2009, മാർച്ച് 21, ശനിയാഴ്‌ച

നൊമ്പരങ്ങളുമായി ഒരു മടക്കം (കഥ)


'' സര്‍വ്വ ശക്തിയും പ്രാപിച്ചു കൂകി വിളിച്ചു കൊണ്ട് ട്രെയിന്‍ നീങ്ങികൊണ്ടിരിക്കുന്നു ''.........

''കംപാര്ട്ടുമെന്റിനുള്ളില്‍ .. ചായ , കാപ്പി , വില്‍പ്പനക്കാരുടെ ബഹളവും മല്‍സരവും '' ...

സീറ്റില്‍ ഇരുന്ന ശശിധരന്റെ തോളില്‍ മയങ്ങി കൊണ്ടിരിക്കുകയായിരുന്നു ചിന്നു മോള്‍ ... 'എന്തോ' പെട്ടെന്നവള്‍ ഉണര്‍ന്നു . '' അച്ഛാ നാടെത്തിയോ ? ''

'' ഇല്ല ; മോളെ , മോള് കിടന്നോ ... ഇനിയും നാല് സ്റ്റേഷനുകള്‍ കൂടി ഉണ്ട് . എത്തിയാല്‍ അച്ഛന്‍ വിളിക്കാട്ടോ ''

അനുസരണയോടെ വീണ്ടും ശശിധരന്റെ തോളിലേക്ക് ചാഞ്ഞു ... ചിന്നു മോള്‍ .

' മോളെ ' , തോളിലേക്ക് കിടത്തി ... അപ്പുറത്തിരിക്കുന്ന രാജിയെ നോക്കി ശശിധരന്‍
പാവം ... ഉറങ്ങുകയാണ് ... നല്ല ക്ഷീണമുണ്ടാകും ...

കോഴിക്കോടേക്ക് .... വിമാനടിക്കറ്റ് കിട്ടിയില്ല ; ... അതാണ്‌ തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തത് .
അവിടെ നിന്ന് .... ട്രെയിനില്‍ കയറി ..... ഇനി നാടെത്തണം ....

' അവധിക്കാലമല്ലേ ' .... വിമാനസര്‍വീസുകാര്‍ക്ക് കൊയ്ത്തുകാലം ... തന്നെ പോലുള്ളവര്‍ എങ്ങിനെ യാത്ര ചെയ്താലും അവര്‍ക്കെന്താ ...

ഒരുപാട് പ്രതീക്ഷകളും , സ്വപ്നങ്ങളുമായി , ... ബഹറിനില്‍ എത്തി ... ഒത്തിരി മോഹങ്ങള്‍ ഉണ്ട് ... പക്ഷെ ഒന്നും നിറവേറ്റാന്‍ കഴിയുന്നില്ലാ ... ഇങ്ങനെയൊരു പ്രതിസന്ധി വരുമെന്നും തന്‍റെ ഈ ജോലി നഷ്ട്ടപെടുമെന്നും സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നതെയില്ല ...

പ്രശസ്ത കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ എന്‍ജിനീയര്‍ ജോലി ; .... പത്തു വര്‍ഷമായി ജോലി ചെയ്യുന്നു .
ആദ്യം കമ്പനി നല്ല നിലയില്‍ മെച്ചപ്പെട്ടു വരികയായിരുന്നു ...

പെട്ടെന്ന് കടന്നു വന്ന അന്താരാഷ്ട്ര സാമ്പത്തിക മാന്ദ്യവും , ... അന്താരാഷ്ട്ര കമ്പനികളുടെ കുതിച്ചു കയറ്റവും ഈ മേഖലയെ വല്ലാതെ ബാധിച്ചു ....

ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല ....

വീട് പണി ഇത് വരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല .... വീടിനായ് കാത്തു സൂക്ഷിച്ച പണം ... കുടുംബക്കാര്‍ക്ക്‌ അയച്ചു കൊടുക്കേണ്ടി വന്നു .... ഓരോരുത്തര്‍ക്കും ഓരോ പ്രശ്നങ്ങള്‍ ... സഹോദരിക്ക് മകളെ കെട്ടിച്ചു വിടണം ... അനിയന് ... ബാന്ഗ്ലൂരില്‍ പഠിക്കാന്‍ കാശ് വേണം ...ഇളയമ്മയുടെ വീട് ജപ്തി ചെയ്യാന്‍ പോകുമ്പോള്‍ കാശയച്ചു സഹായിച്ചു ...കൂടാതെ അച്ഛനും അമ്മയ്ക്കും മാസാമാസം കാശയച്ചു കൊടുക്കണം ...

എല്ലാ ബന്ധുക്കള്‍ക്കും , നാട്ടുകാര്‍ക്കും തൊട്ടതിനും പിടിച്ചതിനും ശശിധരന്റെ കാശ് തന്നെ വേണം ...

കാശയച്ചു കൊടുക്കുമ്പോള്‍ .... ഒന്നും ആലോച്ചിരുന്നില്ല ... അപ്പോള്‍ ഉറ്റവരോടുള്ള സ്നേഹം മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ ..

രണ്ടു വര്‍ഷം മുമ്പായിരുന്നു രാജിയെയും , ചിന്നു മോളെയും ബഹറിനിലേക്ക് കൊണ്ട് വന്നത്. ജോലി നഷ്ട്ടപെട്ട വിവരം അറിഞ്ഞിട്ടും ... തന്‍റെ പ്രാണേശ്വരി രാജി ഒന്നും പറഞ്ഞില്ല ...

' അവള്‍ക്കും പൊന്നും പണവും ഒന്ന് വേണ്ടാ ... തന്റെ സ്നേഹം മാത്രം മതി '...

' താന്‍ പണം ചിലവ്വഴിക്കുന്നതോ , ആരെയെങ്കിലും സഹായിക്കുന്നതോ ... സ്നേഹം പ്രകടിപ്പിക്കുന്നതോ ഒന്നും അവള്‍ക്ക് പ്രശ്നമല്ല ' ....
പലപ്പോഴും ...' ഓര്‍ത്തിട്ടുണ്ട് '... ഇവള്‍ എപ്പോഴെങ്കിലും ഒന്ന് എതിര്‍ത്തു സംസാരിക്കണമെന്ന് ....
പക്ഷെ ഈ ദാമ്പത്യ ജീവിതത്തില്‍ ഇതുവരെ അതുണ്ടായിട്ടില്ല ... പാവം ഒത്തിരി വിഷമിച്ചു ..

ചിന്നുവിന്‍റെ ടി . സി . മേടിച്ചു കൊണ്ട് ഇന്ത്യന്‍ സ്കൂളിന്റെ പടി ഇറങ്ങുമ്പോള്‍ മകള്‍ ചോദിച്ച ചോദ്യം ഇപ്പോളും കാതില്‍ മുഴങ്ങി കേള്‍ക്കുന്നു ..

'' അച്ഛാ .... എന്തിനാ . ടി . സി വാങ്ങുന്നെ ... ഇനി ഈ ചിന്നുമോള് ഇവിടെ പഠിക്കില്ലേ ?... വേണ്ടച്ചാ ... എന്‍റെ കൂട്ടുകാരെയും , ടീച്ചേര്‍സിനെയും വിട്ടു എനിക്ക് പോകണ്ടാ എനിക്ക് ഇവിടെ പഠിച്ചാല്‍ മതി ''....

