2009 ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

പ്രണയം ശ്വാസത്തില്‍ നിറയുമ്പോള്‍ ...



പ്രണയത്തിന് ;
കണ്ണുകള്‍ .... ഇല്ലെന്നു പറഞ്ഞത് ആരോ !!!.

ബുദ്ധി , കൂടി .... ഇല്ലെന്നു പറഞ്ഞത് ഞാന്‍ ....

എന്നാല്‍ ; .... ഇപ്പോള്‍ ... ഞാനും !.

അയ്യോ !.
എന്നില്‍ ഹോര്‍മോണ്‍ മാറി മറിയുന്നുവോ ?.

എങ്ങനെ ഉണ്ടായിരുന്ന മനസ്സാണ് .
എന്തേ ! ഇപ്പോള്‍ മാറി പോകുന്നത് ?.

പ്രണയം എന്നെ എന്താണ് ചെയ്യുന്നത് !.

ഹേയ് പ്രണയമേ ...
നിന്‍റെ കണ്ണുകളില്‍ കാന്തം ഉണ്ടോ ??? ........

പ്രണയം ...... ഉള്ളില്‍ വന്നാല്‍ .........
രക്ത ബന്ധം വരെ മുറിയുമെന്ന് ഒരാള്‍ !.

അമേരിക്കയാണേലും അട്ടപാടി ആണേലും
പ്രണയിച്ചാല്‍ അത് കുറ്റം തന്നെ എന്ന് വേറൊരാള്‍ !..

പ്രണയം ...... എന്‍റെ നെഞ്ച് കൊളുത്തി വലിക്കുന്നു
എന്ത് ചെയ്യും ..... എന്ന് , ... ഞാന്‍ !.

പ്രണയത്താല്‍ എന്നെ വലം വെക്കുന്ന ഭൂമി .
അതിന് നടുവില്‍ തല കറങ്ങി നില്‍ക്കുന്ന ഞാന്‍ !.

മഴത്തുള്ളികള്‍ പെയ്തിറങ്ങി എങ്ങോ അലിഞ്ഞു ചേരുന്നു .
ഇടിയെ , ...... മേഘം കൊണ്ട് പോകുന്നു .

മിന്നല്‍ പിണര്‍ പോലെ .........
പ്രണയം ശ്വാസത്തില്‍ നിറയുമ്പോള്‍ ...........
ഞാനും ........... അന്ധാളിക്കുന്നു !!!!! .....

2009 ഏപ്രിൽ 20, തിങ്കളാഴ്‌ച

'ഞാന്‍ പ്രണയമാണ് ' . (ഇന്റര്‍നെറ്റ് പ്രണയം ) .കഥ



















110. k.v. ബസ്സ് സ്റ്റോപ്പ് ..

(അതിന്‍റെ അടുത്ത് ഒരു 110 .k.v . സബ് സ്റ്റേഷന്‍ ഉണ്ട് അതാണ്‌ ആ സ്ഥലത്തിനു അങ്ങനെ 110 .k.v . പേര് വന്നത്)

അതിനു അര കിലോമീറ്റര്‍ മാറി ഒരു പ്രൈവറ്റ് കോളേജ് ഉണ്ട് അക്ഷര കോളേജ് .

കോളേജ് വിട്ട സമയം കുട്ടികള്‍ എല്ലാം കലപില ശബ്ദത്തോടെ ആ ബസ്സ് സ്റ്റോപ്പില്‍ തിങ്ങി നിറഞ്ഞു ....

മല്‍സര വേഗത്തോടെ ഓടി പാഞ്ഞെത്തിയ അര്‍ച്ചന ബസ്സ് ..... അവിടെ സഡന്‍ബ്രേക്കിട്ടു നിര്‍ത്തി .

ധൃതിയോടെ ബസ്സിലേക്ക് ഓടി പാഞ്ഞു കയറുന്ന .... കുട്ടികള്‍ പെണ്‍കുട്ടികള്‍ മുന്‍ വശത്തേക്കും ആണ്‍കുട്ടികള്‍ പിന്‍ വശത്തേക്കും ...

അതിനിടയില്‍ ചുരുക്കമായി കയറുന്ന സാധാരണ യാത്രക്കാരും .....

ഭാഗ്യമുള്ളവര്‍ ബസ്സില്‍ കയറി പറ്റി . അല്ലാത്തവര്‍ വെളിയില്‍ ....

' റ്റിം .... റ്റിം ' ... രണ്ട് ബെല്ല് ..... ഡ്രൈവര്‍ ബസ്സ് എടുത്തു ... മല്‍സര കുതിപ്പോടെ ബസ്സ് അടുത്ത സ്റ്റോപ് ലകഷ്യമാക്കി പാഞ്ഞു .......

കണ്ടക്ട്ടര്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് മുറിച്ചു കൊടുത്ത് പണം വാങ്ങുന്നു .... കുട്ടികളില്‍ നിന്നും കണ്സെക്ഷന്‍ കാര്‍ഡ് നോക്കി രേഖപെടുത്തുന്നു . പണം കുറച്ചു വാങ്ങുന്നു . ബസ്സ് നീങ്ങുകയാണ് ....

ബസ്സിനു മുന്‍ വശത്ത് കൂട്ടുകാരികളോടൊപ്പം നില്‍ക്കുകയാണ്‌ വിനീത ...

'കേട്ടോടീ ധന്യേ ... നമ്മുടെ വിനീതക്ക് ഒരു പ്രണയം ' ... രമ്യ അടുത്ത്‌ നില്‍ക്കുന്ന കൂട്ടുകാരി ധന്യയോടു പറഞ്ഞു .

'അയ്യോ ... ഇവ്ള്‍ക്കോ .... ഞാന്‍ വിശ്വസിക്കില്ല ' .... ഈ തൊട്ടാവാടി പെണ്ണിനോ .... ആര് പ്രേമിക്കാനാ ഇവളെ .... ' ധന്യ തിരിച്ചു ചോദിച്ചു .

'ശ്ശൊ പറഞ്ഞു തീര്‍ന്നില്ല അതിനു മുന്‍പേ ഇടം കോലിടല്ലേ '

'രമ്യാ നീ എന്‍റെ അടുത്ത്‌ നിന്നും ഇന്ന് മേടിക്കും ' .... വിനീത പറഞ്ഞു .

'ഹോ പിന്നെ ,, നീ എന്നെ തല്ലാനിങ്ങു വാ ..ഞാന്‍ പറയും ,. കേട്ടോടീ ... ഇവളുടെ പ്രണയം സാധാരണ പ്രണയം അല്ല '.

'ശ്ശൊ ... അല്ലെ. ?? .. പിന്നെ എങ്ങനെയുള്ള പ്രണയമാ '...

'അതാണ്‌ രസം ... തമ്മില്‍ തമ്മില്‍ കാണാതെ ഉള്ള പ്രണയം ... ഇന്റര്‍നെറ്റ് പ്രണയം ... ഹ ഹ ഹ '

'നേരാണോടീ ഈ കേള്‍ക്കുന്നത് ?. ... ആണോ ?? ' ... ധന്യ ചോദിച്ചു .

'കാലക്കേടിന് ഞാന്‍ ഇവളോട്‌ പറഞ്ഞു പോയതാ ഇനി നീയും കൂടി ഇത് എല്ലായിടത്തും പരസ്യമാക്കണ്ട ... '

'അപ്പോള്‍ നേരാണ് ......'

'അത് പേടിക്കണ്ടാ ഇത് എല്ലായിടത്തും ചെണ്ട കൊട്ടി അറിയിക്കുന്ന കാര്യം ഞാന്‍ തന്നെ ഏറ്റു ' ...രമ്യ വിനീതയോട് പറഞ്ഞു

' ഓ പിന്നെ .. നീ ചെണ്ട കൊട്ടിയാല്‍ നിന്റെ തല മണ്ടയില്‍ ഞാന്‍ കൊട്ടും '

' ചുമ്മാതല്ല ,.... 'സ്പെഷല്‍ ക്ലാസ് ' ... എന്നും പറഞ്ഞു വീട്ടില്‍ നിന്ന് നേരത്തെ പോരുന്നെ .. എന്നോട് ഇന്നലേം , ... നിന്റെ അമ്മ ചോദിച്ചു ... സ്പെഷല്‍ ക്ലാസിനെ പറ്റി ... ഞാന്‍ അറിയില്ലാന്നു പറഞ്ഞു . ... ഞാന്‍ നിന്‍റെ ക്ലാസ്സില്‍ അല്ലല്ലോ '... ഇപ്പോഴാ മനസ്സിലായെ പ്രണയ ക്ലാസ് ആണ് അതെന്ന് ... എന്തായാലും കൊള്ളാം ഹ ഹ ഹ

'നീ വലിയ പുണ്യാളത്തി ഇങ്ങനെ കിടന്നു ഇളിക്കണ്ട ആ ഡിവിഷന്‍ ബി. യിലെ സുബീശുമായുള്ള ചുറ്റികളി ഞങ്ങള്‍ക്കെല്ലാം അറിയാം ... '

'ഓ .. അതിനു ഞാന്‍ നിന്നെപോലെ അല്ലല്ലോ .... ഇതൊക്കെ ഒരു ടൈം പാസ്സ്‌ ... എനിക്ക് പ്രണയം എന്ന് പറഞ്ഞു നിന്നെ പോലെ തലക്കൊന്നും കയറിയിട്ടില്ല .'

'നിനക്കൊക്കെ പ്രണയം തമാശയാ .. എനിക്ക് അങ്ങനെയല്ല ... '

'എല്ലാവര്‍ക്കും എല്ലാവരോടും പ്രണയം തോന്നണം എന്നില്ല ... നിനക്ക് പ്രണയത്തെ പറ്റി ഒന്നും അറിയില്ല '

' ഓ പിന്നേ .... നീ പ്രണയത്തില്‍ ഡോക്ട്ടറേറ്റ് നേടിയ ആളല്ലേ ടയലോഗ് വിട് ... മോളെ

ദ ,, ബസ്സ് കീഴല്‍ മുക്കിലെത്തി ... നിനക്ക് അടുത്ത സ്റ്റോപ്പ് അല്ലെ . , ഞങ്ങള്‍ ഇവിടെ ഇറങ്ങുവാ .. നാളെ കാണാം ...

' റ്റിം .. ' ക്ലീനര്‍ ബെല്ലടിച്ചു . ബസ്സ് നിന്നു ..

ധന്യയും രമ്യയും കൂട്ടുകാരികളോടൊപ്പം ... ബസ്സില്‍ നിന്നും ഇറങ്ങി .
കുറച്ചു യാത്രക്കാര്‍ ഒഴിഞ്ഞത് കൊണ്ട് ചില സീറ്റുകള്‍ ഒഴിവായിരുന്നു അവള്‍ പതുക്കെ ഒഴിഞ്ഞ ഒരു സീറ്റിലേക്ക് ഇരുന്നു .

' റ്റിം .. റ്റിം' ... ക്ലീനര്‍ ബെല്ലടിച്ചു ബസ്സ് വീണ്ടും നീങ്ങി ....

അവളുടെ ചിന്തകള്‍ക്ക് ചൂട് തട്ടുകയായിരുന്നു അപ്പോള്‍ .... ഇപ്പോള്‍ അവളുടെ മനസ്സില്‍ ഇന്റര്‍നെറ്റിനു മുന്നില്‍ തന്നെയും കാത്തു ഇരിക്കുന്ന ... താന്‍ കാണാത്ത തന്നെ കാണാത്ത ... പ്രണയ മണി തൂവലുകളാല്‍ മനസ്സില്‍ തലോടിയ തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ മുഖമായിരുന്നു .

കോടമഞ്ഞില്‍ പുതഞ്ഞ ഗിരി ശ്രുംഗങ്ങളില്‍ നിന്നും ... നീര്‍ച്ചാലുകളായ് ഒഴുകി വന്നു സമുദ്രത്തില്‍ ലയിക്കുന്ന ജല സ്രോതസ്സിനെ പോലെ ....ഒരു നിമിത്തമായ് തന്‍റെ മനസ്സാകുന്ന സമുദ്രത്തിലേക്ക് പ്രണയമായി ഒഴുകി വന്ന തന്‍റെ കൂട്ടുകാരന്‍ ... ആ ക്കൂട്ടുകാരന്‍റെ മുഖം മാത്രം ആയിരുന്നു . മനസ്സ് നിറയെ ...

