു സംരംഭം ... എന്നിട്ടെന്തുണ്ടായി ... അതെല്ലാവര്‍ക്കുമറിയാം .... '

അവിടെ നിന്നാല്‍ പന്തികേടാണെന്ന് തോന്നിയ ദിവാകരനും സംഘവും പൊടുന്നനെ സ്ഥലം വിട്ടു.

' പിലാക്കണ്ടി ശശിധരനല്ലേ '

' അതെ '

'എന്നെ തനിക്ക് മനസ്സിലായോ ???'

' ഇല്ല '

' എന്‍റെ പേര് അബ്ദുല്‍ കരീം ഏഴു മുതല്‍ പത്തു വരെ നാം ഒന്നിച്ചു പഠിച്ചിരുന്നു ... കോല്‍ ഐസ് വാങ്ങിയിട്ട് ... നിനക്ക് പണം തരാതെ പറ്റിച്ചു നടന്ന നീ ' ഉണ്ട പോക്രി 'എന്ന് വിളിക്കുന്ന കരീമിനെ ഓര്‍മ്മയുണ്ടോ ??? ...

ഓര്‍മ്മകള്‍ അയാളെ പഴയ കാലത്തിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി.

' ഹോ .... അറിയാം ... കരീം .. ' .... ശശിധരന്‍ പറഞ്ഞു

ഒരുപാട് കാലങ്ങള്‍ക്ക് ശേഷം കളികൂട്ടുകാരനെ കണ്ട സന്തോഷം ശശിധരന്റെ മുഖത്ത്‌ കണ്ടു .

' നീ ബഹറിനിലാണെന്ന് ഞാന്‍ അറിഞ്ഞിരുന്നു ... എന്തൊക്കെയുണ്ട് വിശേഷം സുഖം ആണോ ???.. '

' അതെ '

' ഞാന്‍ ദുബായില്‍ ആണ് ... ബിസ്സിനെസ്സ് ചെയ്യുന്നു ..... ഇവിടെ നാട്ടില്‍ വന്നിട്ട് ഒരു മാസമായി ... മറ്റന്നാള്‍ തിരിച്ചു പോകും ... ശശിധരന്‍ എന്നാണ് തിരിച്ചു പോകുന്നത് ??? '

' ഞാന്‍ ഇനി തിരിച്ചു പോകുന്നില്ല .' ...

' തിരിച്ചു പോകുന്നില്ലേ ... ഊം എന്താ ??? '

ശശിധരന്‍ എല്ലാ വിവരങ്ങളും കരിമിനോട്‌ പറഞ്ഞു ... ... തന്‍റെ ജോലി നഷ്ട്ടപെട്ടതും , തിരിച്ചു പോകാന്‍ പറ്റുകയില്ലെന്നും ... എല്ലാം .....

എല്ലാം അറിഞ്ഞ ശേഷം കരീം പറഞ്ഞു .

' ശശിധരാ ... നീ ഒരു എന്‍ജിനീയര്‍ അല്ലേ ... നിനക്ക് ഗള്‍ഫിലേക്ക് ഇനി പോകാന്‍ താല്പര്യമില്ല എന്ന് നിന്‍റെ വാക്കുകളില്‍ നിന്നും സ്പഷ്ട്ടം ... ഞാന്‍ ഒരു കാര്യം പറയട്ടെ ... '

'എറണാകുളത്ത് ഞങ്ങള്‍ ഒരു ഫ്ലാറ്റ് നിര്‍മ്മിക്കുന്നുണ്ട് തനിക്ക് ആ ജോലി ഏറ്റെടുക്കുവാന്‍ പറ്റുമോ ??? ... താനാകുമ്പോള്‍ എനിക്ക് വിശ്വസിച്ചു ഏല്‍പ്പിക്കുകയും ചെയ്യാം .... '

'കാസിനോ ഗ്രുപ്പ് ... ഞാനാണ് അതിന്റെ മാനേജിംഗ് ഡയറക്ടര്‍ '

മനസ്സ്‌ സ്വച്ഛന്ദം ഒഴുകുന്ന ഒരു പുഴയായി അനുഭവപ്പെട്ടു ശശിധരന് .... ശരീരം ഭാരം കുറഞ്ഞ ഒരു ഭാണ്ഡമായി ചുരുങ്ങിയോ ... തന്‍റെ ആവശ്യങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ്‌ ഏതോ അദൃശ്യകരങ്ങള്‍ തന്നെ തഴുകുന്നത് പോലെ തോന്നി അയാള്‍ക്കപ്പോള്‍ .

' എന്താ ആലോചിക്കുന്നത് ''

' എനിക്ക് താല്പര്യമുണ്ട് ഈ പ്രൊജക്റ്റ്‌ ഞാന്‍ ഏറ്റെടുക്കാം ... '

' കരിം ... തന്നോടു എങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല ' ... ശശിധരന്‍ പറഞ്ഞു .

' നന്ദി ഒക്കെ അവിടെ കിടക്കട്ടെ ... താന്‍ ഒന്ന് ഉഷാറായി കണ്ടാല്‍ മതി തന്നെ ഏല്‍പ്പിക്കുന്ന ജോലി താന്‍ ഭംഗി ആക്കി തന്നാല്‍ മതി '

' പിന്നെ .... ഞാന്‍ പറഞ്ഞല്ലോ ഞാന്‍ മറ്റന്നാള്‍ പോകുമെന്ന് ഇന്നാ ഇത് എന്‍റെ വിസിറ്റിംഗ് കാര്‍ഡ് ആണ് ' .... കരീം പോക്കറ്റില്‍ നിന്നും ഒരു വിസിറ്റിംഗ് കാര്‍ഡ് എടുത്ത്‌ ശശിധരന് കൊടുത്തു .