'' മോളൂ നമ്മള്‍ അതിനു വീണ്ടും വരില്ലേ ഇവിടെ ... 6 മാസം കഴിഞ്ഞു തിരിച്ചു വരും ... അപ്പോള്‍ നിനക്ക് ഇവിടെ പഠിക്കാലോ ... നിന്‍റെ എല്ലാ കൂട്ടുകാരെയും കാണുകയും ചെയ്യാം '' ...

'' അച്ഛന്‍ കള്ളം പറയുവാ '' ...

'' അല്ല മോളെ '' അപ്പോള്‍ ഇതും പറഞ്ഞു ... വിതുമ്പലോടെ ചിന്നുമോളെ മാറോട്ച്ചേര്‍ത്തണക്കുകയായിരുന്നു താന്‍ .

ആ പിഞ്ചു മോളുടെ വളര്‍ച്ചയുടെ ബാക്കിഘട്ടങ്ങളോരോന്നുംവാല്‍സല്യത്തോടെമനസ്സില്‍രൂപപെടുത്തിയെടുക്കുന്നതില്‍ എത്ര ശ്രമിച്ചിട്ടും അയാള്‍ പരാജയപെട്ടു .

സ്നേഹ വാല്‍സല്യത്തോടെ ... ചിന്നുവിന്റെ മുഖത്തേയ്ക്ക് നോക്കി അയാള്‍ ...
'' പാവം പിഞ്ചു പാദം '' ..... '' ഏതു ദുഖവും അലിയിക്കുന്ന പാല്‍ പുഞ്ചിരി '' .....

'' സ്നേഹത്തോടെ '' ആ പിഞ്ചുമുഖത്തേക്ക് നോക്കി ഇരുന്നു പോയി അയാള്‍ ...

വാതസല്യത്തോടെ നെറുകയില്‍ തലോടി ...

എന്തെന്നറിയില്ല ... പ്പെട്ടെന്നവളുണര്‍ന്നു ...

''എത്തിയില്ലേ അച്ഛാ ''...

'' ഇല്ല മോളെ '' ... അടുത്ത സ്റ്റേഷനാണ് .. ഇനിയുറങ്ങണ്ടാ ...

അനുസരണയോടെ '' അവള്‍ '' എണീറ്റിരുന്നു ...

ശശിധരന്‍ അടുത്തിരിക്കുന്ന ' രാജിയെയും ' വിളിച്ചു ...


'' എണീറ്റെ രാജി ... സ്റ്റേഷന്‍ എത്താറായി എന്തൊരു ഉറക്കമാ '' .....

'' വിളി കേട്ട '' ഉടനെ രാജി എഴുന്നേറ്റു മുഖം കഴുകാനായി ... ബാത്ത് റൂമിലേക്ക്‌ പോയി .

'' അച്ഛാ ... എനിക്ക് ഇന്ന് എന്‍റെ ജിബിനെ കാണാന്‍ പറ്റില്ലേ .''..

''ചിന്നു മോള്‍ '' ചോദിച്ചു

''ജിബിന്‍ '' അവളുടെ കളിക്കൂട്ടുകാരനായിരുന്നു ... അവനെ കണ്ടിട്ട് അവള്‍ രണ്ടു വര്‍ഷമായി ...

തന്‍റെ ജ്യേഷ്ഠന്‍റെ '' മകന്‍ ''

'' കാണാം മോളെ '' ... ഇനി അവനും ഉണ്ടാകും നിന്‍റെ 'കൂടെ കളിക്കാനും '... , ' തമാശ പറയാനും ' .. എല്ലാം ... ''എന്താ പോരെ '' ....

''ഹായ് ''... സന്തോഷം കൊണ്ട്‌ ചിന്നു മോളുടെ അധരത്തില്‍ നിന്നും പുറത്തു വന്നത് ഈ വാക്കുകള്‍ മാത്രമായിരുന്നു ....


കോഴിക്കോട് റയില്‍വേ സ്റ്റേഷന്‍ ... യാത്രക്കാര്‍ തിങ്ങി നിറഞ്ഞ സ്റ്റേഷനിലേക്ക് മൂളലുകളോടെ ട്രെയിന്‍ പതുക്കെ നിന്നു .

പെട്ടിയും , മറ്റു സാധനങ്ങളുമായി ശശിധരനും , രാജിയും , ചിന്നു മോളും അവിടെ ഇറങ്ങി.

മുന്നോട്ടു നടക്കുമ്പോള്‍ ശശിധരന്റെ മനസ്സില്‍ '' നൂറായിരം '' ചോദ്യങ്ങള്‍ശരം കണക്കെ അണപൊട്ടി എയ്യുകയായിരുന്നു ....

ഇന്നിപ്പോള്‍ എന്റെ സ്വപ്നങ്ങള്‍ നിറയെ ... ; നരച്ച ആകാശമാണ്‌ .... നിലാവും , നീലക്കുറിഞ്ഞികളും ,ഓറഞ്ച്‌ മണമുള്ള പകലുകളുമൊക്കെ എന്റെ തോന്നലുകളില്‍ മാത്രം പൂത്തും കായ്ചും നില്‍ക്കുന്നു ....

ഒരു വയലിന്‍ കമ്പിയുടെ നേര്‍ത്ത ഞരക്കം .... ഒറ്റപ്പെടലിന്റെ നീണ്ട മഞ്ഞവരമ്പ്‌... പിന്നെയും, എന്തൊക്കെയോ...!!!

കറുപ്പും വെളുപ്പും നിറഞ്ഞ എന്റെ സ്വപ്നത്തിന്റെ പടവുകള്‍ക്കു താഴെ, നിലാവിന്റെ വെറും നിലത്ത്‌

ഇലകള്‍ക്കു മുകളിലൂടെ ചുവടുവയ്ക്കുമ്പോള്‍ , കേള്‍ക്കരുതേ ആരും തന്‍റെ ഈ രോദനം എന്നേ ... ആഗ്രഹിച്ചുള്ളൂ ... ; ... അയാള്‍ .....


റയില്‍വേ സ്റ്റേഷനില്‍ നിന്നും ഓട്ടോറിക്ഷയില്‍ വീട്ടിലേക്കുള്ള യാത്രയില്‍ ശശിധരന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു ... ഓര്‍മ്മകള്‍ അയാളെ നിരന്തരം പഴയ കാലത്തിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി.
വേദനയും ശൂന്യതാ ബോധവും മാത്രം നല്‍കുന്ന ഓര്‍മ്മകള്‍ ..... യുദ്ധം കഴിഞ്ഞെത്തിയ പടയാളിയുടേതു പോലെയുള്ള അസഹ്യമായ ഏകാന്തത. കണക്കെടുപ്പുകളില്‍ നഷ്ടവും ലാഭവും തിരിച്ചറിയാതെ. എന്നാല്‍ വേദനിപ്പിക്കുന്ന കുറെയേറെ ദൃശ്യങ്ങളെ നെഞ്ചിലേറ്റിയങ്ങനെ ........

പിലാക്കണ്ടി ഹൗസ്‌ -
രാമന്‍ നായര്‍ക്കും ,കാര്‍ത്ത്യായനിയമ്മക്കും നാല് മക്കള്‍ മൂന്നു ആണും , ഒരു പെണ്ണും
മൂത്തത് മകള്‍ ഗിരിജ ഭര്‍ത്താവും മൂന്നു കുട്ടികളുമായി .. ഫറോക്കില്‍ വീട് വെച്ച് മാറി താമസിക്കുന്നു . രണ്ടാമത്തെ മകന്‍ സതീശന്‍ , ഭാര്യ മിനിയും മകന്‍ ജിബിനും .... സതീശന്‍ ഭാര്യ വീടിന്റെ അടുത്ത്‌ സ്ഥലം വാങ്ങി .. വീട് പണി നടന്നോണ്ടിരിക്കുന്നു ...മൂന്നാമത്തെ മകന്‍ ശശിധരന്‍ ഭാര്യ രാജി , മകള്‍ ചിന്നു ...... പിന്നെ ഇളയവന്‍ സുമേഷ് ബാഗ്ലൂരില്‍ എന്‍ജിനീയറിങ്ങിനു പഠിക്കുന്നു .