ബസ്സ് അവള്‍ക്കു ഇറങ്ങേണ്ട സ്റ്റോപ്പില്‍ എത്തി .

' റ്റിം .. ' ക്ലീനര്‍ ബെല്ലടിച്ചു ബസ്സ് നിന്നു .

അവള്‍ ആ സ്റ്റോപ്പില്‍ ഇറങ്ങി ... നേരെ കവലയിലേക്ക് നീങ്ങി ... കവലയില്‍ ചെന്ന അവള്‍ ധൃതിയോടെ ചെന്ന് കയറിയത് .

അപ്പോളോ ഇന്റര്‍നെറ്റ് കഫേയിലേക്ക് ....

'ഇന്ന് കുറച്ചു വൈകി അല്ലെ ?? '.. കടക്കാരന്‍ ചോദിച്ചു .

' ബസ്സ് കിട്ടാന്‍ ഇന്ന് അല്‍പ്പം താമസിച്ചു ചേട്ടാ അതാണ്‌ വൈകിയത് '

' ഓ ഹോ അതാണോ ??? '

' എനിക്ക് മൂന്നാം നമ്പര്‍ കാബിന്‍ തന്നേക്ക്‌ ചേട്ടാ അതില്‍ മൈക് ഉണ്ടല്ലോ ..എനിക്ക് ഇന്ന് ഒരാളോട് സംസാരിക്കാന്‍ ഉണ്ട് . '

' തനിക്കു ഭാഗ്യമുണ്ട്. മൂന്നാം നമ്പര്‍ കാബിന്‍ ഇന്ന് ഒഴിവാ ചെന്നോളൂ ... '

അവള്‍ മൂന്നാം നമ്പര്‍ കാബിനില്‍ ചെന്ന് ഇരുന്നു .അവള്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു . ശേഷം ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ ഓപ്പണ്‍ ചെയ്തു .

മെയില്‍ അഡ്രെസ്സ് ടൈപ്പ് ചെയ്തു www.snehakood.ning.com

തുറന്നു വന്ന വിന്‍ഡോയില്‍ അവള്‍ മെയില്‍ അഡ്രസ്സും പാസ്സ്‌വേര്‍ഡും കൊടുത്തു . ഇപ്പോള്‍ കൂട്ടത്തിലെ അവളുടെ മെയിന്‍ പേജ് തുറന്നു വന്നു .

'' i am a cool girl '' . അതാണ് അവളുടെ പ്രൊഫൈലില്‍ കൊടുത്തിരിക്കുന്ന പേര് .Awaiting Approval .. 4profile coment . വലതു വശത്ത് അവള്‍ക്കായി വന്ന കമന്റുകള്‍ എഴുതി കാണിച്ചിരുന്നു. (അവള്‍ തനിക്കു അയക്കുന്ന കമന്റുകള്‍ അപ്രോവ് ചെയ്തു വെച്ചിരുന്നു )

അവള്‍ അവളുടെ പ്രൊഫൈല്‍ പേജ് തുറന്നു . അവള്‍ തനിക്ക് വന്ന മെസ്സെജുകളിലേക്ക് ഒന്നു കണ്ണോടിച്ചു.

പതിയെ .. താന്‍ ആകാംഷയോടെ മെസ്സെജുകള്‍ക്കായി കാത്തു നിന്ന തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരന്‍റെ മെസ്സെജു കളിലേക്ക് അവളുടെ പ്രണയം തുളുമ്പുന്ന കണ്ണുകള്‍ നീണ്ടു ...

' ഹലോ ...എന്‍റെ , പ്രിയപ്പെട്ട കൂട്ടുകാരി ... സുഖമല്ലേ ?. '

' എനിക്ക് ഒരുപാട് .. ഒരുപാട് .. ഒരുപാട് .. സുഖമാണ് . എന്‍റെ കൂട്ടുകാരിക്കോ . ? '
അതിനു താഴെ ഒരു കവിതയും പോസ്റ്റ് ചെയ്തിരിക്കുന്നു . അവള്‍ അത് ആകാംഷയാല്‍ വായിച്ചു .

'' നിലാവിന്‍റെ നിശബ്ദ സംഗീതത്തില്‍ ... നിന്‍റെ മുഖമാണ് എന്‍ ഓര്‍മയില്‍ തെളിയുന്നത്‌ ....

നീയാണ് എന്‍റെ നെഞ്ജിന് രാഗതാളം .... നിന്‍റെ ചിരി എന്നുടെ വെണ്‍ പുലരി ....

കിനാവിന്‍റെ പൊന്‍ നിലാവെട്ടത്ത് ...... സൂര്യകാന്തി പൂക്കള്‍ വിരിയുന്ന നേരങ്ങളില്‍ ....

നാമിരുവരും മാത്രം ആകുന്ന ലോകത്തേക്ക് ... , പ്രിയസഖി ഞാന്‍ നിന്നെയും കാത്തു ഇരിക്കുന്നു ....

മിഴികളിലായിരം വര്‍ണ്ണങ്ങള്‍ ചാലിച്ച സ്വപ്നങ്ങള്‍ ... , ..എത്രയോ നിനക്കായ് .. ഞാന്‍ നെയ്തു കൂട്ടി ....

മൊഴികളില്‍ അപ്പൂര്‍വ സ്വരങ്ങളാല്‍ .... അതിനെ ഞാന്‍ പരിപാലിച്ചു ....

പക്ഷെ നിനക്കതു അറിയില്ലായിരുന്നു .... പറയാന്‍ ഞാനും മറന്നു പോയി ....

സംഗീതം പൊഴിക്കുന്ന താഴ്വരകളുടെ .... അനന്തതയിലേക്ക് -കണ്ണും നട്ടിരിക്കുമ്പോള്‍ ....

ഞാനറിയുന്നു ....അത്രയ്ക്കിഷ്ട്ടപെട്ടു പോയി നിന്നെയെന്ന് ....

എന്‍റെ കരളില്‍ പൂവിട്ട കിനാക്കളില്‍ ... നിന്‍റെ മുഖമായിരുന്നെന്ന് ............. ''

കവിത വായിച്ചതിന് ശേഷം സ്നേഹാര്‍ദ്രമായ അവളുടെ കണ്ണുകള്‍ പതുക്കെ അവളുടെ കൂട്ടുകാരന്‍റെ പ്രൊഫൈല്‍
പേരിലേക്ക് ഉടക്കി നിന്നു .

'ഞാന്‍ പ്രണയമാണ് ' അതായിരുന്നു ... ആ പ്രോഫൈലിന്‍റെ പേര് .

തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരന്‍റെ വാക്കുകളും , ആ പ്രണയ കവിതയും അവളെ ഏതോ മായിക ലോകത്തേക്ക് കൊണ്ടു പോയി .

നല്ല കവിത അവള്‍ ' മനസ്സ് ' .... കൊണ്ട് പറഞ്ഞു . അതിലെ പ്രണയാര്‍ദ്രമായ ..... വരികള്‍ അവളുടെ ഹൃദയ കോണുകളില്‍ നൂറായിരം വര്‍ണ്ണ ചിത്രങ്ങള്‍ വരച്ചു ...........

അവള്‍ മൌസെടുത്തു കൂട്ടുകാരന്‍റെ പേജിലേക്ക് ക്ലിക്ക് ചെയ്തു . ഇപ്പോള്‍ ആ പേജ് തുറന്നു.
' ഞാന്‍ പ്രണയമാണ് ' പ്രൊഫൈല്‍ പേജ് ... അവള്‍ ഇടത്ത് വശത്തേക്ക്‌ നോക്കി . പച്ച നിറം കാണിക്കുന്നു ആള്‍ ഓണ്‍ലൈനില്‍ ഉണ്ട് .ഒത്തിരി വര്‍ണ്ണ ചിത്രങ്ങളാല്‍ അലങ്കരിച്ച ആ പേജിന്റെ താഴെ കാണുന്ന മെസേജ് ബോക്സ്സിന്‍റെ അടുത്തേക്ക്‌ അവള്‍ മൌസ് കൊണ്ടു വന്നു .

അവിടെ അവള്‍ റ്റൈപ്പ് ചെയ്തു .

'ഹായ് കൂട്ടുകാരാ ... ഞാന്‍ വന്നൂ ....പിന്നേയ് .. കൂട്ടുകാരാ ... എനിക്കും സുഖം തന്നെ ഒരുപാടൊരുപാട് .....
കവിത നന്നായിട്ടുണ്ട് കേട്ടോ .... പിന്നെ എന്തൊക്കെയുണ്ട് വിശേഷം ?. '

' കൂട്ടുകാരന്‍ തന്ന ജി മെയില്‍ ഐ ഡി യില്‍ ഞാന്‍ ജി . ട്ടാല്‍ക്കിലേക്ക് റിക്വസ്റ്റ് അയച്ചുവല്ലോ കിട്ടിയിരുന്നോ ?. അസ്സെപ്റ്റ് ചെയ്യൂ .... ഞാന്‍ ഇപ്പോള്‍ വരാം ജി ട്ടാല്‍കിലേക്ക് . എനിക്കിന്ന് ഈ കൂട്ടുകാരനോട് ഒത്തിരി ചാറ്റ് ചെയ്യണം ....'

ശേഷം അവള്‍ മെസേജ് ബോക്സിന്‍റെ ആഡ് കമന്റ് ബട്ടണില്‍ ക്ലിക്ക് ചെയ്തു ഇപ്പോള്‍ ആ മെസേജ് അവന്റെ പേജില്‍ വീണു .

അവള്‍ ജി ട്ടാല്‍ക്ക് എടുത്തു . ഐ ഡി യും പാസ് വേര്‍ഡും കൊടുത്തു . ഇപ്പോള്‍ പേജ് ഓപ്പണ്‍ ആയി .
അവന്‍ ഓണ്‍ലൈനില്‍ ഉണ്ട് ഭാഗ്യായി .

അവള്‍ അവന്‍റെ മെസേജ് പേജ് എടുത്തു . റ്റൈപ്പ് ചെയ്തു .
'ഹായ് '

ഉടനെ മറുപടി വന്നു ' ഹായ് കൂട്ടുകാരി സുഖമോ ??? '

'സുഖമാണല്ലോ ' ... കൂട്ടുകാരനോ ???

'സുഖം ഒരുപാടൊരുപാട്'

' അതേയ് നമ്മള്‍ കുറെ കാലമായി ചാറ്റ് ചെയ്യുന്നു കൂട്ടുകാരിയുടെ പേര് പറഞ്ഞില്ല എന്താ പേര് '

' ഞാന്‍ മാത്രമല്ലല്ലോ .... കൂട്ടുകാരനും പേര് പറഞ്ഞില്ലല്ലോ ... '

' ഓക്കേ എന്നാല്‍ ഞാന്‍ പറയാം ... എന്‍റെ പേര് ജിത്തു നാട്ടില്‍ പത്തനം തിട്ട ഞാന്‍ ഇപ്പോള്‍ ദുബായില്‍ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്നു . '

' കൂട്ടുകാരിയുടെയോ '

'എന്‍റെ പേര് വിനീത. ഞാന്‍ പഠിക്കുന്നു പ്രൈവറ്റ് കോളേജില്‍ ഡിഗ്രി ഫസ്റ്റ് ഇയര്‍ നാട്ടില്‍ കോഴിക്കോട് '

'ഒന്ന് ചോദിച്ചോട്ടെ എന്നെ ഇഷ്ടമാണോ ??? '

'അല്ല .'

'അല്ലെ ??? പിന്നെ എന്തിനാ എന്നെ കുറിച്ച് ചോദിക്കുന്നതും , ഇവിടെ ഈ ജി ട്ടാല്‍ക്കില്‍ വന്നതും ഒക്കെ '.


'ഹി ഹി .. കൂട്ടുകാരാ ഞാന്‍ തമാശ പറഞ്ഞതല്ലേ ... ഇഷ്ട്ടമില്ലേല്‍ ഞാന്‍ ഇവിടെ വരുമോ ??? '

'അപ്പോള്‍ എന്നെ ...ഇഷ്ട്ടമാണ് .'