' എന്‍റെ മൊബൈലില്‍ ഇന്ന് വൈകീട്ട് ഒന്ന് വിളിക്കുക ... അപ്പോഴേക്കും ഞാന്‍ എല്ലാ കാര്യങ്ങളും ശരിയാക്കി വെക്കാം ....ഓക്കേ എന്നാല്‍ പിന്നെ കാണാം '

അപ്പോഴേക്കും അയാളുടെ മുടി വെട്ടി കഴിഞ്ഞിരുന്നു ... അയാള്‍ പോക്കറ്റില്‍ നിന്നും പണമെടുത്ത് കൃഷ്ണന് കൊടുത്തു വെളിയിലിറങ്ങി കാറില്‍ കയറി പോയി .

ശശിധരന്‍ താടിയും മുടിയും വെട്ടി വൃത്തിയാക്കി പുറത്തോട്ടിറങ്ങി ... പോകുന്ന വഴിയില്‍ വീട്ടിലേക്കു കുറച്ചു പച്ചക്കറിയും മീനും മറ്റും വാങ്ങി

വീട്ടിലെത്തിയപ്പോള്‍ ഉമ്മറത്ത് ശശിധരനെയും കാത്തു ഗിരിജയുണ്ടായിരുന്നു ... രാജിയും അവിടെ നില്‍പ്പുണ്ടായിരുന്നു

ശശിധരന്‍ കയ്യിലിരുന്ന സാധനങ്ങള്‍ എടുത്ത്‌ രാജിയുടെ കയ്യില്‍ കൊടുത്തു . അവള്‍ അതും വാങ്ങി അകത്തോട്ടു പോയി .

' ഗിരിജേച്ചി എപ്പോള്‍ വന്നു '

' ഞാന്‍ വന്നു കുറച്ചു നേരമായി ... നീ കവലയിലോട്ടു പോയി എന്ന് രാജി പറഞ്ഞു ... ഞാന്‍ നീ വരുന്നതും കാത്തു ഇരിക്കുകയായിരുന്നു . '

' കുട്ടികളൊക്കെ എവിടെ ചേച്ചി ... അളിയനോ ?? ...'

'ദിവ്യ ഭര്‍ത്താവിന്റെ വീട്ടിലാ , ബബീഷും .. , ശിനിത്തും വീട്ടിലുണ്ട് ഇപ്പോള്‍ പരീക്ഷയല്ലേ ... പഠിക്കുവാ ... അത് കൊണ്ട് ഞാന്‍ ഇപ്പോള്‍ കൂട്ടിയില്ല അളിയന്‍ ലോണെടുത്ത് ഒരു പുതിയ മിനിലോറി വാങ്ങിയിട്ടുണ്ട് ... ഇപ്പോള്‍ കവലയില്‍ ഓടുവാ ... '

' പിന്നെ നിന്‍റെ എല്ലാ കാര്യങ്ങളും അമ്മ പറഞ്ഞു ... നീ ഇനി ഗള്‍ഫിലോട്ടൊന്നും പോവണ്ട ... ഇവിടു തന്നെ എന്തെങ്കിലും പണി എടുത്തു ഉള്ളത് കൊണ്ട് കഴിഞ്ഞു കൂടാം അതാ നല്ലത് ... പിന്നെ , ശശിധരാ ... എനിക്കൊരു 50000 രൂപ വേണമായിരുന്നു . ബാങ്കില്‍ നിന്നും പണ്ടം പണയം വെച്ച നോട്ടീസ് വന്നിരുന്നു . അത് തിരിച്ചെടുത്തില്ലേല്‍ അവരതു ലേലത്തിന് വെക്കും ... '

' എന്‍റെ കയ്യില്‍ ഇപ്പോള്‍ ഒന്നുമില്ല ഗിരിജേച്ചി തരാന്‍ .. എന്‍റെ ഇപ്പോഴുള്ള അവസ്ഥ ഗിരിജേച്ചി ക്ക് അറിയുന്നതല്ലേ ... '

' അങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ .... നീ ഇത്രേം കാലം ജോലി ചെയ്തിട്ട് നിന്‍റെ കയ്യില്‍ ഒന്നുമില്ലെന്ന് പറഞ്ഞാല്‍ എനിക്ക് വിശ്വസിക്കാന്‍ പാടാ .... നിനക്കാകെ ഉള്ള ഒരു പെങ്ങളല്ലെടാ ഞാന്‍ .. ഒരു 25000 എങ്കിലും താടാ .. '

' പിന്നെ ഞാനിപ്പോള്‍ പോകുവാ .... കുട്ടികള്‍ കാത്തിരിക്കുന്നുണ്ടാവും ... ഞാന്‍ പോയിട്ട് വേണം
അവര്‍ക്ക് എന്തെങ്കിലും വെച്ച് വിളമ്പി കൊടുക്കാന്‍ '

' പിന്നെ , നീ ഒന്നും കൊണ്ട് വന്നില്ലെടാ ... നീ കൊണ്ട് വന്നതില്‍ നിന്നും എനിക്കും കുട്ടികള്‍ക്കുമുള്ളത് മാറ്റി വെച്ചേക്ക് ഞാന്‍ നാളെ രാവിലെ വരാം '


'അമ്മ അടുക്കളയിലാണെന്ന് തോന്നുന്നു രാജിയോടു പറഞ്ഞേക്ക് ഞാന്‍ പോയെന്ന് '

ഇത് പറഞ്ഞു കൊണ്ട് ഗിരിജ വീട്ടില്‍ നിന്നും ഇറങ്ങി നടന്നു ...