പ്രതീക്ഷിക്കാതെ ഗള്‍ഫില്‍ നിന്നും മടങ്ങി വന്ന മകന്‍റെ തിരിച്ചു വരവ് ശശിധരന്‍റെ അച്ഛന്‍ രാമന്‍ നായര്‍ക്കും അമ്മ കാര്‍ത്ത്യായനിയമ്മക്കും അമ്പരപ്പുളവാക്കി .

'മോനെ വരുന്ന വിവരം ഒന്ന് വിളിച്ചു പറഞ്ഞൂടായിരുന്നോ നിനക്ക് ... '

' അറിഞ്ഞിരുന്നെങ്കില്‍ നിങ്ങളെ കൂട്ടി കൊണ്ട് വരാന്‍ സതീശനെ ഞാന്‍ കാറുമായി എയര്‍പോട്ടിലേക്ക് അയക്കുമായിരുന്നല്ലോ ??? ... ' കാര്‍ത്ത്യായനിയമ്മ മകനോട്‌ ചോദിച്ചു ....

' പെട്ടെന്നുള്ള തീരുമാനമായിരുന്നു ... അമ്മേ ' ... ശശിധരന്‍ പറഞ്ഞു

' എന്ത് പെട്ടെന്നായാലും .. നിനക്കൊന്നു അറിയിക്കാമായിരുന്നു ..അതെങ്ങിനെയാ ... എന്ത് ചെയ്യുമ്പോളും ആരും അറിയാതെ ചെയ്യുന്നതാണല്ലോ നിനക്ക് പണ്ടേ ഇഷ്ട്ടം ... ' .... രാമന്‍ നായര്‍ പറഞ്ഞു...

' അങ്ങിനെ പെട്ടെന്ന് അറിയിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍ '

ശശിധരന്‍ എല്ലാ വിവരങ്ങളും അവരെ പറഞ്ഞു ധരിപ്പിച്ചു ... തന്‍റെ ജോലി നഷ്ട്ടപെട്ടതും , മകളുടെ ടി . സി വാങ്ങിയതും , തിരിച്ചു പോകാന്‍ പറ്റുകയില്ലെന്നും ... എല്ലാം ..

' രാജി നീ മോളേം കൂട്ടി അകത്തോട്ടു ചെല്ല് മോളുടെ ഡ്രസ്സൊക്കെ ഒന്നു മാറ്റി പുത്തനുടുപ്പിക്ക് നോക്കിയെ ആകെ മുഷിഞ്ഞിരിക്കുവാ ' ... കാര്‍ത്ത്യായനിയമ്മ രാജിയോടു പറഞ്ഞു .

' ചിന്നു മോളെ മോള്‍ക്ക്‌ സുഖമല്ലേ ... എനിക്കെന്താ മോള് കൊണ്ട് വന്നെ ...'

' സുഖാണല്ലോ ... അച്ഛമ്മേ ... അച്ഛമ്മക്ക്‌ തിന്നാന്‍ ചോക്ലേറ്റ് കൊണ്ട് വന്നിട്ടുണ്ടല്ലോ '...

' ആണോ .... ഹ ഹ ഹ എന്നിട്ട് വേണം എന്റെ ഉള്ള പല്ലും കെടാക്കാന്‍ ' ല്ലേ ???

'അതിനച്ഛമ്മക്ക്‌ പല്ല് ഇല്ലാലോ ???? '

' മതി അവളുടെ ഒരു കിന്നാരം വാ നടക്ക് ' .... ഇതും പറഞ്ഞു രാജി മോളേം കൂട്ടി അകത്തോട്ടു പോയി .


' ഓരോ സ്വപ്നങ്ങളുമായ് ഗള്‍ഫിലേക്ക് പോകുന്നു ഓരോരുത്തര്‍ ... ചിലര്‍ക്ക് ദൈവം വാരി കോരി നല്‍കുന്നു ... ചിലര്‍ക്ക് കഷ്ട്ടപാടും പണനഷ്ടവും മിച്ചം ... എന്നിട്ടും , ആര്‍ക്കും ഗള്‍ഫ് മോഹം അവസാനിക്കുന്നില്ല ..... ഇതാണ് കാലം ' .... രാമന്‍ നായര്‍ പറഞ്ഞു .

' ആട്ടെ ഇനിയെന്താ പരിപാടി ??? ' ...

' ഒന്നും തീരുമാനമായിട്ടില്ല '

' മോനെ ഇനി നീ ഗള്‍ഫിലേക്കൊന്നും പോവണ്ട .... നിനക്കിനി ഇവിടുതന്നെ എന്തേലും ജോലിക്ക് ശ്രമിച്ചൂടെ ? ഒന്നൂല്ലേലും നീ ഒരു എന്‍ജിനീയര്‍ അല്ലേടാ ... ' .... കാര്‍ത്ത്യായനിയമ്മ പറഞ്ഞു .

' ശ്രമിക്കണം എന്തേലും വഴി ദൈവം കാണിച്ചു തരുമായിരിക്കും '

' മോനെ ആയുസ്സ് മുഴുവന്‍ സഹിക്കുവാനുള്ള ഒരു യുദ്ധമാ ജീവിതം ..... അത് സഹിക്കുവാനുള്ള കരുത്തുണ്ടാവണം .... ' .... രാമന്‍ നായര്‍ പറഞ്ഞു...

' മോനെ ..... ബാക്കി കാര്യങ്ങളൊക്കെ നമ്മുക്ക് പിന്നീട് ആലോചിക്കാം നീ പോയി കുളിച്ചു
ഡ്രസ്സൊക്കെ മാറി വാ ...അപ്പോഴേക്ക് ഞാന്‍ ഭക്ഷണം വിളമ്പി വെച്ചേക്കാം ... ' .... കാര്‍ത്ത്യായനിയമ്മ
മകനോട്‌ പറഞ്ഞു .

ശശിധരന്‍ അകത്തേക്കുപോയി ... ഞൊടിയിടയില്‍ കുളിച്ചു ഡ്രസ്സ് മാറി വന്നു .അപ്പോഴേക്കും കാര്‍ത്ത്യായനിയമ്മ ഭക്ഷണം വിളമ്പി വെച്ചിരുന്നു .

കാര്‍ത്ത്യായനിയമ്മ അകത്തേക്ക് പോയി രാജിയെയും ചിന്നു മോളെയും വിളിച്ചു , ഭക്ഷണം കഴിക്കാന്‍ ... അവരും വന്നിരുന്നു .

അപ്പോഴേക്കും കൈ കഴുകി രാമന്‍ നായരും വന്നു .

'സതീശേട്ടന്‍ എവിടെ അമ്മെ ??? ' ശശിധരന്‍ ചോദിച്ചു

' സതീശന്‍ ഒരാഴ്ചയായി ഭാര്യ വീട്ടിലാ താമസം ... അവനൊരു സ്ഥലം വാങ്ങി . ഭാര്യാ വീടിനടുത്ത് ...
വീട് പണി നടക്കുവാ ... അതിനാല്‍ എളുപ്പത്തിനു വേണ്ടി ... ,,, അല്ലാ ... സ്ഥലം വാങ്ങിയ വിവരം ഒന്നും അവന്‍ നിന്നോട് പറഞ്ഞില്ലേ ??? .... കാര്‍ത്ത്യായനിയമ്മ ... ചോദിച്ചു .