'അതെ കൂട്ടുകാരന്‍ പറയുന്നത് പോലെ ഒരുപാട് .. ഒരുപാട് ... ഒരുപാട് ... എന്താ പോരെ ..? .'

'മതി എനിക്കും ... അത് പോലെ ....പിന്നെ നാളെ എന്തെങ്കിലും കാരണവശാല്‍ എന്നെ പിരിയുമോ ?. '

' ഇല്ല ' ; ... പിരിയില്ല ... ഒരിക്കലും ...

പിന്നീട് അവര്‍ വാക്കുകളിലൂടെയും ശബ്ദങ്ങളിലൂടെയും അവരുടെ പ്രണയം കൈ മാറി ... പിന്നീട് അവര്‍ക്ക് മനസ്സിലായി തങ്ങള്‍ ക്ക് ഒരിക്കലും പിരിയാന്‍ ആവില്ല എന്ന് . തമ്മില്‍ അത്രയും അടുത്ത്‌ പോയെന്ന് .

അവര്‍ മൊബൈല്‍ നമ്പര്‍ പരസ്പരം കൈ മാറി . ഇപ്പോള്‍ രാത്രിയോ പകലോ എന്നില്ലാതെ നിരന്തരം ഫോണ്‍ വിളികളിലൂടെയും ഇന്റര്‍നെറ്റിലൂടെയും അവര്‍ പ്രണയത്തിന്‍റെ മായിക ലോകങ്ങളില്‍ ദേവനും ദേവിയുമായി സഞ്ചരിച്ചു .

ഇപ്പോള്‍ വിനീതയുടെ സ്വപ്നങ്ങളിലും ചിന്തകളിലും ഒരേ ഒരു മുഖം മാത്രമേയുള്ളൂ , ജിത്തുവിന്‍റെ ...
അവന്‍ അവള്‍ക്കു ആരൊക്കെയോ ആയി മാറി ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ .

അങ്ങനെയിരിക്കെ ഒരു ദിവസം ഫോണ്‍ ചെയ്തപ്പോള്‍ അവന്‍ അവളെ ഒരു സന്തോഷ വാര്‍ത്ത അറിയിച്ചു . താന്‍ നാട്ടില്‍ വരുന്നു എന്ന കാര്യം അതും വരുന്നത് കാലിക്കറ്റ് എയര്‍പ്പോര്‍ട്ടില്‍ ആണെന്നതും , ,,,,
ഇതു അറിഞ്ഞ അവള്‍ ഒത്തിരി സന്തോഷിച്ചു ... തന്‍റെ സ്വപ്നങ്ങളിലെ ദേവന്‍ തന്റെ മുമ്പില്‍ പ്രത്യക്ഷപെടാന്‍ പോകുന്നു .

പിന്നീട് വിളിച്ചപ്പോള്‍ അവന്‍ വരുന്ന തിയതിയും സമയവും അവളെ അറിയിച്ചു . അവളോട്‌ തന്നെയും കാത്തു എയര്‍ പോര്‍ട്ടില്‍ നില്‍ക്കുവാനും പറഞ്ഞു .

ക്കൂട്ടുകാരന്‍റെ ഒരു ഫോട്ടോ പോലും കാണാത്ത താന്‍ എങ്ങിനെ ആളെ മനസ്സിലാക്കും എന്ന അവളുടെ ചോദ്യത്തിന് അവന്‍ പറഞ്ഞ ഉത്തരം എന്‍റെ കയ്യില്‍ ഒരു പ്ലേ കാര്‍ഡ് ഉണ്ടാകും അതില്‍ ഒരു ലൌ ചിഹ്നമുണ്ടാകും അതിനു താഴെ നിന്‍റെ പേരും ഉണ്ടാകും .

എയര്‍ പോര്‍ട്ടില്‍ എന്‍റെ വീട്ടുകാരും ഉണ്ടാകും എന്നെയും കാത്ത്‌ . അവിടെ വെച്ച് ഞാന്‍ നിന്നെ അവര്‍ക്ക് പരിചയപ്പെടുത്തും . ഞാന്‍ ഇന്നലെ വിളിച്ചപ്പോള്‍ എന്‍റെ അമ്മയുടെ അടുത്ത്‌ നിന്‍റെ കാര്യം പറഞ്ഞിരുന്നു അമ്മയ്ക്ക് നിന്നെ കാണാന്‍ കൊതിയാവുന്നു എന്ന് പറഞ്ഞു ... അമ്മയ്ക്ക് ഇഷ്ട്ടമായാല്‍ ... ഉടനെ തന്നെ കല്യാണം നടത്തി തരുമെന്നും പറഞ്ഞു . നീ നിന്‍റെ വീട്ടുകാരോടും നമ്മുടെ കാര്യം തുറന്നു പറയുക .

'അയ്യോ .. ഞാന്‍ പറയില്ല ... എനിക്ക് എന്‍റെ അച്ഛനെ പേടിയാ ... അച്ഛന്‍ അറിഞ്ഞാല്‍ എന്നെ കൊല്ലും '

പിന്നെ എന്ത് ചെയ്യും ??? എന്നാല്‍ ഒരു കാര്യം ചെയ്യാം ... നീ എയര്‍ പോര്‍ട്ടില്‍ വരുക എങ്ങിനെയെങ്കിലും ..ആദ്യം നമ്മള്‍ തമ്മില്‍ കാണണം . പിന്നീട് എന്‍റെ വീട്ടുകാര്‍ തന്‍റെ വീട്ടുകാരുമായി ആലോചിക്കട്ടെ ... നീ വരുമോ എയര്‍ പോര്‍ട്ടില്‍ ????

'തീര്‍ച്ചയായും ഞാന്‍ വരാം '

'പക്ഷെ എനിക്ക് നിന്നെ എങ്ങിനെ മനസ്സിലാകും ??? '

'ഞാന്‍ പൂക്കള്‍ ഡിസൈന്‍ ചെയ്ത മഞ്ഞ ചുരിദാറുമായി കൂട്ടുകാരികളോടൊപ്പം അവിടെ ഉണ്ടാകും എന്‍റെ കയ്യില്‍ ഒരു ബൊക്ക ഉണ്ടാവും കൂട്ടുകാരനായ് .. '

അങ്ങിനെ ആ ദിനം വന്നു ചേര്‍ന്നു . അന്നേ ദിവസം അവള്‍ ഒരു കാര്‍ പിടിച്ചു അവനോട് പറഞ്ഞത് പോലെ വര്‍ണ്ണ പൂക്കളാല്‍ ഡിസൈന്‍ ചെയ്ത മഞ്ഞ ച്ചുരിദാറുമണിഞ്ഞു കയ്യില്‍ ഒരു ബൊക്കയുമായി തന്‍റെ കൂട്ടുകാരികളുമൊപ്പം കാലിക്കറ്റ് എയര്‍പോര്‍ട്ടിലേക്ക് യാത്രയായി .

വെസ്റ്റ്ഹിലിനടുത്ത് എത്തിയപ്പോള്‍ ... ഏതോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജാഥ കടന്നു പോകുന്നു . അവിടെ വഴി ബ്ലോക്കായി ... ഡ്രൈവര്‍ക്ക് വണ്ടി പിന്നോട് എടുക്കാന്‍ പറ്റിയില്ല അതിനു മുമ്പേ പിന്നില്‍ വാഹനങ്ങള്‍ നിറഞ്ഞു നിന്നിരുന്നു .. ..

മൂന്നു മണിക്കൂര്‍ നേരം അവര്‍ അവിടെ കുടുങ്ങി .. അവള്‍ വാച്ചിലേക്ക് നോക്കി . കൂട്ടുകാരന്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങേണ്ട സമയം കഴിഞ്ഞു പോയിരുന്നു . അവള്‍ ആകെ പരിഭ്രാന്തയായി. കൂട്ടുകാരികള്‍ അവളെ സമാധാനിപ്പിച്ചു .

അപ്പോള്‍ ആണ് അവളുടെ മൊബൈല്‍ റിങ്ങ് ചെയ്തത് . ആകാംഷയോടെ അവള്‍ അത് എടുത്തു .
അത് അവളുടെ കൂട്ടുകാരനായിരുന്നു ... അവളെ കാണാതെ അവനും പരിഭ്രമിച്ചിരുന്നു .
അവന്‍ പറഞ്ഞു ... 'വിഷമിക്കണ്ട നീ വന്നാലെ ഞാന്‍ പോകുകയുള്ളൂ നിന്നെയും കാത്ത്‌ ഞാന്‍ ഇവിടെ ഉണ്ട് '...

ഇപ്പോള്‍ അവളുടെ മുഖത്ത്‌ സന്തോഷവും കുറച്ചു നാണവും പ്രതിഫലിച്ചു .

റോഡിലെ ബ്ലോക്കുകള്‍ പിന്‍ വലിഞ്ഞപ്പോള്‍ ഡ്രൈവര്‍ വണ്ടി എടുത്തു കുറച്ചു സമയത്തിനു ശേഷം അവര്‍ എയര്‍ പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു .

യാത്രക്കാര്‍ ഇറങ്ങുന്ന സ്ഥലത്തേക്ക് കയ്യില്‍ ബൊക്കയുമായി കാറില്‍ നിന്നും ഇറങ്ങി ഓടി ... അവള്‍ .. പിന്നാലെ കൂട്ടുകാരികളും ...

ഓടി കിതച്ചു അവള്‍ അവിടെ എത്തിയപ്പോള്‍ അവള്‍ കണ്ടു . ലൌ ചിഹ്നവും തന്‍റെ പേരും അടങ്ങിയ പ്ലേ കാര്‍ഡുമായി നില്‍ക്കുന്ന ഒരാളെ ... അവള്‍ പതിയ അയാളുടെ അടുത്തെത്തി . ആ മുഖത്തേക്കു നോക്കി ...

ഒരു മധ്യവയസ്ക്കന്‍ ... അവള്‍ വീണ്ടും പരിഭ്രാന്തയായി.

' മോളെ വിനീതെ ... '

ഒരു സ്ത്രീ ശബ്ദം കേട്ടപ്പോള്‍ അവള്‍ തിരിഞ്ഞു നോക്കി . ഒരു മധ്യവയസ്ക്കയായ സ്ത്രീ .

'ഞാന്‍ ജിത്തുവിന്‍റെ അമ്മയാണ് .... ഇതു ജിത്തുവിന്‍റെ അച്ഛന്‍ , നിന്നെ പറ്റി ജിത്തു ഞങ്ങളോട് പറഞ്ഞിട്ടുണ്ട് . ഞങ്ങള്‍ക്ക് നിന്നെ ഇഷ്ട്ടമായി '. ...... ആ സ്ത്രീ പറയുന്നതെല്ലാം അവള്‍ കേള്‍ക്കുന്നുണ്ടെങ്കിലും അവളുടെ കണ്ണുകള്‍ ചുറ്റിലും അവനെ തിരയുകയായിരുന്നു ...

'മോള് ആരെയാ നോക്കുന്നത് അവനെയാണോ ??? ഇത്രയും കാലം കാത്തില്ലേ ... ഇനി കുറച്ചു നിമിഷങ്ങള്‍ കൂടി കാക്കൂ ... '

'അവന്‍ ഇന്ത്യന്‍ മണി വാങ്ങിക്കാന്‍ വേണ്ടി എക്സ്ചേഞ്ചിലോട്ട് പോയതാ ഇപ്പോള്‍ വരും ... ദ .. പറഞ്ഞു തീര്‍ന്നില്ല അവന്‍ അതാ വരുന്നു നോക്കൂ ... '

അവളുടെ മിഴികള്‍ ... സ്ത്രീ ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് നീണ്ടു . അവള്‍ കണ്ടു .... തങ്ങളുടെ അടുത്തേക്ക്‌ നടന്നു വരുന്ന ബ്ലാക്ക് ജീന്‍സും ഓറന്ജു ഷര്‍ട്ടും ധരിച്ച ആ സുന്ദരനായ ചെറുപ്പക്കാരനെ .