ശശിധരന്‍ കിടപ്പ് മുറിയിലേക്ക് പോയി .....

' ങ് ഹാ .. മോന്‍ വന്നോ ' ... കാര്‍ത്ത്യായനിയമ്മ മുറിയിലേക്ക് കടന്നു വന്നു

' ഗിരിജ വന്നിരുന്നു കണ്ടിരുന്നോ ??? ... '

' കണ്ടിരുന്നു ... പോയി ... നാളെ വരാമെന്ന് പറഞ്ഞു ..... അമ്മയോട് പറയാന്‍ പറഞ്ഞു '...

'പിന്നെ ശശിധരാ ... സതീശന്‍ ഫോണ്‍ ചെയ്തിരുന്നു ... വൈകീട്ട് അവന്‍ സര്‍വെയറെയും കൊണ്ട് വരുംമെന്നു .. പറഞ്ഞു ..നീ വരാന്‍ കാത്തിരിക്കുകയായിരുന്നു അവനെന്നു ... ഈ വീടും പുരയിടവും അളന്നു ഭാഗം വെക്കാന്‍ .... '

' എനിക്ക് അടുക്കളയില്‍ ജോലിയുണ്ട്‌ ഞാന്‍ വരുന്നു മോനെ ' ...ഇത് പറഞ്ഞു കാര്‍ത്ത്യായനിയമ്മ അടുക്കളയിലേക്കു പോയി


അയാള്‍ . പകച്ചു നിന്നുപോയി. തലചുറ്റുന്നതു പോലെ.... സമനിലനഷ്ടപ്പെട്ടതു് പോലെ.. അരനാള്‍ കൊണ്ടു് ഇത്രയൊക്കെ സംഭവിച്ചതെങ്ങനെ? ഒരു പ്രഭാതത്തിനും അസ്തമയത്തിനുമിടയില്‍ ?

മഞ്ഞ നദിക്കരയിലെ മണല്‍ മുഴുവന്‍ ശേഖരിച്ചു് ഒരു കുതിപ്പോടെ കാറ്റു് ആഞ്ഞടിക്കുകയാണു്. ആരോടോ പക തീര്‍ക്കുന്നതുപോലെ.

ഭൂമി പിളരുന്നതുപോലെ ........ ആകാശം ഇടിഞ്ഞു് വീഴുന്നതുപോലെ. വേറെയും എന്തൊക്കെയോ തോന്നി പോയി അയാള്‍ക്ക്‌

'ശശിയേട്ടാ ... ' രാജിയായിരുന്നു അമ്മ പറഞ്ഞതവള്‍ കേട്ടിരുന്നു ...

' ഒന്നിനെയും കുറിച്ച് അധികം ചിന്തിക്കണ്ട ...
സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന് മാത്രം കരുതിയാല്‍ മതി ' ....... രാജി പറഞ്ഞു

ശശിധരന്‍ ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് കരീമിനെ കണ്ടതും ജോലി കാര്യം സംസാരിച്ചതും എല്ലാം രാജിയോടു പറഞ്ഞു

' ഞാന്‍ പറഞ്ഞില്ലേ ചേട്ടാ ... ഒരു വഴി ദൈവം കാണിച്ചു തരുമെന്നു ... ഇപ്പോള്‍ കണ്ടോ .. '

' ഇനി നമ്മുടെ ജീവിതം കരഞ്ഞും ചിന്തിച്ചും പാഴാക്കാനുള്ളതല്ല ... യഥാര്‍ത്ഥ്യങ്ങള്‍ക്കുമുമ്പില്‍ നമ്മള്‍ സ്വയം അര്‍പ്പിക്കണം ... ആ കണ്ണ് നീര്‍ തുടക്കൂ ... പക്വതയോടെ ... ആഹ്ലാദ പൂര്‍വ്വം ദൈവം നല്‍കിയ ഈ ചെറിയ സൌ ഭാഗ്യ ത്തിലൂടെ ഇനിയുള്ള കാലം നമുക്ക് ജീവിക്കാം ..... '

ഭൂതകാലത്തിന്റെ താളുകള്‍ മറിഞ്ഞുപോയി. വര്‍ത്തമാനം അയാളെ പരിസരബോധമുള്ളവനാക്കി. അല്ലെങ്കിലും യാഥാര്‍ത്ഥ്യം എപ്പോഴും വര്‍ത്തമാനകാലത്തിലാണല്ലോ.

അയാള്‍ പാന്റും ഷര്‍ട്ടും മാറി ഒരു കൈലി മുണ്ടുമെടുത്തു വെയിലെക്കിറങ്ങി .


സുന്ദരമായി ഒഴുകുന്ന തോടിനെ ഒരു നിമിഷം നോക്കി നിന്നു. തിങ്ങി നിന്ന മരങ്ങളുടെ ഇടയില്‍ കൂടി സൂര്യന്റെ വെളിച്ചം വന്നു കണ്ണില്‍ തൊട്ടപ്പോള്‍ അറിയാതെ കണ്ണുചിമ്മി, അയാള്‍ ......

കനവിന്‍റെ പൂന്തോപ്പില്‍ ( പ്രണയം)



നഷ്ടപെട്ടുപോയ ഓരോ നിമിഷവും ,
വെറുത്തു തുടങ്ങിയ ജീവിതവും ,
എന്നുള്ളിലും എഴുതിയ ചില വാക്കുകള്‍ ,
ചില നൊമ്പരങ്ങള്‍ ഓര്‍മയില്‍ നിന്നും
വീണ്ടും പുറത്തു വരുകയാണ് .....