' ഇല്ല ' നിങ്ങള്‍ പറഞ്ഞപ്പോള്‍ ... ഇപ്പോഴാ ഞാനീ കാര്യം അറിയുന്നത് തന്നെ .

'ഞങ്ങളും വാങ്ങി ഒരു മാസത്തിനു ശേഷമാ അറിയുന്നത് ' രാമന്‍ നായര്‍ പറഞ്ഞു

' ഒക്കെ അവളുടെ പണിയാ അവന്റെ ഭാര്യ മിനിയുടെ ... ഇവിടെ അടുത്ത്‌ വാങ്ങാന്‍ സ്ഥലം കിട്ടാഞ്ഞിട്ടാണോ അഹങ്കാരം ... അതും ഇത്രയും പെട്ടെന്ന് മാറി താമസിക്കാന്‍ അവനു എന്തിന്‍റെ കുറവാ ??? ... ഞങ്ങള്‍ക്ക് വയസ്സായി പോയില്ലേ അതായിരിക്കും ... ' ... കാര്‍ത്ത്യായനിയമ്മ പറഞ്ഞു .

' അവരവര്‍ അവരവരെ മറക്കുന്ന കാലാ ഇതെന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ ... പക്ഷെ ഇതാ കണ്ടറിഞ്ഞു ... നീ അയച്ചു കൊടുത്ത പണവും കൂടി കൂട്ടിയാ അവന്‍ പച്ചക്കറി കട തുടങ്ങിയത് ... അത് കൊണ്ട് കുറച്ചു സമ്പാദിക്കുകയും ചെയ്തു .... പണം കയ്യില് വന്നപ്പോള്‍ അവന്‍ സ്വന്തവും ബന്ധവും ഒക്കെ മറന്നു .... ' ... രാമന്‍ നായര്‍ പറഞ്ഞു .

' കഴിക്ക് മോനെ ' ശശിധരന്റെ പ്ലേറ്റില്‍ ഭക്ഷണം വീണ്ടും വിളമ്പി കൊണ്ട് കാര്‍ത്ത്യായനിയമ്മ പറഞ്ഞു .

' രാജി .. നീയും കഴിക്ക് മോളെ എപ്പോള്‍ കഴിച്ച ഭക്ഷണമാവും ... വിശപ്പുണ്ടാവും . '

'ചിന്നൂ .. അച്ഛമ്മ കുറച്ചൂടെ ചോറിട്ടു തരട്ടെ ... മോള് കഴിക്കുവോ ??? '

' വേണ്ട അച്ചമ്മേ ഇത് തന്നെ കഴിക്കാന്‍ പറ്റണില്ല ... നോക്കിക്കേ ' ... പ്ലേറ്റ് ചൂണ്ടി ചിന്നുമോള്‍ പറഞ്ഞു .

' നിനക്ക് ഞങ്ങളെ പോലെ വളര്‍ന്നു വലുതാവണ്ടേ ... എങ്കില്‍ ഭക്ഷണം നന്നായിട്ട് കഴിക്കണം. '

' ഞാന്‍ കഴിക്കാറുണ്ടല്ലോ ഇപ്പോള്‍ വേണ്ടാഞ്ഞിട്ടല്ലേ '....

' പിന്നെ നീ വന്ന വിവരം സതീശനെ വിളിച്ചു പറഞ്ഞിട്ടുണ്ട് ... അവന്‍ രാവിലെ മിനിയെയും മോനെയും കൂട്ടി വരാമെന്ന് പറഞ്ഞിട്ടുണ്ട് ..... ഗിരിജയെയും വിളിച്ചു പറഞ്ഞു അവളും നാളെ വരുമെന്ന് പറഞ്ഞിട്ടുണ്ട് ... സുമേഷിനു എക്സ്സാമുണ്ടെന്നു പറഞ്ഞു പെട്ടെന്ന് വരാന്‍ ശ്രമിക്കാന്നും പറഞ്ഞു ....

എല്ലാവരെയും വിളിച്ചു ഞാന്‍ പറഞ്ഞിട്ടുണ്ട് ... വരുന്നവരു .. വരട്ടെ ' ... കാര്‍ത്ത്യായനിയമ്മ പറഞ്ഞു .

എല്ലാവരും ഭക്ഷണം കഴിച്ചെഴുന്നേറ്റു . രാമന്‍ നായരും , ശശിധരനും , ചിന്നുമോളും കൈ കഴുകാന്‍ ഉമ്മറത്തേക്ക് പോയി .

കാര്‍ത്ത്യായനിയമ്മയും രാജിയും ഭക്ഷണ പാത്രങ്ങള്‍ എടുത്തു അടുക്കളയിലേക്കു പോയി ...

അടുക്കളയിലെ പണിയൊക്കെ കഴിഞ്ഞു ... രാജി മുറിയിലേക്ക് വരുമ്പോള്‍ ശശിധരന്‍ എന്തൊക്കെയോ ആലോചിച്ചു കൊണ്ട് കിടക്കുകയായിരുന്നു ... അടുത്ത് കിടന്ന ചിന്നുമോള്‍ ഉറക്കം പിടിച്ചിരുന്നു ....

' എന്താ , നിങ്ങള്‍ ആലോചിക്കുന്നത് . സതീശേട്ടന്റെ കാര്യമാണോ ??? '

' അതെ , അച്ഛന്‍ പറഞ്ഞത് പോലെ ഞാന്‍ സഹായിച്ച പണം കൊണ്ടാ ജ്യേഷ്ഠന്‍ ഈ നിലയിലെത്തിയത് എന്നിട്ട് സ്ഥലം വാങ്ങിയ വിവരവും ഒന്നും തന്നെ എന്നെ അറിയിച്ചില്ല കേട്ടിട്ട് എനിക്ക് വിഷമമായി ' .....

' നിനക്കറിയ്യോ , ... കുട്ടികാലത്ത് ഞങ്ങള്‍ ഒരു മെയ്യും രണ്ടു ശരീരവുമായിരുന്നു എനിക്ക് ജ്യേഷ്ഠനെയും ജ്യേഷ്ഠന് എന്നോടും വലിയ ഇഷ്ട്ടമായിരുന്നു .. ആ സ്നേഹം എന്നാണ് അന്യം നിന്ന് പോയത് .. ഹാ .. അറിയില്ല ... '

' സാരമില്ല ശശിയേട്ടാ .... പണം നമ്മുടെ കയ്യിലും വരും ..... ഈ ലോകത്ത് എല്ലാവരും ഗള്‍ഫ് കൊണ്ടാണോ ജീവിക്കുന്നത് ..... അല്ലല്ലോ ?? !! .... ഇതിനെക്കാളും ബുദ്ധിമുട്ടും കഷ്ട്ടപാടുമായി ഒരു ചില്ലി കാശുപോലുമില്ലാതെ കടത്തിന് കടവുമായി തിരിച്ചു നാട്ടിലെത്തിയ എത്ര ഗള്‍ഫുകാരുണ്ട് നമ്മുടെ നാട്ടില്‍ ...... എന്നിട്ട് അവരാരും ജീവിക്കുന്നില്ലേ ?? !! ... ഇപ്പോള്‍ നമുക്ക് വലിയ നഷ്ട്ടങ്ങളൊന്നും സംഭവിച്ചില്ലല്ലോ ... എല്ലാം നേരെയാകും ... എന്‍റെ മനസ്സ് പറയുന്നു ... '