അവനും അവളെ കണ്ടു . അവന്റെ കാലുകള്‍ക്ക് വേഗത കൂടി . അവന്‍ ഇപ്പോള്‍ അവളുടെ അടുത്തെത്തി .
അവള്‍ കയ്യിലിരുന്ന ബൊക്ക വിറയാര്‍ന്ന കൈകളോടെ അവനു നേര്‍ക്ക്‌ നീട്ടി ..

അപ്പോള്‍ ഈ രംഗം കണ്ടു നിന്ന അവിടെ യുള്ള എല്ലാവരും കയ്യടിച്ചു .

നീണ്ടു നിന്ന കയ്യടി ശബ്ദങ്ങള്‍ക്കിടയില്‍ രണ്ടുപേരും കൊതി തീരെ മുഖാമുഖം നോക്കുകയായിരുന്നു .

' എടാ മതി നോക്കിയത് ... അധികം നോക്കിയാല്‍ അവള്‍ പേടിച്ചുപോകും ' ... ജിത്തുവിന്‍റെ അമ്മ പറഞ്ഞു .

അപ്പോള്‍ അവിടെ ഒരു കൂട്ടച്ചിരിയുണര്‍ന്നു .

--------- കാത്തിരിപ്പുകള്‍ ഒരിക്കലും വെറുതെയാവില്ല, .....ഹൃദയം കൊണ്ട് കാത്തിരുന്നാല്‍; ... പ്രണയിച്ചാല്‍! ,
കാത്തിരിപ്പുകള്‍ അവസാനിക്കാത്തിടത്തോളം ഓര്‍മ്മകള്‍ മരിക്കാത്തിടത്തോളം
പ്രണയം മരിക്കുന്നില്ല !!! .... പ്രണയത്തിനു മരണമില്ലെങ്കില്‍ ...... പ്രണയിക്കുന്നവര്‍ക്കും .... !!!!!!!!
----------------------------------------------------------------------------------------------------------------------------------------

സ്നേഹമൊഴികള്‍ (കവിത)


സ്നേഹം... !.
ഒരു പുഷ്പം .....
ഋതുഭേദങ്ങളുടെ
സഹായമില്ലാതെ .....
വിടരുകയും വളരുകയും
ചെയ്യുന്ന ഒരേ ഒരു
പുഷ്പം ......

സ്നേഹം...! .
സമയവും സന്ദര്‍ഭവും
നോക്കാതെ കടന്നു വന്നു
സ്നേഹിച്ചവരുടെ മുമ്പില്‍
നമ്മെ കോമാളി വേഷം കെട്ടിച്ചു
പറയാതെ കടന്നു പോകുന്ന
ഒരു നിഴല്‍...

സ്നേഹം...!.
ഒരു കടലാസ് കഷ്ണം കീറുന്ന
അതെ ലാഘവത്തോടെ
ചീന്തിയെറിയാനുള്ള
ഒരു വെറും പാഴ്വസ്തു .
പിച്ചി ചീന്തുമ്പോള്‍
കടലാസിനു വേദനിക്കാറുണ്ടോ
എന്ന് ആരും നോക്കാറില്ലല്ലോ .....

സ്നേഹം..!.
പൊട്ടിത്തകരുന്ന
സ്ഫടിക പാത്രം പോലെ ....
താഴെ വീണുടഞ്ഞാല്‍
പിന്നീടൊരിക്കലും
കൂട്ടിച്ചേര്‍ക്കാന്‍ ആകാതെ
പോകുന്ന സുതാര്യമായ ഒന്ന് .....

സ്നേഹം..!.
അടര്‍ന്നു പോകുന്ന
പൂവിതള്‍ പോലെ...
തളിര്‍ത്തു നില്‍ക്കുമ്പോള്‍ ,
പൂക്കുമ്പോള്‍ ,
വിടര്‍ന്നു നില്‍ക്കുമ്പോള്‍ ,
നല്ലതെന്നു ചൊല്ലി
അതിന്‍റെ സൌന്ദര്യം
ആസ്വദിക്കുന്നവര്‍ ...
അടര്‍ന്നു വീഴുമ്പോള്‍ ...
പെറുക്കി മാറ്റുന്നു ......
അതെ ; വാടി കരിഞ്ഞ്‌
അടര്‍ന്ന് പോകുന്ന
പൂവിതള്‍ പോലെയാണ്
നാം മറ്റുള്ളവരുടെ മനസ്സില്‍ .....

സ്നേഹം...!
ജ്വലിക്കുന്ന കനല്‍ പോലെ...
അണഞ്ഞു പോകാന്‍
തുടങ്ങുമ്പോള്‍
ഒരു ചെറു നിശ്വാസം
കൊണ്ട് പോലും
ആളി കത്തിക്കാന്‍
കഴിയുന്ന ഒരു ജ്വലയാണ് .....

നടന്നോള്ളൂ മനുജാ .... പക്ഷെ ! . സൂക്ഷിക്കുക !!! ....



കാലം നടക്കട്ടെ ....
മാനവരാം നമുക്കും നടക്കാം .... പിന്നാലെ ...

നടന്നോള്ളൂ മനുജാ ....
പക്ഷെ ! . സൂക്ഷിക്കുക !!! ........
വഴികളില്‍ മുള്ളുണ്ട് .

ലഹരിയെന്ന മുള്ള് .... ആഞ്ഞു കയറിയാല്‍
പുറത്തു വരില്ലൊരു നാളും ........

ലഹരിയില്‍ വാഴുന്ന മാനവര്‍
നാടിനും വീടിനും പാപികളോ???
അതോ ;
കണ്ടാള വര്‍ഗ്ഗത്തിന്‍ നേതാക്കളോ ???

ലഹരിക്ക്‌ ആണില്ലാ പെണ്ണില്ലാ
എല്ലാവരെയും വിഴുങ്ങും .....
വിഷമം വരുന്നൊരു മാനവന്
ലഹരി കിട്ടിയാല്‍ ... 'മനശാന്തി '

പണവും ആര്‍ഭാടവും ഉള്ള
ആണിനും പെണ്ണിനും
സുഖലോപങ്ങള്‍ക്ക് മധുരം നല്‍കാന്‍ ......
കുപ്പിയില്‍ വീഞ്ഞ് ....
അതിന്റെ പേരാണ് മദ്യം .

കല്യാണ പാര്‍ട്ടിയില്‍ ......... ,
കൂട്ടിനു ബ്രാണ്ടിയും , വിസ്ക്കിയും ......
കൂട്ടുകാരൊപ്പം കുടിക്കുന്നു ...
അച്ഛനും മകനും ....നൃത്തം ചെയ്യുന്നു ....
ശീലം തുടങ്ങാന്‍ സന്ദര്‍ഭം ഇവിടെ ......

ബാക്കി വരുന്നോരാ കുപ്പിയില്‍ .....
നിന്നെടുത്തു രുചിനോക്കും
നാരികളൂമുണ്ടീ .... ലോകത്ത് .....

ശീലമായി തുടങ്ങും .... ആസക്തിയായി ഒടുങ്ങും .

മദ്യം പൌരുഷത്തിന്‍ പ്രതീകമ്മെന്ന
മിഥ്യാ ധാരണയില്‍ .....
ഒടുങ്ങുന്നു ..... പുരുഷാരങ്ങള്‍ .

പാവമാം മര്‍ത്ത്യന്‍റെ
ഞരമ്പുകള്‍ തളരുന്നു
കരളും കുടലും തളരുന്നു
മാറാരോഗത്താല്‍ മനിതന്‍
വലയുന്നു .................

കുടുംബനാഥന്‍ കുടുംബത്തെ മറക്കുന്നു .
കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നു .......
ഉറക്കപായയില്‍ കിടന്നുറങ്ങും ,
പൈതലാം മകളുടെ മാനം എടുക്കുന്നു ...
ജന്മം കൊടുത്തോരാ പിതാവ് ......

സുന്ദരിയാം പെണ്‍കൊടി ബോയ് ഫ്രെണ്ടുമൊപ്പം
മദ്യത്തില്‍ നീരാടി .... ഹോട്ടലില്‍ തങ്ങി
വിലപ്പെട്ടതെല്ലാം നല്‍കുന്നു ...
ഒളി കാമറ ഇതെല്ലാം കാണുന്നു ....
നാളെയിറങ്ങും നീല സി . ഡിയില്‍
മാലോകരും കാണുന്നു പെണ്ണിന്‍റെ മാനം .

കോളേജില്‍ ചെത്തി നടക്കും കുമാരന്മാര്‍
ബാറില്‍ കയറുന്നു ലാര്‍ജൊന്നു വീശുന്നു ,
വഴിയില്‍ കാണുന്ന കുമാരിമാര്‍ക്ക്
അസഹ്യമാം കമന്റും നോട്ടവും ,
പോരാത്തതിന് നഷ്ട്ടപെടുന്നൂ മാനവും .

ലഹരിയില്‍ നീരാടും യുവാക്കള്‍
അടിപിടി കൂടുന്നു .............
ഒരുവന്‍ മൂര്‍ച്ചയാം കഠാരയൊന്നില്‍
പിടി മുറുക്കുന്നു ..........
കഠാര അപരന്റെ നെഞ്ചില്‍
ആഞ്ഞിറങ്ങുന്നു ............
ചുടു ചോര ചിതറി തെറിക്കുന്നു ........
അപരന്‍ സഹനത്താല്‍
നീറി പിടഞ്ഞു മരിക്കുന്നു .

ചൊല്ലിയാല്‍ തീരാത്ത
ലഹരി തന്‍ കഥകള്‍ ....

ശീലമായി തുടങ്ങി .... തീവ്രമായി
പിന്നീട് ആസക്തിയായി ....
മനുഷ്യ ജന്മത്തെ കൊന്നൊടുക്കും
ഈ ലഹരിയില്‍ നിന്ന് .... ;
എന്നാണ് മോചനം മാനവ ജനതയ്ക്ക് ????

2009 ഏപ്രിൽ 19, ഞായറാഴ്‌ച

രണ്ട് വിട പറയലുകള്‍















വിട 1 .

-----------------
അവന്‍ പ്രണയിക്കുകയായിരുന്നു അവളും

ആ വസന്തകാലത്തിലേക്ക് മഴനൂലുകള്‍

സംഗീതത്തിന്‍റെ ഇന്ദ്രജാലം വിരിയിക്കുമെന്നു

അവര്‍ വിശ്വസിച്ചു ....................

ഹൃദയത്തിലെയും കണ്ണുകളിലെയും പ്രണയം

ആ മഴക്കായി കാത്തിരുന്നു .....................


വസന്ത കാലത്തിലെ ഒരു വൈകുന്നേരം നേര്‍ത്ത മഴ നൂലുകള്‍

അവരുടെ മൌനത്തിലേക്ക് അലിഞ്ഞിറങ്ങി ..............

ഹൃദയങ്ങളുടെ സംവാദത്തിനപ്പുറം വാക്കുകള്‍

അന്നാദ്യമായി അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നു .............

കാലങ്ങളായി കാത്തിരുന്ന ശബ്ദം തനിക്കരികില്‍

അവന്‍ കണ്ണുകള്‍ അടച്ചു ............

പതുക്കെ വളരെ പതുക്കെയാണ് അവള്‍ പറഞ്ഞത്

"ഞാന്‍ നടന്നകലുകയാണ് പുതിയ ഒരു വഴിയിലൂടെ

എന്നെ സ്നേഹിച്ചിരുന്നോ ! ഞാന്‍ ചോദിച്ചത്

എന്‍റെ ഒരു സമാധാനത്തിനു വേണ്ടി ........"

അവന്‌ കണ്ണ് തുറക്കാനേ കഴിഞ്ഞില്ല .....

മഴയുടെ നനവ് അവന്‍റെ കണ്ണുകളിലേക്ക് പടര്‍ന്നിറങ്ങി .....

"ഇല്ല ഞാന്‍ സ്നേഹിച്ചിരുന്നുവെങ്കില്‍ ഇപ്പോഴേ ...."

മുറിഞ്ഞു പോയ വാക്കുകളിലൂടെ അവന്‍ മഴയിലേക്ക്‌ ഇറങ്ങി നടന്നു

മഴ പിന്നെയും പെയ്തുകൊണ്ടേ ഇരുന്നു ...

നില്‍ക്കാത്ത മഴ .........