പെയ്തിറങ്ങി എങ്ങോ അലിഞ്ഞു ചേരുന്ന മഴത്തുള്ളികള്‍ പോലെ...

പ്രണയത്തെ ഭാവനയുടെ അത്യുന്നതങ്ങളിലേക്ക് ,
കൈ പിടിച്ചു കൊണ്ട് പോകാന്‍ ..
അതിന്‍റെ സുന്ദര രൂപം ;
സ്വപ്നം പോലെ നിന്നോട്‌ പറയാന്‍. ..
വീണ്ടും നിനക്ക് പ്രണയലേഖനം എഴുതാന്‍....

എന്‍റെ ഉള്ളം എത്ര കൊതിക്കുന്നുവെന്നോ ..????

നിശ്വാസത്തിനു പോലുമറിയാം ...
ഞാന്‍ നിന്നെ ആഗ്രഹിക്കാന്‍ പാടില്ല എന്ന്.
എന്നാലും അതിനെ ഉള്‍കൊള്ളാന്‍
എന്‍റെ മനസ്സിനാകുന്നില്ല ....

ഞാന്‍ കാത്തിരിക്കുകയാണ്‌ .....
നിന്‍റെ സ്നേഹ നിമിഷങ്ങള്‍ക്കായി ....
നിന്‍റെ പ്രണയം അറിയാനായി ......
നിന്നെ എന്‍റെ ശരീരത്തിന്‍റെ ഭാഗമാക്കാനായി ......

വീണ്ടുമൊരു ജന്മം കൂടി -
കാത്തിരിക്കാന്‍ നീ പറഞ്ഞില്ലായിരുന്നുവെങ്കില്‍ ???? ...........

നീ കൂടെയുള്ള ഓരോ നിമിഷവും ,
സ്‌നേഹം എന്തെന്ന് ഞാനറിയുന്നു ......
വാക്കുകള്‍ക്‌ വര്‍ണ്ണിക്കാവുന്നതിലപ്പുറം
നീ എനിയ്ക്ക് പകര്‍ന്നു നല്‍കിയ
ആ - ഹൃദയത്തിന്റെ ഭാഷയാണ്
എന്നെ നിന്റേതു മാത്രമാക്കിയത് ....
നിന്‍റെ അരികില്‍ ഇനിയുമിതുപോലെ
ഒരു നൂറു വര്‍ഷം കൂട്ടിരുന്നോട്ടെ ഞാന്‍ .....

കനവിന്‍റെ പൂന്തോപ്പില്‍ ഉറങ്ങും പൂ മൊട്ടുകള്‍ നീ ഇല്ലാതെ ഒര് നാളും വിരിയില്ലല്ലോ ...

മായാതെ മറയാതെ ...( പ്രണയം)




വാടിയ പനിനീര്‍ പൂക്കളെല്ലാം ...,
കൊഴിയാതെ നില്‍ക്കുവതെന്തേ ... ,

ഇനിയും വസന്തം വരുമെന്ന് കരുതി ... ,
മോഹിനിയായി ,

നീ നില്‍ക്കുവതെന്തേ ... ,


ഓര്‍മ്മകള്‍ വിരിയുന്നോരെന്‍ മന വാടിയില്‍ -
ഞാന്‍ ഒരു കൊച്ചു പുഷ്പം മാറ്റിവച്ചു ....
നറുതേന്‍ തുളുമ്പുന്ന പുഞ്ചിരിയാലിന്നുമെന്‍ -
കരള്‍ ചെപ്പില്‍ നിറയുന്നു നീ ...........

മൊട്ടിട്ട നാള്‍ മുതല്‍ കരിവണ്ടുകള്‍ നിന്മുന്നില്‍ -
ചുറ്റിപ്പറക്കുന്നു നിമിഷങ്ങള്‍ ഒഴിയാതെ ,
ഒളി കണ്ണു വീശി യാതൊന്നുമറിയാതെ ,
മൌനമായ് നില്‍ക്കുവതെന്തേ ഇനിയും ..... ,

" വിങ്ങല്‍ കഴിഞ്ഞതു വിതുമ്പലായ് മാറുന്നു ...
തേങ്ങല്‍ മനസ്സിന് സുഖമെന്ന് തോന്നുന്നു ...... "

ഒരു ശലഭമായ് ഞാന്‍ പറന്നുയര്‍ന്നൂ ഈ -
ഭൂലോകം മുഴുക്കെ ചുറ്റാന്‍ കൊതിച്ചതും ... ,
എങ്ങു നിന്നോ വന്നൊരു ചുടു കാറ്റിലെന്‍ -
ഇളം ചിറകുകള്‍ കരിഞ്ഞു പൊടിഞ്ഞതും ...
തളര്‍ന്നു ഞാന്‍ വിദൂരദയിലേക്ക് വീഴവെ .. ,
നിന്‍ കരങ്ങളില്‍ താങ്ങി മെല്ലെ ...,
അജ്ഞാത ..ലോകത്തേക്കുയര്‍ന്നതും .....
ഓര്‍ത്തിടുന്നു ... , ഈ സായാഹ്നത്തിലും .......

കഥകള്‍ രചിക്കാതെ ... ; കവിത കുറിക്കാതെ ... ;
മലയും പുഴയും തേങ്ങിടുന്നു ......

നീറുന്ന ഹൃദയത്താല്‍ ... ; പാടാനറിയാതെ .... ;
പറവകള്‍ കൂടണഞ്ഞു ........

ഞാനും .. ; .... മൌനമായ് തേങ്ങിടുന്നു ......