' എനിക്ക് ധൈര്യം തരാന്‍ നീ കൂടി ഇല്ലെങ്കില്‍ ഞാന്‍ ആകെ തളര്‍ന്നു പോകുമായിരുന്നു ... മോളെ ' ..ശശിധരന്‍ പറഞ്ഞു

' എനിക്ക് ഒരിക്കലും നിന്നെ സ്നേഹിക്കാന്‍ പറ്റിയില്ലാ ... ഉള്ള പണം മുഴുവന്‍ കുടുംബക്കാര്‍ക്കും മറ്റും കൊടുത്തു സഹായിക്കുമ്പോളും .... നിനക്ക് ഒരു നല്ല സാരി പോലും വാങ്ങി തരാന്‍ ഞാന്‍ മറന്നു പോയി ... എന്നിട്ടും നീ ഒരിക്കലും ഒരു പരിഭവവും എന്നോട് പറഞ്ഞിട്ടില്ലാ .... ഒരു മറു വാക്ക് എന്നോട് പറഞ്ഞിട്ടില്ലാ .... നീ എന്നെ ജീവന് തുല്യം സ്നേഹിക്കുന്നു ....

' ഇപ്പോള്‍ ' ; .... ഇത് പറഞ്ഞു ഒരു കൊച്ചു കുഞ്ഞിനെ പോലെ ... അയാള്‍ വിതുമ്പുകയായിരുന്നു ...

' ഞാന്‍ ആകെ തളര്‍ന്നു പോയി മോളെ ... നീ കൂടി ഇല്ലെങ്കില്‍ .... നിന്റെ സ്നഹം കൂടി ഇല്ലെങ്കില്‍ ' .... ഈ വാക്കുകളോടെ വാവിട്ടു കരയുകയായിരുന്നു അയാള്‍ .... അയാളുടെ മനസ്സിലെ നഷ്ട്ട ബോധങ്ങളുടെ കനല്‍ ഉരു തിരിഞ്ഞു നീറി പുകഞ്ഞു പുറത്തേക്ക് വരികയായിരുന്നു ... നിറകണ്ണുകളോടെ അയാള്‍ അവളുടെ തോളിലേക്ക് ച്ചാഞ്ഞു ...

അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. തേങ്ങലടക്കാന്‍ അയാള്‍ ചുണ്ടുകള്‍ കടിച്ചുപിടിച്ചിരുന്നു. പക്ഷേ അത് രാജി കാണുന്നുണ്ടായിരുന്നില്ല.

ഏതോ ... രാത്രി നിമിഷങ്ങളില്‍ രണ്ടു പേരും ... നിദ്രയില്‍ ലഹിച്ചു ...

കണ്ണുകള്‍ പൂട്ടി, സ്വപ്നത്തിന്റെ വഴിയിലൂടെ അവര്‍ ഏതോ സ്വപ്ന തീരങ്ങളിലേക്ക് യാത്ര പോയി .

കാലത്ത് ഒരു ഗ്ലാസ് ഛായയുമായി കിടപ്പറയില്‍ വന്ന രാജി കണ്ടത് അത് വരെ എഴുന്നേല്‍ക്കാതെ കിടന്നുറങ്ങുന്ന ശശിധരനെയാണ് ...

'അല്ല ചേട്ടാ എന്തൊരുറക്കമാ ഒന്നെണീറ്റെ ... ചെന്ന് കുളിച്ചിട്ടു വാ ഞാന്‍ കുളിമുറിയില്‍ എണ്ണയും , സോപ്പും എടുത്തു വെച്ചിട്ടുണ്ട് ...'

' ഇന്നാ തോര്‍ത്ത് '... . രാജി അലമാര തുറന്ന്‌ തോര്‍ത്ത് എടുത്ത്‌ കട്ടിലില്‍ ഇട്ടു കൊടുത്തു. ക്ഷീണമുണ്ടെങ്കിലും മനസ്സില്ലാ മനസ്സോടെ അയാള്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റു .

'ചിന്നു മോളെവിടെ രാജി ' .... അയാള്‍ ചോദിച്ചു .

' അവളോ അവള്‍ ജിബിന്‍റെ , കൂടെ തൊടിയിലിരുന്നു കളിക്കുവാ ... രാവിലെ സതീശേട്ടന്‍ വന്നിരുന്നു . മിനി ചേച്ചിയെയും ജിബിനെയും ഇവിടെയാക്കി ഉച്ചക്ക് വരാമെന്നും , പറഞ്ഞു പോയി . ച്ചേട്ടന്‍ ഉറങ്ങുവായിരുന്നു ..അതാ വിളിക്കാഞ്ഞേ ' ... ...

അയാള്‍ പതിയെ തോര്‍ത്തുമെടുത്ത്‌ വരാന്തയിലേക്ക്‌ നടന്നു . ചിന്നു മോള്‍ ജിബിനുമൊപ്പം കളിക്കുന്നുണ്ടായിരുന്നു ... ശശിധരനെ കണ്ട നിമിഷം അവള്‍ ഓടി വന്നു ...

' അച്ഛാ എനിക്കൊരു ഊഞ്ഞാല കെട്ടി തരാമോ ... ' അവള്‍ ചോദിച്ചു .

' എന്തിനാ .. വീണ്‌ .. കയ്യും , കാലും ഒടിക്കാനോ ??? '

'പ്ലീസ് അച്ഛാ ... എന്‍റെ പൊന്നച്ഛനല്ലേ ... '

അയാള്‍ തൊടിയിലിരുന്ന കയറെടുത്ത്‌ ഒരു ഊഞ്ഞാല കെട്ടി കൊടുത്തു .

ശേഷം അയാള്‍ നേരെ കുളിമുറിയിലേക്ക് നടന്നു ...

കുളിച്ചു തിരിച്ചു മുറിയിലേക്ക് വന്നപ്പോള്‍ ..... രാജിയുണ്ടവിടെ ...

' ദെ , ഇതെന്തൊരു കോലമാ ..... നിങ്ങള്‍ക്ക് ആ ... കവലയില്‍ ചെന്ന് ആ വളര്‍ന്ന താടിയും
മുടിയും ഒന്ന് വെട്ടി വൃത്തിയാക്കി വന്നൂടെ ... '

' വേണ്ട രാജി ഇന്ന് വേണ്ട നാളെ പോയി വെട്ടാം '

'അത് നല്ല കഥ ... രണ്ടു പേരു കണ്ടാല്‍ പറയാന്‍ അതുമതി '

' ചെല്ല് ച്ചേട്ടാ .. മടിക്കാതെ കവലയില്‍ .... പരിചയക്കാരെയും കാണാലോ ... '

' എന്തേലും ജോലിക്ക് ശ്രമിക്കയും ആവാം '

രാജിയുടെ നിര്‍ബന്ധന്ത്തിനു വഴങ്ങി ശശിധരന്‍ പാന്‍റും ഷര്‍ട്ടുമിട്ട് കവലയിലോട്ടു നടന്നു .

പോകുന്ന വഴിയില്‍ ശശിധരനെ കണ്ട പരിചയക്കാരെല്ലാം കുശലം തിരക്കി '

' എല്ലാ ശശിധരാ നിനക്ക് സുഖമല്ലേ ??? ..എന്നാ തിരിച്ചു പോവുന്നെ ??? '

ഒരു ഗള്‍ഫുകാരനും ഇഷ്ട്ടപെടാത്ത ചോദ്യം .