********************************************************

വിട 2 .
----------

വിട പറയുകയാണ്‌ അവര്‍ ; ......

' രണ്ട്‌ പേരും ' ... ചിന്തിച്ചു .

പിരിയുവാന്‍ നേരമാകുമ്പോളെന്തിന്
പതിവുകള്‍ മുടക്കുന്നു
വിട ചൊല്ലുവാനായിട്ട് ഇത്തിരി മൌനം
നമുക്കും കടമായെടുക്കാം

കരളുകള്‍ പരസ്പരം
കൈമാറി ഇത്രനാള്‍ കനവു കണ്ടില്ലേ ?.

കരയുവാന്‍ നോക്കേണ്ട .
കണ്ണുകളില്‍ ആ നിന ബാഷ്പമുണ്ടോ ?.

വിതുംബുവാന്‍ തുനിയേണ്ട .
ച്ചേതനയിലിനിയും വികാരങ്ങളുണ്ടോ ?.

ഇടവേളയില്‍ ഞാന്‍ പകര്‍ന്ന ദുഃഖങ്ങളെ
തിരികെ തന്നേക്കൂ ...

സമയമില്ലയിനിയേറെ ...
സമയമില്ലയിനിയേറെ - പിരിയുവാന്‍

ഇനിയെന്ത് ? . ബന്ധം ...

പതിവുകള്‍ വിട ചൊല്ലി

പിരിയാതിരിക്കാനായ്
'വിട' എന്നോരീ മൂക മന്ത്രം ....


*************************************
പ്രണയം മനസ്സില്‍ സൂക്ഷിച്ചു വിട പറഞ്ഞവര്‍ക്കും ,പ്രണയം ഇപ്പോള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും ,
പുതുതായി പ്രണയിക്കുന്നവര്‍ക്കും ,പ്രണയം ഇഷ്പ്പെടുന്നവര്‍ക്കുമായ് ....ഞാന്‍ ഇതു സമര്‍പ്പിക്കുന്നു .....

സ്നേഹപൂര്‍വ്വം ; നിങ്ങളുടെ സ്വന്തം , കൂട്ടുകാരന്‍ ,സിജാര്‍ വടകര



Find more music like this on koottam

ഈ ലോകത്ത് ഇനി തിരിച്ചുകിട്ടാന്‍ എന്തുണ്ട് ? .


ലോകം ... ! ,
മുഷിഞ്ഞ ഡ്രസ്സ് അഴിച്ചു മാറ്റി
പുതിയത് ധരിക്കുന്ന
അതെ ലാഘവത്തോടെ
പുതുമ തേടി പായുന്ന
ഒരു പറ്റം മനുഷ്യരുടെതാണ് ...

ലോകം ... ! ,
മനസ്സ് കാണാന്‍ കഴിയാത്ത
അതിന്‍റെ സത്യം അറിവില്ലാത്ത
സ്വാര്‍ത്ഥരായ ഒരു പറ്റം മനുഷ്യ ജന്മങ്ങള്‍ ...
അവരുടെതാണീ ലോകം...

ഈ ലോകത്തിലെ ക്ഷണികമായ
ഈ ജീവിതത്തെ ഞാന്‍ സ്നേഹിക്കുന്നു .....
ആരും എന്നെ സ്നേഹിച്ചില്ലെങ്കിലും .....


ജീവിതത്തിന്‍റെ ഇടവേളകളെ വിരസമാക്കാതെ
ജല്പനങ്ങളെ ഏറ്റുവാങ്ങാന്‍ വേണ്ടി
മാത്രം വിധിക്കപ്പെടുന്ന വാക്കുകളില്‍
കബളിക്കപ്പെട്ടവന്‍റെ ജാള്യത
എന്നെ എവിടെയൊക്കെയോ
വെറുക്കാന്‍ പ്രേരിപ്പിയ്ക്കുന്നു ......

തീരം തലോടുന്ന തിരമാലകള്‍
മായ്ച്ചു കളഞ്ഞ സ്നേഹം
ശബ്ദം നശിച്ചവന്റെ കീഴടങ്ങല്‍ പോലെ
മൂകമായിരിക്കുന്നു ......

ഈ ലോകത്ത് ഇനി തിരിച്ചുകിട്ടാന്‍ എന്തുണ്ട് ..... ????

ജീവിതം അങ്ങനെയൊക്കെയാണ് ...

മോഹങ്ങളൊക്കെയും പ്രതീക്ഷയുടെ
പട്ടുനൂല്‍ കൊണ്ട് പുതച്ച് .... ,
കൊണ്ട് നടക്കാന്‍ പ്രേരിപ്പിച്ച്‌ .... ,
സ്വപ്നങ്ങളിലൂടെ സഞ്ചരിച്ച്‌ .... ,

പിന്നീടെപ്പോഴോ ......... ;

ആരും കാണാതെ .... ആരോടും പറയാതെ ....
എല്ലാം തിരിച്ചെടുത്ത്‌ ... ,
കന്നുനീരിന്‍റെ നനവിനെ
കാലത്തിന്‍റെ കുസൃതിയാക്കി
കാത്തിരിപ്പിന്‍റെ നൊമ്പരങ്ങള്‍ സമ്മാനിച്ച് .... ,
പുതു വഴികള്‍ കാണിച്ച് ............... ,

ഇനിയുള്ള കാലം ........
ഉയരങ്ങളുടെ സാമ്രാജ്യം കീഴടക്കാന്‍
ഉപദേശിച്ച് .......... ,
വീണു പോയതിനോക്കെയും പുത്തന്‍ മാനങ്ങളാല്‍ ചാര്‍ത്തി
പ്രതീക്ഷയെന്ന പേര് നല്‍കി .... ,

പിന്നെയും മറ്റൊരു ലോകത്തിന്‍റെ
സുന്ദരമായ കിളിവാതിലിലൂടെ ,
കിനാവുകളിലൂടെ
വസന്തം വിരിയിക്കാന്‍ ആഗ്രഹിപ്പിച്ച് ....
പരാജയങ്ങളെ ജീവിതനുഭവമാക്കി
പുതിയ പാഠങ്ങള്‍ പഠിപ്പിച്ച് ...

ഒടുവില്‍ ...

ദുഃഖങ്ങളെ ..... , കണ്ണുനീരിനെ ....., വേദനയെ .... ,
പുഞ്ചിരിയാക്കി ..... മാറ്റുന്ന
ഈ ജീവിതമെന്ന മായാജാലവും കാട്ടിത്തന്ന് ...
അങ്ങനെ.... അങ്ങനെ...... അങ്ങനെ .....

ഞാനും ... നീയും ...(കവിത)


നീ ജീവിക്കുന്നത് സ്വപ്‌നങ്ങള്‍
സത്യമായ താഴ്വരയിലാണ് ...........

ഞാനോ ,
സ്വപ്‌നങ്ങള്‍ മിഥ്യയായ
നൊമ്പരത്തിലെ അഗ്നി ജ്വാലയിലും ........

തടാകത്തിലെ കുഞ്ഞോളങ്ങളോടൊപ്പം
നൃത്തം ചെയ്യുന്ന നിന്‍റെ മനസ്സ് ശാന്തം ....

വറ്റിയ ചോരചാലുകളില്‍ വിധിയെ തിരക്കുന്ന
ഞാനോ, അസ്വസ്ഥതയുടെ തടവറയിലും ......




സ്പന്ദനം നിലച്ചുപോയോ എന്ന് ; ...
പ്രത്യക്ഷമായും , പരോക്ഷമായും
നിരീക്ഷിക്കുന്ന , പരീക്ഷിക്കുന്ന
കാഴ്ച്ചകന്മാരുടെ നിയന്ത്രണത്തിലാണ് ഞാന്‍ .....

നീയോ ,
തുവല്‍ സ്പര്‍ശത്തിലമര്‍ന്നു
ആവശ്യമായ ആനന്ദം അനുഭവിക്കുകയാണ്
വീണ്ടും …. വീണ്ടും ...…

ഓ .. എന്‍റെ ആത്മാവേ .........

എനിക്ക് നിന്നെ എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു ....
എന്‍റെ ജീവിത വിഭ്രാന്തികള്‍
എന്നില്‍ നിന്നുയര്‍ന്നു ....
എന്നില്‍ തന്നെ മാറ്റൊലി കൊള്ളുന്നു .....

നീ എനിക്ക് എഴുതാന്‍ കഴിയാത്ത
കവിതയുടെ വേദനയാകുന്നു ......
എന്‍റെ ഹൃദയ വ്യഥയുടെ
അപാരതയില്‍ നിന്‍റെ ശബ്ദം
തുഷാരമായി അലിഞ്ഞു ചേരുമ്പോള്‍ ....

ഞാന്‍ ; ...
ജീവിതവും മരണവുമില്ലാത്ത
ഭാവനയുടെ സരോവരത്തില്‍
ഹൃദയ വീണ മീട്ടി ഭ്രാന്തമായി പാടും ......
കേള്‍ക്കാന്‍ ആരുമില്ലാതെ .......



Find more music like this on koottam

ഒടുവില്‍ , തൂലിക ചലിച്ചു നിനക്ക് വേണ്ടി (പ്രണയം)


ഒരുക്കങ്ങളും , തെയ്യാറെടുപ്പുകളും
ഇല്ലാതെ , ജീവിതത്തില്‍ ഒഴുകിയെത്തുന്ന
കുറെ സന്തോഷകരമായ ദിനങ്ങള്‍ ........
ഒടുവില്‍ ഓര്‍മ്മകള്‍ ഒളിച്ചു വെക്കാതെ
തൂലിക ചലിച്ചു നിനക്ക് വേണ്ടി ...........


നിലാവ് പെയ്യുന്ന ഈ രാത്രിയുടെ മറവില്‍
ഈ സന്ദേശം കുറിക്കുമ്പോള്‍ അറിയാതെ
മനസിലൊരു ആരാമമുതിരുന്നു ......... ..

പെയ്തൊഴിയാത്ത മഴയാണ് നീ .........
തീരരുതെന്ന് കൊതിക്കുന്ന
കവിതയാണ് ...നീ ...........

ഇട നെഞ്ഞിലുറഞ്ഞ സ്വാന്തനമാണ് നീ .......
കണ്‍ കോണില്‍ ഒലിക്കുന്ന കിനാവാണ് നീ .........
നിദ്രയില്‍ തലോടുന്ന താരാട്ടാണ് നീ .........
എന്‍റെ മരുഭൂവില്‍ തളിര്‍ത്ത
മരുപ്പച്ചയാണ്‌ നീ .............

വിദൂരതയിലും എനിക്കായ് ഉയരുന്ന
പ്രാര്‍ത്ഥനയാണ് നീ ........
കാണാതെ കണ്ട കാഴ്ചയാണ്‌ നീ .....
എത്താതെ എത്തിപ്പിടിക്കുന്ന
മോഹമാണ് ......നീ ..........

തെന്നലേ നീ എന്നെ തഴുകി തഴുകി
ദൂരേക്ക്‌ പോവുകയാണോ ................
നീ എന്നില്‍ ആരില്‍ നിന്ന് ഉണര്‍ത്തിയാ ; ....
സുഗന്ധമാം ... മന്ദമാരുതന്‍ ...

എന്‍റെ നെഞ്ജിലെ രോമകൂപങ്ങളില്‍
മന്ദം തഴുകി പോയതെന്തേ ..........
നിന്നിലെ തലോടല്‍ എന്‍റെ നെഞ്ചില്‍
ഒരായിരം മഞ്ഞു തുള്ളികള്‍ തൂവുന്നു .........

പറയാതെ പോയ മൊഴികളും
കാണാതെ പോയ ഹൃദയ താളവും
നിനക്കായ് കാത്തിരുന്ന
സായന്തനങ്ങളും .........

മനസ്സിന്‍റെ നൊമ്പരം ഒളിപ്പിച്ചുവെച്ച
ആ രാത്രികളും ...........
ഈ ജീവിതത്തില്‍
ഒരിക്കല്‍ കൂടി വന്നെത്തിയെങ്കില്‍

ഓര്‍മ്മതന്‍ മിഴിച്ചെപ്പില്‍ നിന്നും ഒരായിരം ,
മഞ്ചാടി മണികള്‍ ഉതിര്‍ന്നു വീഴുന്നു ........