''ദിനങ്ങള്‍ പോയി മറഞ്ഞാലും ...''
''ആഴ്ചകള്‍ പോയി മറഞ്ഞാലും.....''
''മാസങ്ങള്‍ പോയി മറഞ്ഞാലും....''
''വര്‍ഷങ്ങള്‍ പോയി മറഞ്ഞാലും...''

മായാതെ മറയാതെ ഒന്നു മാത്രം ബാക്കിയാവും
അതെ ... ; ........... നമ്മുടെ പ്രണയം .

ഒരിയ്ക്കല്‍ കൂടി അവള്‍ വരുമോ ?( പ്രണയം)


മനസിന്റെ താളുകളില്‍
എന്നോ കുറിച്ചിട്ട വാക്കുകള്‍
കാരിരുമ്പിന്‍ മുര്‍ച്ചയുള്ള മുള്ളുകളായ്
തറഞ്ഞു കിടക്കുന്നു .......
മറക്കുവാനുള്ള കഴിവ് നിഷ്ഭലമാകുമി -
നിമിഷങ്ങളില്‍ ചുടുകണ്ണീര്‍
ഉതിരുന്നേന്‍ മിഴികളില്‍ .............

ഹൃദയത്തില്‍ ആഴ്നിറങ്ങുമാ മുള്ളുകള്‍
എന്നും വിളിച്ചോതുന്നിതാ ആ വാക്കുകള്‍
ഞാന്‍ നിനക്കാണ് ..........





എനിക്ക് നിന്നെ കാണാം ....
നിന്‍റെ അത്രയും അടുത്ത് നിന്ന് തന്നെ ....
നീ പറയുന്ന ഓരോ വാക്കുകളിലൂടെയും ...
എനിക്ക് നിന്നെ കേള്‍ക്കാം ..,അറിയാം ....;

മനസ്സിനും മൌനത്തിനും ഇടയില്‍ നിശബ്ദമായി
നീ ഒളിപ്പിയ്ക്കുന്ന പ്രണയവും എനിയ്ക്കറിയാം ....

എന്നിട്ടും .....

എന്നില്‍ നിന്നും നിന്നിലേയ്ക്കുള്ള
അകലം കൂടി വരികയാണോ .........??
നിന്‍റെ മനസ്സൊന്നു ഇടറിയപ്പോള്‍ കണ്ണുനീര്‍
നിറഞ്ഞത്‌ എന്‍റെ കണ്ണുകളില്‍ അല്ലേ ;....
പിന്നെ എന്തിനാണ് എന്നോട് പിണങ്ങിയത് ....?????

വിദൂരതയില്‍ നിന്ന് പോലും
നിന്‍റെ തേങ്ങല്‍ ഞാന്‍ അറിഞ്ഞിരുന്നില്ലേ ...?..
പിന്നെ എന്തിനാണ് എന്നോട് പരിഭവം പറഞ്ഞത് ....?????

കരളിലെ ഉണങ്ങാത്ത മുറിവുകളും ,
ഞാനറിയാതെ ഉതിര്‍ന്നു വീണൊരീ
കണ്ണുനീര്‍ തുള്ളിയും ,
നീയിന്നും എന്നില്‍ നിറഞ്ഞു നില്‍ക്കുന്നു ,
എന്നെനിക്കു പറഞ്ഞു തരുമ്പോള്‍ ...

നിന്‍റെ ഓര്‍മ്മയ്ക്കായി ഞാന്‍ അടര്‍ത്തിയെടുത്ത ,
ചെമ്പനീര്‍ പൂവിന്റെ ഇതളുകള്‍ മെല്ലെ അടര്‍ത്തി
ഞാന്‍ വലിച്ചെറിഞ്ഞു ....
നിന്‍റെ കാലടികള്‍ പതിഞ്ഞ എന്‍റെ ഹൃദയത്തിലേക്ക് ..

തിരിച്ചുവരാനറിയാത്ത വിധം
മറന്നു പോയ വഴികളില്‍
ഓര്‍മകളുടെ സുഗന്ധം തേടി ....
വീണു പോയിട്ടും വെളിച്ചം
മങ്ങാത്ത മനസ്സിന് ആശ്വാസമാവാന്‍...
ഒന്നു പുഞ്ച്ചിരിക്കാന്‍ ...
മരിയ്ക്കുന്നതിനും മുന്‍പേ കൊതി തീരെ കാണാന്‍...
പ്രതീക്ഷയുടെ അവസാന പൂക്കളുമായ്‌
ഒരിയ്ക്കല്‍ കൂടി അവള്‍ വരുമോ ....?

അന്നു നമ്മള്‍ തനിച്ചായിരുന്നു (പ്രണയ കവിത )





പുല്‍മേടുകളാല്‍ പച്ച പുതച്ച കുന്നിന്‍ മുകളില്‍
അന്നു നമ്മള്‍ തനിച്ചായിരുന്നു ...

വെളുത്ത് മെലിഞ്ഞ് പൊക്കമില്ലാത്ത നിന്‍റെ കണ്ണുകളില്‍ ,
അന്നു ഞാന്‍ കണ്ടത് പ്രണയത്തിന്‍റെ മിന്നലാട്ടം ...

ആരായിരുന്നു മനസ്സിലെ പ്രണയം ആദ്യം പറഞ്ഞത്
ഞാനോ ? ... അല്ല ... നീയോ ?...