ജോലി നഷ്ട്ടപ്പെട്ട വിവരവും ഇനി തിരിച്ചു ഗള്‍ഫിലേക്കില്ലെന്നും , പറഞ്ഞപ്പോള്‍

ആരുടെയൊക്കെയോ മുഖങ്ങളില്‍ ഒരു മ്ലാനത ...

' ഈ ശലല്യം ഇനി പോവുന്നില്ലേ ' ...അങ്ങിനെയാണോ അവര്‍ മനസ്സില്‍ പറഞ്ഞത് അല്ല എനിക്ക് തോന്നിയത് ആണോ ...

കവലയില്‍ ചെന്ന ഉടനെ നേരെ കൃഷ്ണന്‍റെ ബാര്‍ബര്‍ ഷോപ്പിലേക്ക് നടന്നു ...

പുറത്തൊരു വിദേശ കാറ്‌ നിര്‍ത്തിയിട്ടുണ്ട് ... ഈ നാട്ടിന്‍ പുറത്തു ഇത്തരം വില പിടിച്ച കാറ്‌ സാധാരണ അങ്ങിനെ കാണാറില്ല ...

ശശിധരനെ കണ്ടു കൃഷ്ണന്‍ ചോദിച്ചു അല്ല ഇതാര് ശശിധരനോ ... എപ്പോള്‍ വന്നു ???

' ഞാനിന്നലെയാ വന്നത് ചേട്ടാ ... '

'ഒന്ന് തടിച്ചിട്ടുണ്ട് പക്ഷെ !! , ... പൊക്കം കുറച്ചു കുറഞ്ഞിട്ടുണ്ടോന്നു സംശയം '

'അത് ചേട്ടന് തോന്നുന്നതായിരിക്കും '

' എനിക്കൊന്നു മുടി വെട്ടണം ച്ചേട്ടാ ... '

' താനിവിടെയിരിക്ക് ഞാനിദേഹത്തിന്റെ മുടിയോന്നു വെട്ടട്ടെ ... '

അപ്പോഴാണ്‌ ശശിധരന്‍ മുടി മുറിക്കാന്‍ കസേരയിലിരുന്ന ആളിനെ ശ്രദ്ധിച്ചത് ... ഒരു ആജാന ബാഹു .. തടിച്ചു പൊക്കമുള്ള ഒരു മനുഷ്യന്‍ ... കയ്യില്‍ സ്വര്‍ണത്തിന്റെ ബ്രസ്സിലേറ്റ് .. കണ്ട്ടിട്ടു ഒരു പണക്കാരനാണെന്ന് തോന്നുന്നു ...

ശശിധരന്‍ അവിടിരുന്ന പത്രങ്ങളിലൊക്കെ ഒന്ന് കണ്ണോടിച്ചു ..
ശശിയേട്ടാ ... ആ വിളി കേട്ടാണ്‌ തിരിഞ്ഞു നോക്കിയത് . നോക്കുമ്പോള്‍ രാഷ്ട്രീയ നേതാവ് ദിവാകരനും സഹ പ്രവര്‍ത്തകരും ശശിധരനെ കണ്ട പാടെ .... ,,,,

' എടാ പ്രദീപേ .... ശശിയേട്ടന്റെ വക ഇരുനൂറ്റമ്പത് ഒന്ന് എഴുതിക്കേ .... '

' എന്താണ് ദിവാകരാ ... എനിക്കൊന്നും മനസ്സിലായില്ല . '

'ഒന്നുമില്ല ശശിയേട്ടാ ഞങ്ങളുടെ പാര്‍ട്ടീടെ ഒരു ജാഥ ഉണ്ട് തലസ്ഥാന നഗരിയില്‍ നിന്നും
കാസര്‍കോടേക്ക് അതിന്‍റെ പിരിവാ ... '

' ഒരു മിനിട്ട് ചേട്ടാ ... '

ശശിധരന്‍ നോക്കി ആ സംസാരിച്ച ആളെ .... ഇപ്പോഴാണ് ആളുടെ മുഖം കണ്ടത് . അത് ആ കസേരയിലിരുന്ന മുടി വെട്ടി കൊണ്ടിരുന്ന ആ മനുഷ്യനായിരുന്നു .... കവിള് തുടുത്ത ഒരു മനുഷ്യന്‍ ..

' ചേട്ടാ ഒരു ചില്ലി കാശ് പോലും ഇവര്‍ക്ക് കൊടുക്കരുത്‌ ... പണ പിരിവിനു ഇറങ്ങിയിരിക്കുന്നു ... സംഭാവന ചോദിക്കാന്‍ ..... '

' ഗള്‍ഫുക്കാരനെയെ ,,, കാണൂ ഇവരുടെ കണ്ണില്‍ ...ഒരവധിക്കോ മറ്റോ നാട്ടില്‍ വന്നാല്‍ ഇലക്ഷനുണ്ടെങ്കില്‍ ഒരു വോട്ടു പോലും ചെയ്യാന്‍ പറ്റില്ല . കാരണം വോട്ടേര്‍സ്സ് ലിസ്റ്റില്‍ പേരുണ്ടാവില്ല ... എല്ലാം ഇവര്തന്നെ ത്തള്ളിക്കും ... എന്നിട്ട് നാണമില്ലാതെ യാചിക്കും ഗള്‍ഫുകാരനോട്‌ ...... '

'നിങ്ങള്‍ പൊയ്ക്കൊള്ളൂ ചേട്ടാ ഇവിടുന്നു ആരും ഒരു ചില്ലികാശു തരില്ല '

' അതെ ചേട്ടാ നിങ്ങളൊക്കെ ഒന്നോര്‍ക്കണം . ജോലി നഷ്ട്ടപെട്ടു തിരിച്ചു വരുന്ന ഗള്‍ഫുകാര്‍ക്ക് ധന സഹായ പദ്ധതി ഞങ്ങളുടെ പാര്‍ട്ടി ആസൂത്രണം ചെയ്യുന്നുണ്ട് '

'ഹോ അതും കൂടി ഇല്ലാഞ്ഞിട്ടാണ് ... ഗള്‍ഫുകാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് എന്ന് പറഞ്ഞു തുടങ്ങി ഒരു സംരംഭം ... എന്നിട്ടെന്തുണ്ടായി ... അതെല്ലാവര്‍ക്കുമറിയാം .... '

അവിടെ നിന്നാല്‍ പന്തികേടാണെന്ന് തോന്നിയ ദിവാകരനും സംഘവും പൊടുന്നനെ സ്ഥലം വിട്ടു.

' പിലാക്കണ്ടി ശശിധരനല്ലേ '

' അതെ '

'എന്നെ തനിക്ക് മനസ്സിലായോ ???'

' ഇല്ല '

' എന്‍റെ പേര് അബ്ദുല്‍ കരീം ഏഴു മുതല്‍ പത്തു വരെ നാം ഒന്നിച്ചു പഠിച്ചിരുന്നു ... കോല്‍ ഐസ് വാങ്ങിയിട്ട് ... നിനക്ക് പണം തരാതെ പറ്റിച്ചു നടന്ന നീ ' ഉണ്ട പോക്രി 'എന്ന് വിളിക്കുന്ന കരീമിനെ ഓര്‍മ്മയുണ്ടോ ??? ...

ഓര്‍മ്മകള്‍ അയാളെ പഴയ കാലത്തിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി.