പൂക്കള്‍ കൊഴിഞ്ഞു വീഴുന്ന
വാക മരത്തണലില്‍ ഞാന്‍
ഓര്‍ത്തിരുന്നത് നിന്നെയായിരുന്നു ..........
കാത്തിരുന്നത് നിന്‍റെ പദനിസ്വനം .........

കഴിഞ്ഞു പോയ ആ നല്ല നാളുകള്‍ ,
ഒരിക്കല്‍ കൂടി വന്നുവെങ്കില്‍ ........
അറിയാതെയെങ്കിലും ഞാന്‍
മോഹിച്ചു പോകുന്നു .........

വെറുതെ മൊഴിഞ്ഞ വാക്കുകള്‍ക്കു
ശബ്ദമില്ലാതെ പോയത്
നിന്‍റെ മൌനത്തിന്‍റെ ശക്തി കൊണ്ടായിരുന്നോ ...?

ആശിച്ച പോലെ ഒന്നും കാണാതെ പോയതും ,
ദൂരേയ്ക്ക് നടന്നകന്നതും
നിന്‍റെ മൌനം എനിക്ക് നല്‍കിയ സ്നേഹ സമ്മാനങ്ങളായിരുന്നോ . ..?

പ്രതീക്ഷകള്‍ തണുത്തുറഞ്ഞ ഈ നിമിഷം
എവിടെയായാലും .................
ഒരിയ്ക്കലെങ്കിലും ................
ഒരു വാക്കെങ്കിലും .............
നിനക്ക് പറയാമായിരുന്നില്ലേ .....???

2009 മാർച്ച് 30, തിങ്കളാഴ്‌ച

കല്ലായി പുഴയുടെ തീരങ്ങളില്‍ (കഥ )


ചെഞ്ചായം വീശുന്ന അസ്തമയ സൂര്യന്റെ വര്‍ണ്ണ ശോഭയില്‍ ഇള്ളം തെന്നലേറ്റ്‌, കളകളാരവം മുഴക്കി കല്ലായി പുഴ ഒഴുകുന്നു .......
കല്ലായി പുഴയുടെ ഓരം പറ്റി ഒരു കടവ് .... അക്കരെക്കു പോകാന്‍ കടത്തു വള്ളം ആളുകളെയും കയറ്റി തയ്യാറായിട്ടിരിക്കുന്നു .

' കൂയ് ' ........

' ഇനി ആരെങ്കിലുമുണ്ടോ അക്കരേയ്ക്ക് വരുന്നോര് '....
കടത്ത് വള്ളക്കാരന്‍ ഹൈദ്രോസ്ക്ക കരയിലേക്ക് ..... നീട്ടി വിളിച്ചു കൊണ്ട് ചോദിച്ചു .

' ഉണ്ടേയ് ' ....................

വള്ളത്തിലിരുന്ന എല്ലാവരും ആ ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി .
അത് അവളായിരുന്നു ' റസിയ ' പതിനേഴു ക്കാരി പെണ്ണ് മര കച്ചവടക്കാരന്‍ സുലൈമാനിക്കാന്‍റെ മോള് .

'' വെളുത്തു മെലിഞ്ഞ് സുന്ദരിയായ അവളെ കണ്ടാല്‍ ആരും ഒന്ന് നോക്കി പോകും . ആയിരം പൂര്‍ണ ചന്ദ്രന്‍റെ നിലാവൊത്ത മൊഞ്ചത്തി പെണ്ണ് ........ ;ചുവന്ന താമര പോലുള്ള ചുണ്ടുകള്‍ ; കണ്‍മഷി എഴുതിയ അഴകുള്ള കണ്പീലികള്‍ ; സ്വര്‍ഗ്ഗത്തില്‍ നിന്നും വന്ന ഹൂറി (സ്വര്‍ഗ്ഗറാണി) ആണെന്ന് തോന്നും വിതം മൊഞ്ചുള്ള പെണ്ണ് ''

അവളുടെ കൈകളില്‍ കിടന്ന കുപ്പി വളകളുടെ കിലുക്കം അടുത്ത്‌ വരുന്തോറും മുഴങ്ങി കേള്‍ക്കുന്നുണ്ടായിരുന്നു .

കണങ്കാല്‍ കാണും വിധം പാവാട തെറുത്ത് മടിയില്‍ കുത്തിവെച്ച് കസവുതട്ടം മുടിപ്പിന്‍ വെച്ച് ഊര്‍ന്നുപോവാത്തവിധം തലയിലിട്ട് കുപ്പിവളകള്‍ കിലുക്കി ഓടി കിതച്ചു കൊണ്ട് അവള്‍ വള്ളത്തിന്‍റെ അരികിലെത്തി .

റസിയ വള്ളത്തില്‍ കയറിയ ഉടന്‍ വള്ളക്കാരന്‍ ഹൈദ്രോസ് കരയില്‍ ഇറങ്ങി കെട്ടിയ വള്ളത്തിന്റെ കയറു അഴിച്ചു മാറ്റി തിരിച്ചു വന്നു വള്ളത്തില്‍ കയറി അക്കരെ ലഷ്യം വെച്ച് തുഴയാന്‍ തുടങ്ങി .....

' ഹൈദ്രോസ് ക്കാക്ക് എന്താ ഇത്ര തിരക്ക് ' .... ആള് വരുന്നതു കണ്ടൂടെ ....

' കണ്ടു . അതോണ്ടല്ലേ വള്ളം നിര്‍ത്തിയെ ' ....

' ഇങ്ങള് എന്നേം കൂട്ടാണ്ട് പോവണ്ട പരിപാടിയായിരുന്നു ... ഞാനാര് മോള് ... അങ്ങനെ വിടൂല '...

' ഹോ പിന്നെ ... നീയാരാ കുവൈത്ത് ഷെയ്ക്കിന്റെ മോളോ ???? '

' ഒരൊറ്റ കുത്തങ്ങു വെച്ചേരും ഇങ്ങക്ക് തമാശാക്കല് കുറച്ചു കൂടുതലാ ....'

' കുത്താന്‍ ഇന്ഞിങ്ങു പോര് ... അള്ളോ ... ഇവളുടെ നാക്ക് കണ്ടാ ..'

'പ്രായപൂര്‍ത്തിയായി വലിയ പെണ്ണായി ... എന്നിട്ടും കുട്ടികളി മാറിയില്ല .. നിന്‍റെ കൂട പഠിച്ച ബീരാനിക്കാന്റെ മോള് ഫാസില നിക്കാഹും കഴിഞ്ഞു രണ്ടു പെറ്റു . ഇങ്ങനെ പോയാല്‍ നിന്നെ ആരാ കെട്ടാന്‍ വരുന്നേ ??? .. ' ... വള്ളത്തിലിരുന്ന വടക്കേതിലെ നാണി അമ്മ പറഞ്ഞു .

' അയിന് ഞാനെന്തു വേണം ഓളോട് പെറാന്‍ ഞാന്‍ പറഞ്ഞില്ലല്ലോ ... നാണി അമ്മേ '

' എന്നെ കെട്ടാന്‍ വരും ബദറുല്‍ മുനീറിനെ പോലെ മൊഞ്ചുള്ള ഒരു സുല്‍ത്താന്‍ നിങ്ങള് നോക്കിക്കൊളിന്‍ '

അവരുടെ വര്‍ത്തമാനങ്ങള്‍ കേട്ട് വള്ളത്തിലിരുന്ന എല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു .... ' ഒരാള്‍ ഒഴിച്ച് ' .....

വള്ളത്തിന്‍റെ ഓരം പറ്റി ഇരിക്കുന്ന ച്ചുരുള മുടിയുള്ള സുന്ദരനായ ചെറുപ്പക്കാരന്‍ ,,, കയ്യില്‍ ഒരു മാസിക ഉണ്ട് അവന്‍റെ ശ്രദ്ധ മുഴുവന്‍ അതില്‍ ആയിരുന്നു ...

അവന്‍റെ പേര് ആണ് ഷെമീര്‍ .... വടകര താഴെ അങ്ങാടി സ്വദേശിയാണ് പുതിയ ആളാണ്‌ മര പണിക്കു വേണ്ടി വന്നതാണ് കല്ലായിയില്‍.

' അല്ല ഹൈദ്രോസ്സുക്കാ .... ഇമ്മളെ തോണീല് പുതിയൊരു ചങ്ങായീനെ കാണുന്നുണ്ടല്ലോ ഇത് ആരാ ...
ഇവിടെള്ളോരെല്ലാം ചിരിക്കാണ് ഇയാള്‍ക്ക് എന്താ ചിരിയൊന്നും വരൂലേ ... അയാളും ... അയാളെ ഒരു മാസികേം ...... '
ചെറുപ്പക്കാരന്‍ കേള്‍ക്കെ ഉച്ചത്തിലാണ് അവള്‍ അത് ചോദിച്ചത് .

' അത് ഷെമീര്‍ ... വടകരക്കാരനാണ് ഒരു ആശാരി പയ്യന്‍ .... ഇവിടെ വന്നിട്ട് ഒരു മാസമേ ആയുള്ളൂ ...'

' ഇടയ്ക്കു ഇതില് കയറാറുണ്ട് അപ്പോള്‍ ഇജ്ജു ഉണ്ടാവില്ല അതാ മുമ്പ്‌ കാണാഞ്ഞേ ... '

' ഹോ ... ഹോയ് ... ഇങ്ങക്ക് ചെവി കേള്‍ക്കൂലെ മാഷേ ... ഇങ്ങള് മിണ്ടൂലെ ... ' ഷെമീറിന്‍റെ മുന്നില്‍ കൈ നീട്ടി ചലിപ്പിച്ചു കൊണ്ട് കൊണ്ട് അവള്‍ ചോദിച്ചു

' എന്താ നെനെക്ക് വേണ്ടേ .... ??? ' ചെറുപ്പക്കാരന്‍ ദേഷ്യപ്പെട്ടു ചോദിച്ചു.

'ഞാന്‍ പരിജയമില്ലാത്തോലോട് മിണ്ടലില്ല ... നീ എവിടുന്നാ ഇപ്പൊ പൊട്ടി ഇറങ്ങി വീണേ .... എനിക്ക് നിന്നെ അറിയില്ല നീ ആരാ ???? ... '

' ഞാന്‍ ആരാന്നോ ... ഞാന് റസിയ പതിനേഴു ക്കാരി പെണ്ണ് , മര കച്ചവടക്കാരന്‍ സുലൈമാനിക്കാന്‍റെ മോള് ഇത്രെയും മതിയോ ..... ഡീട്ടെയില്സ്സ് .... '

' ഇന്ഞു ഏത് ഷെയ്ക്കിന്റെ മോളായാലും എനിക്കെന്താ ... നിന്‍റെ വയസ്സെല്ലാം എന്തിനാ എന്നോട് പറയണെ ...
ഞാന്‍ നിന്നെ നിക്കാഹ് കഴിക്കാന്‍ ഒന്നും പോണില്ല .... പൂതിയും വേണ്ടാ ....'

' ഹ ഹ ഹ ഹൈദ്രോസ്സ്‌ക്ക ഈ ചങ്ങായി പറഞ്ഞത് കേട്ടോ ഇങ്ങള് .... ഞാന്‍ ഇയാളെ കെട്ടാന്‍ പോണൂ പോലും ... കെട്ടാന്‍ പറ്റിയ പുയാപ്ല ... ആശാരി ചെക്കാ എന്നെ കെട്ടാന്‍ പയിശയുള്ള ഗള്‍ഫുക്കാര് വരും .... ഇങ്ങള് ഇങ്ങളെ പാട് നോക്കി പോയിക്കോളിന്‍ അതാ ഇങ്ങക്ക് നല്ലത് '.....

'നിന്നെ കേട്ടുന്നോന്‍ കുടുങ്ങി '

' മോനെ ഷെമീറെ നീ ഇവളോട്‌ സംസാരിക്കാന്‍ നിക്കണ്ട .... നാടന്‍ ചീരാ പറങ്കി മുളകിന്‍റെ പോലുള്ള നാക്കാ ഇവളുടെത്‌ ...