ആരോ കല്ല്‌ പെറുക്കി ഭൂമിയിലെറിയുന്ന പോലെ ...
പെരുമഴ വന്നു .... മഴ ചിനു ചിനെ പെയ്തു തിമിര്‍ക്കുന്നു ... ,
പൊടുന്നനെ സ്നേഹഭാവത്താല്‍ മഴത്തുള്ളികള്‍ ,
നമുക്കുമേല്‍ വര്‍ഷിച്ചു ...

തണുത്തുറഞ്ഞു മഴ പെയ്ത നേരം ... ,
ശരീരം പൂത്തുലഞ്ഞ നേരം ... ,
മറന്നുപോയ്‌ രണ്ടുപേരും നമ്മെ തന്നെ ...

അന്നു മതിവരുവോളം മഴ നനഞ്ഞു നമ്മള്‍ ...
എങ്ങു നിന്നോ ആഞ്ഞടിച്ച കുളിര്‍ക്കാറ്റു
നമ്മുടെ സ്വകാര്യതക്ക് നിറപ്പകിട്ടു നല്‍കി ....

മേഘങ്ങള്‍ പാറി നടക്കുന്ന വിണ്ണില്‍
നിന്നുതിര്‍ന്നു വീണതാണോ നമ്മുടെ പ്രണയം .. ?

അതോ കോടമഞ്ഞില്‍ പുതഞ്ഞ ഗിരി ശ്രുംഗങ്ങളില്‍ നിന്നും
വെള്ള നീര്‍ച്ചാലുകളായ് ഒഴുകി വന്നതാണോ .. ?

സംഗീതം പൊഴിക്കുന്ന താഴ്വരകളുടെ അനന്തതയിലേക്ക് -
കണ്ണും നട്ടിരിക്കുമ്പോള്‍ ... ,

ഞാനറിയുന്നു ....
അത്രയ്ക്കിഷ്ട്ടപെട്ടു പോയി നിന്നെയെന്ന് ....

എന്‍റെ കരളില്‍ പൂവിട്ട കിനാക്കളില്‍
നിന്‍റെ മുഖമായിരുന്നെന്ന് ...

എന്‍റെ കൂട്ടുകാരി





ഓര്‍മ്മകള്‍ മാത്രം സമ്മാനിക്കുന്ന
ഓര്‍ക്കൂട്ടിലെ .... എന്‍റെ ... കൂട്ടുകാരി ,,,
എനിക്ക് നിന്‍റെ സൌഹൃദം ഇഷ്ട്ടമായ് ..
ഒരു നിയോഗത്തിലൂടെ.. വന്ന് ,
സൌഹൃദത്തിന്റെ ശരിയായ മേച്ചില്‍ പുറം
കാണിച്ചു തന്ന നീയാണ് ... എന്‍റെ പ്രിയ കൂട്ടുകാരി ..

വാക്കുകളാല്‍ വിസ്മയം തീര്‍ക്കുന്ന ,
നിന്‍റെ സൌഹൃദം ... എത്രത്തോളം എന്‍റെ
മനസ്സിനെ സ്പര്‍ശിക്കുന്നുണ്ട്‌ എന്ന് ഞാന്‍
എങ്ങിനെ പറഞ്ഞു മനസ്സിലാക്കും ..
വീണ് കിട്ടിയോരാ സ്‌നേഹ വിശുദ്ധിക്ക്..
ജന്മാന്തരങ്ങള്‍ തന്‍ സ്‌നേഹപാശങ്ങളാല്‍
ബന്ധിച്ചൊരെന്‍ ആത്മ മിത്രമെന്ന്
ഇപ്പോള്‍ ഞാന്‍ അറിയുന്നു ..

സൂര്യതാപം മുള്ളായ് പതിക്കുന്ന
ഈ ഉച്ചവെയിലിലും
സൂര്യശാപം എന്നെ പൊള്ളിക്കുന്നില്ല...

കരിവാളിച്ച സ്വപ്നങ്ങളുടെ
വരണ്ടുണങ്ങിയ തൊലിപ്പുറങ്ങളും
ഉടഞ്ഞുപോയ സ്വപ്നങ്ങളില്‍
ഊഷരമായ മനസ്സിന്റെ പച്ചപ്പുകളും
വികാര ശൂന്യതയുടെ
മേലങ്കി എനിക്ക് നല്‍കുന്നു...

കാണാമറയത്ത് നിന്ന് ഓര്‍ക്കാത്ത നേരത്ത്
കുസൃതിയുമായ് എത്തും നിന്‍ വിളിക്കായി
കാതോര്‍ത്തിരിക്കുന്നു ഞാന്‍...

ഈറനില്‍ മങ്ങുന്ന കാഴ്ചയില്‍
കാണുന്നു ഞാനങ്ങ് ദൂരെ തെളിയുന്നൊരാ
ഒറ്റനക്ഷത്രത്തിന്‍ തിളക്കത്തെ,

എന്‍റെ പ്രണയിനി (പ്രണയ കവിത)



പൂമരങ്ങള്‍ പാതിരാവില്‍ പൂത്തു നില്‍ക്കുന്നു ...
പൂനിലാവിന്‍ രമ്യ ശോഭയില്‍
മഞ്ഞണിഞ്ഞു താഴ്‌വരകള്‍ മൂടി നില്‍ക്കുന്നു ...
പുലരികള്‍ , സന്ധ്യകള്‍ മാറി മറയുന്നൂ ...
എന്‍റെ കനവുകളെ പൊന്നണിയിക്കുന്നു നിലാവുകള്‍ ...

എന്‍റെ തങ്ക കിനാവില്‍ പൂത്തൊരു പൂമുല്ല ചെണ്ടുമായ് ഞാനിരിപ്പൂ ...
അഴകേറും പെണ്‍കിളിയെ നീ എന്‍ ച്ചാരത്തണയുമ്പോള്‍
നിന്‍ കാര്‍കൂന്തലില്‍ ചാര്‍ത്തുവാനായ് .....