' ഹോ .... അറിയാം ... കരീം .. ' .... ശശിധരന്‍ പറഞ്ഞു

ഒരുപാട് കാലങ്ങള്‍ക്ക് ശേഷം കളികൂട്ടുകാരനെ കണ്ട സന്തോഷം ശശിധരന്റെ മുഖത്ത്‌ കണ്ടു .

' നീ ബഹറിനിലാണെന്ന് ഞാന്‍ അറിഞ്ഞിരുന്നു ... എന്തൊക്കെയുണ്ട് വിശേഷം സുഖം ആണോ ???.. '

' അതെ '

' ഞാന്‍ ദുബായില്‍ ആണ് ... ബിസ്സിനെസ്സ് ചെയ്യുന്നു ..... ഇവിടെ നാട്ടില്‍ വന്നിട്ട് ഒരു മാസമായി ... മറ്റന്നാള്‍ തിരിച്ചു പോകും ... ശശിധരന്‍ എന്നാണ് തിരിച്ചു പോകുന്നത് ??? '

' ഞാന്‍ ഇനി തിരിച്ചു പോകുന്നില്ല .' ...

' തിരിച്ചു പോകുന്നില്ലേ ... ഊം എന്താ ??? '

ശശിധരന്‍ എല്ലാ വിവരങ്ങളും കരിമിനോട്‌ പറഞ്ഞു ... ... തന്‍റെ ജോലി നഷ്ട്ടപെട്ടതും , തിരിച്ചു പോകാന്‍ പറ്റുകയില്ലെന്നും ... എല്ലാം .....

എല്ലാം അറിഞ്ഞ ശേഷം കരീം പറഞ്ഞു .

' ശശിധരാ ... നീ ഒരു എന്‍ജിനീയര്‍ അല്ലേ ... നിനക്ക് ഗള്‍ഫിലേക്ക് ഇനി പോകാന്‍ താല്പര്യമില്ല എന്ന് നിന്‍റെ വാക്കുകളില്‍ നിന്നും സ്പഷ്ട്ടം ... ഞാന്‍ ഒരു കാര്യം പറയട്ടെ ... '

'എറണാകുളത്ത് ഞങ്ങള്‍ ഒരു ഫ്ലാറ്റ് നിര്‍മ്മിക്കുന്നുണ്ട് തനിക്ക് ആ ജോലി ഏറ്റെടുക്കുവാന്‍ പറ്റുമോ ??? ... താനാകുമ്പോള്‍ എനിക്ക് വിശ്വസിച്ചു ഏല്‍പ്പിക്കുകയും ചെയ്യാം .... '

'കാസിനോ ഗ്രുപ്പ് ... ഞാനാണ് അതിന്റെ മാനേജിംഗ് ഡയറക്ടര്‍ '

മനസ്സ്‌ സ്വച്ഛന്ദം ഒഴുകുന്ന ഒരു പുഴയായി അനുഭവപ്പെട്ടു ശശിധരന് .... ശരീരം ഭാരം കുറഞ്ഞ ഒരു ഭാണ്ഡമായി ചുരുങ്ങിയോ ... തന്‍റെ ആവശ്യങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ്‌ ഏതോ അദൃശ്യകരങ്ങള്‍ തന്നെ തഴുകുന്നത് പോലെ തോന്നി അയാള്‍ക്കപ്പോള്‍ .

' എന്താ ആലോചിക്കുന്നത് ''

' എനിക്ക് താല്പര്യമുണ്ട് ഈ പ്രൊജക്റ്റ്‌ ഞാന്‍ ഏറ്റെടുക്കാം ... '

' കരിം ... തന്നോടു എങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല ' ... ശശിധരന്‍ പറഞ്ഞു .

' നന്ദി ഒക്കെ അവിടെ കിടക്കട്ടെ ... താന്‍ ഒന്ന് ഉഷാറായി കണ്ടാല്‍ മതി തന്നെ ഏല്‍പ്പിക്കുന്ന ജോലി താന്‍ ഭംഗി ആക്കി തന്നാല്‍ മതി '

' പിന്നെ .... ഞാന്‍ പറഞ്ഞല്ലോ ഞാന്‍ മറ്റന്നാള്‍ പോകുമെന്ന് ഇന്നാ ഇത് എന്‍റെ വിസിറ്റിംഗ് കാര്‍ഡ് ആണ് ' .... കരീം പോക്കറ്റില്‍ നിന്നും ഒരു വിസിറ്റിംഗ് കാര്‍ഡ് എടുത്ത്‌ ശശിധരന് കൊടുത്തു .

' എന്‍റെ മൊബൈലില്‍ ഇന്ന് വൈകീട്ട് ഒന്ന് വിളിക്കുക ... അപ്പോഴേക്കും ഞാന്‍ എല്ലാ കാര്യങ്ങളും ശരിയാക്കി വെക്കാം ....ഓക്കേ എന്നാല്‍ പിന്നെ കാണാം '

അപ്പോഴേക്കും അയാളുടെ മുടി വെട്ടി കഴിഞ്ഞിരുന്നു ... അയാള്‍ പോക്കറ്റില്‍ നിന്നും പണമെടുത്ത് കൃഷ്ണന് കൊടുത്തു വെളിയിലിറങ്ങി കാറില്‍ കയറി പോയി .

ശശിധരന്‍ താടിയും മുടിയും വെട്ടി വൃത്തിയാക്കി പുറത്തോട്ടിറങ്ങി ... പോകുന്ന വഴിയില്‍ വീട്ടിലേക്കു കുറച്ചു പച്ചക്കറിയും മീനും മറ്റും വാങ്ങി

വീട്ടിലെത്തിയപ്പോള്‍ ഉമ്മറത്ത് ശശിധരനെയും കാത്തു ഗിരിജയുണ്ടായിരുന്നു ... രാജിയും അവിടെ നില്‍പ്പുണ്ടായിരുന്നു

ശശിധരന്‍ കയ്യിലിരുന്ന സാധനങ്ങള്‍ എടുത്ത്‌ രാജിയുടെ കയ്യില്‍ കൊടുത്തു . അവള്‍ അതും വാങ്ങി അകത്തോട്ടു പോയി .

' ഗിരിജേച്ചി എപ്പോള്‍ വന്നു '

' ഞാന്‍ വന്നു കുറച്ചു നേരമായി ... നീ കവലയിലോട്ടു പോയി എന്ന് രാജി പറഞ്ഞു ... ഞാന്‍ നീ വരുന്നതും കാത്തു ഇരിക്കുകയായിരുന്നു . '

' കുട്ടികളൊക്കെ എവിടെ ചേച്ചി ... അളിയനോ ?? ...'