ഹൈദ്രോസ്സ്ക്ക ഷെമീറിനോട് പറഞ്ഞു .

ഷെമീര്‍ അവളോട്‌ പിന്നെ ഒന്നും മിണ്ടാന്‍ പോയില്ല ...... അവന്‍ പതുക്കെ വീണ്ടും ആ മാസിക എടുത്തു വായിക്കാന്‍ തുടങ്ങി ........ . റസിയ ആവട്ടെ വള്ളത്തിലുള്ള മറ്റുള്ളവരോട് ....... വാ ത്തോരാതെ സംസാരിക്കുകയും ചെയ്യുന്നു ...

ഇടയ്ക്കു അവന്‍ എന്തെങ്കിലും പറയാന്‍ വേണ്ടി ..... കുത്ത് വാക്കുകള്‍ പറയുമെങ്കിലും അവന്‍ അതൊന്നും ശ്രദ്ധിച്ചതേയില്ല .

പക്ഷെ അവള്‍ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ... അവന്‍റെ പക്വതയാര്‍ന്ന ആ സ്വഭാവവും ... അവന്‍റെ ആ മൌനവും അവളെ അവനിലേക്ക്‌ ആകര്‍ഷിച്ചു .

പ്രണയത്തിന്‍റെ പരിമളം വീശികൊണ്ട് തെക്ക് നിന്നും ഒരു കുളിര്‍ക്കാറ്റ് അവളെ തഴുകി കൊണ്ടു വീശിയകന്നു ........... ഒട്ടേറെ പ്രണയങ്ങള്‍ , കവിതകള്‍ , ഗാനങ്ങള്‍ ,സിനിമകള്‍ സംഭാവന നല്‍കിയ കല്ലായി പുഴയുടെ ഓളങ്ങള്‍, ഇളം വെയിലില്‍ പ്രണയത്തിന്‍റെ പുതു പുത്തന്‍ വര്‍ണ്ണ ചിത്രങ്ങള്‍ വരച്ചു കൊണ്ടിരുന്നു
........

ഇപ്പോള്‍ റസിയയുടെ കണ്ണുകള്‍ ഷെമീറിന്‍റെ മുഖത്താണ് ... അവള്‍ ഇപ്പോള്‍ അവനെ ആസ്വദിക്കുകയായിരുന്നു ...

കടത്ത് വള്ളം കരയെ ലകഷ്യമാക്കി നീങ്ങി കൊണ്ടിരുന്നു ..... കര അടുക്കാറായി ...

മാസിക വായിച്ചു കൊണ്ടിരുന്ന ഷെമീര്‍ വായന നിര്‍ത്തി ..... നോക്കുമ്പോള്‍ തന്നെ മാത്രം നോക്കി നില്‍ക്കുന്ന റസിയയെ കണ്ടു .

അത് കണ്ടതും എളിഭ്യതയോടെ പുഞ്ചിരി തൂകി അവള്‍ നോട്ടം പിന്‍ വലിച്ചു .....

ആള്‍ക്കാരെയും വഹിച്ചു കൊണ്ടു വള്ളം കരയ്ക്ക്‌ അടുത്ത്‌ എത്തി .

വള്ളക്കാരന്‍ ഹൈദ്രോസ്സ് ക്ക പതിയെ വള്ളത്തില്‍ നിന്നിറങ്ങി വള്ളം കരയോട് അടുപ്പിച്ചു നിര്‍ത്തി .കയറെടുത്തു .... കരയിലോട്ടു കെട്ടി .

വള്ളത്തിലുള്ളവരെല്ലാം അവിടെ ഇറങ്ങി .

' ഹൈദ്രോസ്സ്‌ക്ക ... ഞാന്‍ പോവ്വാണ് ... ഇങ്ങള് ഇനിയെങ്ങാനും എന്നെ കൂട്ടാണ്ട് പോവാന്‍ നോക്കിയാല്‍ ഇങ്ങളെ ഞാന്‍ ആളെ വിട്ടു തല്ലിക്കും ..... '

' ഇന്ഞിങു .... പോര് തല്ലാന്‍ .... നെന്റെ ബാപ്പാനെ ഞാന്‍ കാണട്ടെ ... എല്ലാം ഞാന്‍ പറഞ്ഞു കൊടുക്കുന്നുണ്ട് .
നിന്നെ പെട്ടെന്ന് കെട്ടിച്ചു വിടാനും പറയുന്നുണ്ട് .... '

ഹോ പിന്നെ ഇങ്ങള് പറഞ്ഞിട്ട് എന്‍റെ നിക്കാഹ് നടന്നത് തന്നെ .... ഇത്‌ പറഞ്ഞോണ്ട് അവള്‍ നടന്നു നീങ്ങി ...

നടന്നു പോകുമ്പോള്‍ അവള്‍ ഷെമീറിനെ കണ്ടു .

എല്ലാ ദിവസവും കടവില്‍ വരാറുണ്ടോ ????
അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ടു ചോദിച്ചു

വരാറുണ്ട്‌ ... അവന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു .

നാളെയും ഉണ്ടാവോ ????

ഉണ്ടാവും

അപ്പോള്‍ മറ്റന്നാള്‍

ഉണ്ടാവും

ഞാനും ഉണ്ടാവും ... അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു ...

അവള്‍ അവനെ നോക്കി ... അവളുടെ പ്രണയാര്‍ദ്രമായ കണ്ണുകള്‍ അവന്റെ കണ്ണുകളില്‍ ഉടക്കി ..
അവന്‍ അവളെ നോക്കി ചിരിച്ചു .

ഒരു ഹൃദയത്തില്‍ നിന്ന് മറ്റൊരു ഹൃദയത്തിലേക്ക് വര്‍ണ്ണ ചിറകു വിടര്‍ത്തി പ്രണയം കുളിരരുവിയായി ഒഴുകുന്നത്‌ അവര്‍ രണ്ടു പേരും അറിഞ്ഞു .

'ഞാന്‍ പോട്ടെ '
'
പൊയ്ക്കോ ' അവന്‍ പറഞ്ഞു ...
അവള്‍ അവിടെ നിന്നും നടന്നു നീങ്ങി .

നടന്നു നീങ്ങും തോറും ഇടയ്ക്കിടെ റസിയ തിരിഞ്ഞു അവനെ നോക്കുന്നുണ്ടായിരുന്നു .

പിന്നീട് സംഭവിച്ചതെല്ലാം ധൃതിയിലായിരുന്നു യാദൃശ്ചികമാണോ അതോ മനപ്പൂര്‍വമാണോ എന്നറിയില്ല അവര്‍ രണ്ടു പേരും , പല പ്രാവശ്യം കണ്ടുമുട്ടി , കല്ലായി പുഴയുടെ തീരങ്ങളില്‍ , വഴിയോരങ്ങളില്‍ ,,, അങ്ങനെ ... പലയിടങ്ങളില്‍ വെച്ചും അവര്‍ അവരുടെ പ്രണയ നിമിഷങ്ങള്‍ കൈ മാറി ... ആ ബന്ധം അവസാനം .... അവരെ രണ്ടു പേരെയും പിരിയാത്ത വിധം അടുപ്പിച്ചു .

ഈ ബന്ധം ആരോ റസിയയുടെ വാപ്പ സുലൈമാനിക്കാന്‍റെ ചെവിയില്‍ എത്തിച്ചു .

ദേഷ്യത്താല്‍ പൊട്ടി തെറിച്ച റസിയയുടെ വാപ്പ അവളെ ... കണക്കിന് ശകാരിക്കുകയും ... അവളെ അടിക്കുകയും ചെയ്തു . അവളെ രണ്ടു മൂന്നു ദിവസം ഒരു മുറിയില്‍ അടച്ചിട്ടു ... ഈ വിവരം റസിയയുടെ കൂട്ടുകാരി മുഖേന അറിഞ്ഞ ഷെമീര്‍ വല്ലാതെ വേദനിച്ചു ...

കുറച്ചു നാളുകള്‍ കഴിഞ്ഞു വഴി വക്കില്‍ വെച്ച് അവര്‍ വീണ്ടും യാദൃശ്ചികമായി കണ്ടു മുട്ടുന്നു ...

ഷെമീര്‍ അവളോട്‌ വീട് വിട്ടിറങ്ങാന്‍ പറയുന്നു ...

അങ്ങനെ ഒരു നാള്‍ അവള്‍ വീട്ടുകാരെ ഉപേക്ഷിച്ചു കൊണ്ട് ഷെമീറിന്‍റെ കൂടെ പോകുന്നു .

ഷെമീര്‍ അവളെ രജിസ്റ്റര്‍ വിവാഹം കഴിക്കുന്നു . ഷെമീര്‍ റസിയയെ കൂട്ടി അവന്‍റെ വീട്ടില്‍ പോയെന്കിലും വീട്ടുകാര്‍ അവന്‍റെ ഈ ബന്ധത്തിന് എതിര് നിന്നു ... അവരെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു

അവര്‍ തിരിച്ചു കല്ലായിലേക്ക് തന്നെ വരുന്നു ... ഇവരുടെ കഷ്ട്ടപാടുകളും ,ബുദ്ധിമുട്ടുകളും കണ്ടു മനസ്സിലാകിയ ആ നാട്ടിലെ നല്ല മനസ്സുള്ള ഒരു പ്രമാണി ..... അവര്‍ക്ക് വീട് വെക്കാന്‍ വേണ്ടി ഒരു ചെറിയ സ്ഥലം കല്ലായി പുഴയുടെ തീരത്ത് .... ദാനമായി കൊടുത്തു .

ഷെമീറിന് കാര്യമായ സമ്പാദ്യം ഒന്നുമുണ്ടായിരുന്നില്ല . ഉള്ള കാശ് കൊണ്ട് അവര്‍ അവിടെ ഒരു ഓലപുര കെട്ടി ....... മര പണി ചെയ്തു കിട്ടുന്ന കാശ് കൊണ്ട് ഒരു വിധം അല്ലലിലാതെ അവര്‍ ജീവിച്ചു പോന്നു ....

ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും അങ്ങനെ കടന്നു പോയി ,,, ഇന്ന് ഷെമീറിനും റസിയക്കും മൂന്നു കുട്ടികള്‍ ഒരു പെണ്ണും രണ്ടു ആണും

ആരും സഹായിക്കാനില്ലാത്ത ദിനങ്ങള്‍ അവരുടെ മുന്നിലൂടെ കടന്നു പോയി .

ഷെമീറിന് മുമ്പത്തെ പോലെ ഇപ്പോള്‍ ജോലി കിട്ടുന്നില്ല കാരണം റസിയയുടെ ബാപ്പ സുലൈമാനിക്ക നാട്ടിലുള്ളവരോടെല്ലാം പറഞ്ഞിരുന്നു ... അവനു ജോലി കൊടുക്കരുതെന്ന് ,,, പള്ളി കമ്മിറ്റി പ്രസിഡന്റായ അയാളുടെ വാക്കുകള്‍ എല്ലാവരും സ്വീകരിച്ചും പോന്നു ... ചിലര്‍ ദയ വിചാരിച്ചു ജോലി കൊടുക്കും ...
അങ്ങിനെ കിട്ടുന്ന കാശ് ... ആ കുടുംബത്തിനു മതിയാകുമായിരുന്നില്ല ...

റസിയ ഇന്നാകെ മാറി പോയിരുന്നു ...ശരീരം മെലിഞ്ഞു ഒരു പേക്കോലമായി മാറിപോയി ഇന്നവള്‍ . ഇന്നവള്‍ക്ക്‌ പഴയ ഉല്സാഹമില്ല കളിയില്ല ചിരിയില്ല കഷ്ട്ടപാടുകള്‍ അവര്‍ രണ്ടുപേരെയും അത്രയ്ക്കും തളര്‍ത്തിയിരുന്നു .... ഇന്ന് അവര്‍ക്ക് അവര്‍ മാത്രം ....
അവര്‍ ആലോചിച്ചു ... എന്താണ് താങ്കള്‍ ചെയ്ത തെറ്റ് ... സ്നേഹിച്ചു ഇഷ്ട്ടപെട്ടു ... പഴയ വിരോധം മറന്നു എപ്പോളെങ്കിലും ...
ബന്ധുക്കള്‍ താങ്കളുടെ ഒപ്പം നില്‍ക്കുമെന്ന് അവര്‍ ആഗ്രഹിച്ചു .. പക്ഷെ ആ പ്രതീക്ഷ അസ്ഥാനത്തായിരുന്നു ... ഒരിക്കല്‍ പോലും ... അവരെ കാണുവാനോ ... അവരെ അന്വേഷിക്കാനോ അവരുടെ ബന്ധുക്കള്‍ ആരും തന്നെ വന്നില്ല ...
അങ്ങനെയിരിക്കെയാണ് ....... ഒരു ദുരന്തം കൂടി അവര്‍ക്ക് കൂട്ടിനു വന്നത് ...