ആദ്യമായ് നിന്നെ ഞാന്‍ കാണുന്ന വേളയില്‍ .....
അണിഞ്ഞൊരുങ്ങിയ നിന്‍ തുടിച്ചു തുളുമ്പുന്ന യൌവ്വനത്തിടമ്പില്‍ ...
ഞാന്‍ കണ്ടത് തിളങ്ങുന്ന രണ്ടു കടമിഴി തുമ്പുകള്‍ .....
അന്നെന്‍ മനം പറഞ്ഞു .. ,
നീ തന്നെയിനി ... വാമഭാഗമവസാന നാള്‍ വരെയെന്‍ ; പ്രിയതോഴി ....

വിരഹ താപത്തിന്‍റെ ഉഷ്ണ കാറ്റ് വീശിയകന്നു ....
ദുഃഖത്തിന്‍ കണ്ണുനീര്‍ മാരിയും , ... പെയ്തകന്നു ...
വരവായി പ്രണയ വസന്തമീ വീഥിയില്‍ ...
വരികില്ലേ പ്രണയിനി എന്‍ ചാരത്തണയാന്‍ ...
വരികില്ലേ പ്രണയിനി എന്‍റെ ജീവന്‍റെ ജീവനായ് ....

പഠിക്കുന്ന കാലത്ത് ഞാന്‍ നല്ലകുട്ടി (ഹാസ്യം )




മനസ്സിനെ തൊട്ടുണര്ത്തുന്ന കലാലയത്തിലെ ആ നല്ല ഓര്‍മകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം .

ഞാന്‍ പഠിച്ച വിദ്യാലയം വടകര പുത്തൂര്‍ ഗവ : ബേസിക് ട്രയിനിംഗ് സ്കൂള്‍ . പഠിപ്പില്‍ മോശമായത് കൊണ്ടും , ഏതു വിദ്യാര്‍ത്ഥി സംഘടനകളുടെയും നിസ്സാര പഠിപ്പ് മുടക്കുകള്‍ക്കും മുന്‍ നിരയില്‍ നിന്ന് നേതൃത്തം നല്‍കിയും മറ്റു വികൃതി ത്തരങ്ങള്‍ കൂടുതല്‍ ഉള്ളത് കൊണ്ടും സ്കൂളില്‍ എല്ലാ ടീച്ചര്‍മാര്‍ക്കും കുട്ടികള്‍ക്കും എന്നെ വലിയ ഇഷ്ട്ടമായിരുന്നു .

ഇന്ന ദിവസം ഇത്ര മണിയ്ക്‌ വടകര കീര്‍ത്തി/മുദ്ര, അശോക്‌, ജയഭാരത്‌, കേരള ക്വയര്‍ എന്നീ സിനിമാ തീയറ്ററുകളില്‍ ഏതെങ്കിലുമൊന്നിന്റെ മുന്നില്‍ എത്തിച്ചേരണമെന്നതു എന്‍റെ വാശിയായിരുന്നു . ഞങ്ങള്‍ നല്ല കുട്ടികള്‍ സംഘം ചേര്‍ന്ന് നാട്ടിലെ തെങ്ങിന്‍ തോപ്പുകളില്‍ നിന്നും കിട്ടുന്ന തേങ്ങകള്‍ മാന്യമായി കട്ടെടുത്തു വടകര മാര്‍ക്കെറ്റില്‍ കൊണ്ട് പോയി വിറ്റ് കാശുണ്ടാക്കും .. കിട്ടുന്ന കാശും കൊണ്ട് നേരെ തീയറ്ററുകളില്‍ നിന്നും തീയറ്ററുകളിലേക്ക് ഒരു യാത്ര

പുതിയ ചിത്രങ്ങള്‍ ചൂടോടെ കണ്ടില്ലെല്‍ അന്നത്തെ ദിവസങ്ങളില്‍ എനിക്ക് ഉറക്കം വരില്ലായിരുന്നു . നാട്ടിലേ മാന്യരായ ചില സിനിമ പ്രേഷകരും , സ്കൂളിലെ കൂട്ടുകാരും അത് മുതലെടുക്കുകയും ചെയ്യുമായിരുന്നു ... അവര്‍ക്ക് അറിയാം ഞാന്‍ ആരാ മോനെന്നു .... കണ്ട പടങ്ങളുടെ വിശേഷങ്ങള്‍ പിറ്റേ ദിവസം തന്നെ എല്ലാവര്‍ക്കും അറിയണം ...' ഹീറോ ആരാ .. ഹീറോയിന്‍ ആരാ ... പടത്തില്‍ സ്റ്റണ്ട്‌ ഉണ്ടോ ??? നല്ല പാട്ടുകള്‍ ഉണ്ടോ ??? ' എന്നൊക്കെ ... ചിലപ്പോള്‍ ഞാന്‍ ഒന്നാംതരം ശുദ്ധ നുണകള്‍ അങ്ങ് തട്ടി വിടും ...' ടാ ... കിടിലം പടമാടാ 'എന്നൊക്കെ ചിലപ്പോള്‍ തട്ടിവിടും . ആ പടത്തിനു .. നാല് ദിവസത്തെ ആയുസ് പോലുമുണ്ടാവില്ല ...അതിനു മുമ്പേ .. തിയേറ്ററുകാര്‍ ആ പടം എടുത്ത്‌ കളഞ്ഞിരിക്കും ..