'ദിവ്യ ഭര്‍ത്താവിന്റെ വീട്ടിലാ , ബബീഷും .. , ശിനിത്തും വീട്ടിലുണ്ട് ഇപ്പോള്‍ പരീക്ഷയല്ലേ ... പഠിക്കുവാ ... അത് കൊണ്ട് ഞാന്‍ ഇപ്പോള്‍ കൂട്ടിയില്ല അളിയന്‍ ലോണെടുത്ത് ഒരു പുതിയ മിനിലോറി വാങ്ങിയിട്ടുണ്ട് ... ഇപ്പോള്‍ കവലയില്‍ ഓടുവാ ... '

' പിന്നെ നിന്‍റെ എല്ലാ കാര്യങ്ങളും അമ്മ പറഞ്ഞു ... നീ ഇനി ഗള്‍ഫിലോട്ടൊന്നും പോവണ്ട ... ഇവിടു തന്നെ എന്തെങ്കിലും പണി എടുത്തു ഉള്ളത് കൊണ്ട് കഴിഞ്ഞു കൂടാം അതാ നല്ലത് ... പിന്നെ , ശശിധരാ ... എനിക്കൊരു 50000 രൂപ വേണമായിരുന്നു . ബാങ്കില്‍ നിന്നും പണ്ടം പണയം വെച്ച നോട്ടീസ് വന്നിരുന്നു . അത് തിരിച്ചെടുത്തില്ലേല്‍ അവരതു ലേലത്തിന് വെക്കും ... '

' എന്‍റെ കയ്യില്‍ ഇപ്പോള്‍ ഒന്നുമില്ല ഗിരിജേച്ചി തരാന്‍ .. എന്‍റെ ഇപ്പോഴുള്ള അവസ്ഥ ഗിരിജേച്ചി ക്ക് അറിയുന്നതല്ലേ ... '

' അങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ .... നീ ഇത്രേം കാലം ജോലി ചെയ്തിട്ട് നിന്‍റെ കയ്യില്‍ ഒന്നുമില്ലെന്ന് പറഞ്ഞാല്‍ എനിക്ക് വിശ്വസിക്കാന്‍ പാടാ .... നിനക്കാകെ ഉള്ള ഒരു പെങ്ങളല്ലെടാ ഞാന്‍ .. ഒരു 25000 എങ്കിലും താടാ .. '

' പിന്നെ ഞാനിപ്പോള്‍ പോകുവാ .... കുട്ടികള്‍ കാത്തിരിക്കുന്നുണ്ടാവും ... ഞാന്‍ പോയിട്ട് വേണം
അവര്‍ക്ക് എന്തെങ്കിലും വെച്ച് വിളമ്പി കൊടുക്കാന്‍ '

' പിന്നെ , നീ ഒന്നും കൊണ്ട് വന്നില്ലെടാ ... നീ കൊണ്ട് വന്നതില്‍ നിന്നും എനിക്കും കുട്ടികള്‍ക്കുമുള്ളത് മാറ്റി വെച്ചേക്ക് ഞാന്‍ നാളെ രാവിലെ വരാം '


'അമ്മ അടുക്കളയിലാണെന്ന് തോന്നുന്നു രാജിയോടു പറഞ്ഞേക്ക് ഞാന്‍ പോയെന്ന് '

ഇത് പറഞ്ഞു കൊണ്ട് ഗിരിജ വീട്ടില്‍ നിന്നും ഇറങ്ങി നടന്നു ...

ശശിധരന്‍ കിടപ്പ് മുറിയിലേക്ക് പോയി .....

' ങ് ഹാ .. മോന്‍ വന്നോ ' ... കാര്‍ത്ത്യായനിയമ്മ മുറിയിലേക്ക് കടന്നു വന്നു

' ഗിരിജ വന്നിരുന്നു കണ്ടിരുന്നോ ??? ... '

' കണ്ടിരുന്നു ... പോയി ... നാളെ വരാമെന്ന് പറഞ്ഞു ..... അമ്മയോട് പറയാന്‍ പറഞ്ഞു '...

'പിന്നെ ശശിധരാ ... സതീശന്‍ ഫോണ്‍ ചെയ്തിരുന്നു ... വൈകീട്ട് അവന്‍ സര്‍വെയറെയും കൊണ്ട് വരുംമെന്നു .. പറഞ്ഞു ..നീ വരാന്‍ കാത്തിരിക്കുകയായിരുന്നു അവനെന്നു ... ഈ വീടും പുരയിടവും അളന്നു ഭാഗം വെക്കാന്‍ .... '

' എനിക്ക് അടുക്കളയില്‍ ജോലിയുണ്ട്‌ ഞാന്‍ വരുന്നു മോനെ ' ...ഇത് പറഞ്ഞു കാര്‍ത്ത്യായനിയമ്മ അടുക്കളയിലേക്കു പോയി


അയാള്‍ . പകച്ചു നിന്നുപോയി. തലചുറ്റുന്നതു പോലെ.... സമനിലനഷ്ടപ്പെട്ടതു് പോലെ.. അരനാള്‍ കൊണ്ടു് ഇത്രയൊക്കെ സംഭവിച്ചതെങ്ങനെ? ഒരു പ്രഭാതത്തിനും അസ്തമയത്തിനുമിടയില്‍ ?

മഞ്ഞ നദിക്കരയിലെ മണല്‍ മുഴുവന്‍ ശേഖരിച്ചു് ഒരു കുതിപ്പോടെ കാറ്റു് ആഞ്ഞടിക്കുകയാണു്. ആരോടോ പക തീര്‍ക്കുന്നതുപോലെ.

ഭൂമി പിളരുന്നതുപോലെ ........ ആകാശം ഇടിഞ്ഞു് വീഴുന്നതുപോലെ. വേറെയും എന്തൊക്കെയോ തോന്നി പോയി അയാള്‍ക്ക്‌

'ശശിയേട്ടാ ... ' രാജിയായിരുന്നു അമ്മ പറഞ്ഞതവള്‍ കേട്ടിരുന്നു ...

' ഒന്നിനെയും കുറിച്ച് അധികം ചിന്തിക്കണ്ട ...
സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന് മാത്രം കരുതിയാല്‍ മതി ' ....... രാജി പറഞ്ഞു

ശശിധരന്‍ ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് കരീമിനെ കണ്ടതും ജോലി കാര്യം സംസാരിച്ചതും എല്ലാം രാജിയോടു പറഞ്ഞു

' ഞാന്‍ പറഞ്ഞില്ലേ ചേട്ടാ ... ഒരു വഴി ദൈവം കാണിച്ചു തരുമെന്നു ... ഇപ്പോള്‍ കണ്ടോ .. '

' ഇനി നമ്മുടെ ജീവിതം കരഞ്ഞും ചിന്തിച്ചും പാഴാക്കാനുള്ളതല്ല ... യഥാര്‍ത്ഥ്യങ്ങള്‍ക്കുമുമ്പില്‍ നമ്മള്‍ സ്വയം അര്‍പ്പിക്കണം ... ആ കണ്ണ് നീര്‍ തുടക്കൂ ... പക്വതയോടെ ... ആഹ്ലാദ പൂര്‍വ്വം ദൈവം നല്‍കിയ ഈ ചെറിയ സൌ ഭാഗ്യ ത്തിലൂടെ ഇനിയുള്ള കാലം നമുക്ക് ജീവിക്കാം ..... '

ഭൂതകാലത്തിന്റെ താളുകള്‍ മറിഞ്ഞുപോയി. വര്‍ത്തമാനം അയാളെ പരിസരബോധമുള്ളവനാക്കി. അല്ലെങ്കിലും യാഥാര്‍ത്ഥ്യം എപ്പോഴും വര്‍ത്തമാനകാലത്തിലാണല്ലോ.

അയാള്‍ പാന്റും ഷര്‍ട്ടും മാറി ഒരു കൈലി മുണ്ടുമെടുത്തു വെയിലെക്കിറങ്ങി .


സുന്ദരമായി ഒഴുകുന്ന തോടിനെ ഒരു നിമിഷം നോക്കി നിന്നു. തിങ്ങി നിന്ന മരങ്ങളുടെ ഇടയില്‍ കൂടി സൂര്യന്റെ വെളിച്ചം വന്നു കണ്ണില്‍ തൊട്ടപ്പോള്‍ അറിയാതെ കണ്ണുചിമ്മി, അയാള്‍ ......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