ഷെമീറിന്‍റെ കൈകാലുകള്‍ക്ക് തളര്‍ച്ച പിടിപെട്ടിരിക്കുന്നു ... മാനസിക വിഷമങ്ങളും , സാമ്പത്തിക പ്രശ്നങ്ങളും ഇന്നയാലെ നിത്യ രോഗിയാക്കി മാറ്റി ... ഇന്ന് ഷെമീറിന്‍റെ കുടുംബം പട്ടിണിയിലാണ് .... മുഴു പട്ടിണി . എപ്പോഴും നിലപൊത്താന്‍ സാധ്യത ഏറെയുള്ള ഓലയാല്‍ മേഞ്ഞ ... ആ ഓല പുരയിലെ ... ചാണകം മെഴുകിയ തറയില്‍ മലര്‍ന്നു കിടന്നുറങ്ങുന്ന കുട്ടികള്‍ ... പണമില്ലാത്തതിനാല്‍ കുട്ടികളെ സ്കൂളില്‍ പോലും ചേര്‍ത്താനായില്ല അവര്‍ക്ക് ... ഒരു തവി കഞ്ഞി അവര്‍ക്ക് കൊടുക്കാന്‍ വകയില്ല . ഓരോ തവണയും അവരുണരുമ്പോള്‍ കണ്ണീര്‍ തുളുമ്പി ഒഴുകുന്ന കണ്ണുകളോടെ റസിയ ഇരിക്കും ...
അവര്‍ ഭക്ഷണം ചോദിച്ചു കരയാന്‍ ശ്രമിക്കും .. കുറെ കഴിഞ്ഞാല്‍ അവരുടെ കണ്ണീര്‍ ഗ്രന്ഥികള്‍ കണ്ണീര്‍ ചുരത്താതാവും . പിന്നെ കരച്ചിലിന് ശബ്ദവും താളവും ഇല്ലാതാവും ...

സാധാരണ ദിവസങ്ങളിലെന്ന പോലെ ഇന്നും അയാള്‍ കല്ലായി ടൌണിലേക്ക് ചെന്നു ... തനിക്കു ചെയ്യാനാവുന്ന എന്തെങ്കിലും ജോലിക്ക് വേണ്ടി ,,,, ആരും അയാള്‍ക്ക്‌ ജോലി കൊടുത്തില്ല . അയാളുടെ വിഷമങ്ങള്‍ ആരും കണ്ടില്ല ... അറിയുന്നവര്‍ ആവട്ടെ അയാളെ അറിയാത്തത് പോലെ മാറിനിന്നു . അയാള്‍ ഒത്തിരി വിഷമത്തോടെ നിരാശനായി വീട്ടിലേക്കു തിരിച്ചു വന്നു .
സാധാരണ അയാള്‍ വരുമ്പോള്‍ പുരയ്ക്ക് പുറത്തു കാണാറുള്ള റസിയയെ ... അയാള്‍ തിരഞ്ഞു കണ്ടില്ല അയാള്‍ വീടിനു പിന്‍ ഭാഗത്തേക്ക് നടന്നു . പെട്ടെന്ന് എന്തിലോ തട്ടി വീഴുന്നത് പോലെ അയാള്‍ക്ക്‌ തോന്നി . എന്തോ പന്തികേട്‌ പോലെ ... നോക്കുമ്പോള്‍ അയാള്‍ കണ്ടത് നിലത്തു വീണു കിടക്കുന്ന റസിയയുടെ ശരീരമാണ് ... അയാള്‍ വാവിട്ടു കരഞ്ഞു ... പടച്ച തമ്പുരാനേ .... എന്‍റെ പ്രിയ പെട്ടവളെ നീ കൊണ്ട് പോയോ ... എന്തിനാ എന്റെ റസിയയെ വിളിച്ചു കൊണ്ട് പോയെ എനിക്ക് ഇനി ആരുണ്ട്‌ ... എന്‍റെ കുട്ടികളെ ആര് നോക്കും .
വേണ്ട എനിക്കും ഇനി ജീവിക്കണ്ട ... ഞാനും വരുന്നൂ റസിയ നിന്‍റെ അടുത്തേക്ക്‌
അയാള്‍ ദൃഡ നിശ്ചയം എടുത്തു ...

നേരെ തിരിഞ്ഞു അയാള്‍ പുരക്കു അകത്തേക്ക് കയറി . കുട്ടികള്‍ ഒന്നും അറിയാതെ വിശപ്പിന്റെ കാഠിന്യത്താല്‍ തളര്‍ന്നുറങ്ങുകയായിരുന്നു .
രണ്ടു കുഞ്ഞുങ്ങളെ അയാള്‍ കയ്യിലെടുത്തു . കുഞ്ഞുങ്ങളെയും എടുത്തു അയാള്‍ ... കല്ലായി പുഴയുടെ തീരത്തേക്ക് നടന്നു . ഒത്തിരി കവികള്‍ വാഴ്ത്തി പാടിയ കല്ലായി പുഴയിലേക്ക് ഓരോരുത്തരെയായി അയാള്‍ വെള്ളത്തിലെക്കെറിഞ്ഞു ... ഒന്ന് നില വിളിക്കുക പോലും ചെയ്യാതെ ആ കുട്ടികള്‍ കല്ലായി പുഴയുടെ ആഴത്തിലേക്ക് ആണ്ടു പോയി . വെള്ളത്തില്‍ വീഴുന്നവര്‍ ആദ്യം ഒന്ന് പൊങ്ങി വരും .. പിന്നെ താണ് പോകും അങ്ങിനെയാണ് പതിവ് . പക്ഷെ ഈ കുട്ടികള്‍ പൊന്തി വന്നില്ല .അവര്‍ ആദ്യ വീഴ്ചയില്‍ തന്നെ ആവോളം വെള്ളം ആര്‍ത്തിയോടെ കുടിച്ചു തീര്‍ത്ത്‌ കല്ലായിയുടെ ആഴങ്ങളിലേക്ക് താണു പോയി ... ഭ്രാന്തമായി പരവേശത്തോടെ അയാള്‍ വീണ്ടും പുരയിലേക്ക്‌ തിരിച്ചു വന്നു ...മൂനാമത്തെ കുട്ടിയേം എടുത്തു അയാള്‍ വിറയ്ക്കുന്ന കാലുകളുമായി പുഴയോരത്തെക്ക് പാഞ്ഞു ...ഉള്ളില്‍ വിശപ്പിന്റെ വിളി മരണ വെപ്രാളം പോലെ അയാളില്‍ ആളി പടര്‍ന്നു ... ഒഴുകാന്‍ ശക്തിയിലാതിരുന്ന രക്തം അവസാന യാത്രക്ക് വേണ്ടി അയാളുടെ ഉടലിനു ശക്തി പകര്‍ന്നു ....

ആ അവസാന കുട്ടിയെയും എടുത്തു അയാള്‍ കല്ലായി പുഴയുടെ ആഴങ്ങളിലേക്ക് എടുത്തു ചാടി . വെള്ളത്തില്‍ വൃത്തത്തില്‍ ഒരു രൂപരേഖ വരച്ചു തീര്‍ത്തു കല്ലായി പുഴയുടെ ഓളങ്ങള്‍ ആ ശവ ശരീരങ്ങളെയും വഹിച്ചു കൊണ്ട് അലകഷ്യമായി നീങ്ങി .......................


അപ്പോള്‍ അങ്ങ് ദൂരെ കല്ലായി പുഴയുടെ ഓരം പറ്റി വേറൊരു കടവില്‍ .... അക്കരെക്കു പോകാന്‍ കടത്തു വള്ളം ആളുകളെയും കയറ്റി തയ്യാറായിട്ടിരിക്കുന്നു .....

' കൂയ് ' ........

' ഇനി ആരെങ്കിലുമുണ്ടോ അക്കരേയ്ക്ക് വരുന്നോര് '....കടത്ത് വള്ളക്കാരന്‍ കരയിലേക്ക് ..... നീട്ടി വിളിച്ചു കൊണ്ട് ചോദിച്ചു .

മറുപടി കേട്ടില്ല .....

' ആരും ഇല്ല ' നമുക്ക് പോകാം ... ഒരു യാത്രക്കാരന്‍ പറഞ്ഞു ....

ഉടന്‍ വള്ളക്കാരന്‍ .... കരയില്‍ ഇറങ്ങി കെട്ടിയ വള്ളത്തിന്റെ കയറു അഴിച്ചു മാറ്റി തിരിച്ചു വന്നു വള്ളത്തില്‍ കയറി അക്കരെ ലഷ്യം വെച്ച് തുഴയാന്‍ തുടങ്ങി .....


ഈ നിമിഷങ്ങളില്‍ ... കല്ലായി പുഴയുടെ ഓളങ്ങള്‍, സൂര്യ താപത്താല്‍ .... താണ്ടവമാടി ...........

വേര്‍പെടുന്ന സൗഹൃദം (കവിത)




സൌഹൃദങ്ങള്‍ ഒരുപാട് കേട്ടറിഞ്ഞ
വാക്കുകളിലൂടെ
നീയും മൊഴിഞ്ഞു തുടങ്ങും .

മൌനം ചാലിച്ച സ്നേഹം കൊണ്ട്
മംഗളങ്ങള്‍ നേരും .
വേറിട്ട വഴിയെന്ന് ചൊല്ലി
കഴിഞ്ഞതിനൊക്കെയും നന്ദി പറയും .

വേര്പാടിന്‍റെ വേദന
പറഞ്ഞറിയിക്കും .
മറക്കാന്‍ കഴിയില്ലെന്ന് ഓര്‍മ്മപെടുത്തും .
സാഹചര്യങ്ങളിലെ കുറ്റം സ്വയം ഏറ്റെടുക്കും .

വിധിയെന്നോതി സാന്ത്വനമേകും .
ഇടറിയ മനസ്സിനെ പാകപ്പെടുത്തും .
ഒരു നോക്കിലൂടെ
കണ്ണുകള്‍ സ്നേഹത്തിന്‍റെ അവസാന കണികയും വലിച്ചെറിയും .

അറിയാതെ പൊഴിഞ്ഞ മിഴിനീരിലൂടെ
യാത്രാ മൊഴി ചൊല്ലും .

കണ്ടു നില്‍ക്കാന്‍ വിധിക്കപ്പെട്ടവന്‍റെ
നിസ്സഹായതയില്‍
ഒന്നും മിണ്ടാതെ ..നന്‍മകള്‍ നേര്‍ന്നു
പുറത്തു പുഞ്ചിരിച്ച്‌
പ്രാണന്റെ ഇഷ്ടം പ്രണയത്തിനപ്പുറമെന്നു
തിരിച്ചറിഞ്ഞ്
എന്തൊക്കെയോ പറഞ്ഞ്
ഞാനും തിരിച്ചു നടക്കും .

തോര്‍ന്നു തീരും വരെ
എന്‍റെ മിഴികളെ ഞാന്‍ മൂടിവയ്ക്കും .

ഒടുവില്‍ ..,
വഴിപിരിഞ്ഞു പോയ സൌഹൃദങ്ങളുടെ
പതിവു കാഴ്ചയായ് ... പുതിയ രൂപമായ്‌ ...
കാലം കരുതിവച്ച ഇരു വഴികളിലേയ്ക്ക്
ഞാനും നീയും നടന്നു തുടങ്ങും ...

മാറ്റത്തിന്‍റെ നിമിഷങ്ങള്‍ തേടി
പുതിയ ജീവിത യാത്രയിലേക്ക് .........