ക്ലാസ് മുറിയില്‍ കയറാതെ ഒരു പഠിപ്പുമില്ലാതെ പരീക്ഷകള്‍ കഴിഞ്ഞു ഉത്തര പേപ്പറുകള്‍ കയ്യില്‍ തരുമ്പോള്‍ അധ്യാപകര്‍ക്ക് അത്ഭുതമായിരുന്നു ഉത്തര പേപ്പറുകളിലെ എന്‍റെ മാര്‍ക്കുകള്‍ . പഠിപ്പ് മുടക്ക് കാരണം തീരെ ക്ലാസ്സ് എടുക്കാത്ത വിഷയങ്ങളില്‍ പോലും എനിക്ക് കിട്ടിയ മാര്‍ക്കുകള്‍ ക്ലാസ്സില്‍ വളരെ നന്നായി പഠിക്കുന്ന കുട്ടികളുടെ മാര്‍ക്കുകളേ ക്കാളും കൂടുതലായിരിക്കും . കാരണം എല്ലാ പ്രശസ്തരേയും പോലെ തന്നെ കോപ്പിയടി എന്‍റെ യും ഹോബിയായിരുന്നു .

ഒമ്പതാം തരത്തില്‍ പഠിക്കുമ്പോള്‍ എന്‍റെ പ്രിയപ്പെട്ട ക്ലാസ് മാസ്റ്റര്‍ നാരായണന്‍ മാസ്റ്റര്‍ (ജിറാഫ് എന്ന് മാന്യരായ ഞങ്ങള്‍ കുട്ടികള്‍ വിളിക്കും ) മാഷുടെ വിഷയമായ എല്ലാവര്‍ക്കും ഈസിയായ വിഷയമായ ഇംഗ്ലീഷില്‍ ഫസ്റ്റിലും സെക്കണ്ടിലും എന്‍റെ മാര്‍ക്ക് കണ്ടു അമ്പരന്നു . പഠിപ്പിക്കാത്ത വിഷയങ്ങള്‍ മാഷ്ക്ക് അറിയുന്നതിലും നന്നായി ഞാന്‍ എഴുതിയിരുന്നു . എന്‍റെ പാഠ പുസ്തകങ്ങളും നോട്ടു പുസ്തകങ്ങളും മാഷ്‌ ചോദിച്ചു . ഞാന്‍ എടുത്ത്‌ കൊടുത്തു . വളരെ നല്ല ഭംഗി ഉണ്ടായിരുന്നു അവയൊക്കെ കാണാന്‍ ബ്ലേഡിന്‍റെ മൂര്‍ച്ച കൊണ്ട് പുസ്തകങ്ങള്‍ ക്ക് നല്ല ഫ്രെയിം ഭംഗി . അന്ന് മുതല്‍ നാല് ദിവസത്തേക്ക് എനിക്ക് നല്ല ഒരു പനിഷ്മെന്റും തന്നു മാഷ്‌ . പുസ്തകങ്ങളും തലയില്‍ വെച്ച് ക്ലാസ് തീരുന്നത് വരെ എഴുന്നേറ്റു നില്‍ക്കുക .

മറ്റു കുട്ടികള്‍ക്കൊക്കെ ഇതു കാണുമ്പോള്‍ വലിയ സന്തോഷമായിരുന്നു കാരണം അവര്‍ക്കൊക്കെ എന്നെ വലിയ ഇഷ്ട്ടമായിരുന്നു . അന്ന് മാഷ്‌ എന്‍റെ തലയില്‍ കൈ വെച്ച് അനുഗ്രഹിച്ചോണ്ട് പറഞ്ഞത് ഇന്നും ഞാന്‍ ഓര്‍മ്മിക്കുന്നു ... നീ ഭാവി യില്‍ പ്രശസ്തനാകും ... അത് പോലെ സംഭവിച്ചോ ഹാ എനിക്കൊന്നും അറിയില്ല .

അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇരട്ട പേര്‍ നല്‍കുന്നതില്‍ ഞാന്‍ വിദഗ്ധനായിരുന്നു . കടുവ , നരി ,സിംഹം , ആന , കരികുരങ്ങു , പുലി ,പൂച്ച , ഒട്ടകം, കന്ഗാരു , ജിറാഫ് എന്നിങ്ങനെ എത്ര ജീവികള്‍ക്ക് ഞാന്‍ നല്ല പേര് വാങ്ങി കൊടുത്തുവെന്ന് അറിയാമോ

സ്കൂളിലെ ഭംഗിയുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും ഞാന്‍ ഒരു സ്വപ്ന കാമുകനായിരുന്നു കാരണം ഞാന്‍ അവര്‍ക്കൊക്കെ കൈ മാറിയ എന്‍റെ പ്രണയ ലേഖനങ്ങള്‍ അത്രയ്ക്ക് ഒന്നിനൊന്നു മെച്ചമായിരുന്നു .

എന്‍റെ സ്മരണയില്‍ നിറഞ്ഞു നില്‍ക്കുന്ന ആ ഓര്‍മ്മകള്‍ എനിക്കിന്നും കുളിര്‍മയേകുന്നു ..
തിരിഞ്ഞ്നോക്കുമ്പോള്‍, മനസ്സിനെ തൊട്ടുണര്ത്തുന്ന ആ നല്ല നാളുകള്‍ ഇപ്പോഴും എന്‍റെ മനസ്സില്‍ അലയായി വന്നു ചേരുന്നു .

തങ്കകതിരുകള്‍ ഇളക്കിവന്ന ഓര്‍മകളുടെ കാറ്റേറ്റ്‌ ഞാനുറങ്ങിപ്പോയി. .....